ADVERTISEMENT

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കല്യൂ‌ഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ രൂക്ഷവിമർശനവും ട്രോളുകളും. കല്യൂ‌ഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയാണ് താരത്തിന്റെ കാലില്‍ ഷൈജു ചുംബിച്ചത്. കല്യൂ‌ഷ്‌നിയുടെ ഇടതുകാൽ മടിയിൽ വച്ച് ഷൈജു ദാമോദരൻ കാലുകളിൽ ചുംബിക്കുകയായിരുന്നു.

ഇതു തന്റെ ചുംബനമല്ലെന്നും മുഴുവൻ കേരളത്തിനും വേണ്ടിയാണ് ഇതെന്നും പറഞ്ഞായിരുന്നു ചുംബനം. ഈ വാക്കുകളാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് കാൽ വലിക്കാൻ ശ്രമിക്കുന്ന കല്യൂ‌ഷ്‌നിയെയും വിഡിയോയിൽ കാണാം. എന്നാൽ ബലമായി പിടിച്ച് ഷൈജു ചുംബിക്കുകയായിരുന്നു. കേരളം മുഴുവൻ നിങ്ങളോട് കാലുകളോട് നന്ദി പറയുന്നുവെന്നും ഷൈജു പറഞ്ഞു.

ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നത്. ‘ഇതിന്റെ ആവശ്യം ഇല്ലായിരുന്നു.. ഷൈജു ചേട്ടാ.. വളരെ ബോറായി പോയി.. സ്നേഹം പ്രേകടിപ്പിക്കുന്നത് കാലിൽ ഉമ്മ കൊടുത്തിട്ടല്ല.’, ‘ഇത് കേരളത്തിന്റെ അല്ല ഷൈജുന്റെ മാത്രം കിസ്സ് ആണ്’, ‘ഓവറാക്കി ചളമാക്കാതെ’, ‘ ഉമ്മ വയ്ക്കണമെങ്കിൽ സ്വന്തം പേരിൽ വച്ചാൽ മതി, മലയാളികളുടെ മൊത്തം വേണ്ട’ എന്നിങ്ങനെയായിരുന്നു ആളുകളുടെ പ്രതികരണങ്ങൾ.

‘എല്ലാം കൊള്ളാം, പക്ഷേ ആ കിസ് ഒഴിവാക്കാമായിരുന്നു, അൽപം ഓവർ ആയോ എന്നു ഒരു സംശയം ', ‘കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ആണ് അതിൽ കളിക്കുന്ന എല്ലാ പ്ലയേഴ്‌സും വിലപ്പെട്ടതാണ്.. ഇവാന് കൊടുക്കുന്ന സപ്പോർട്ടും അടിപൊളി.. പക്ഷേ ആരാധന മൂത്ത്‌ അദ്ദേഹത്തിന്റെ കാലിൽ മുത്തമിട്ടതും അത് കേരളത്തിൽ എല്ലാരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണെന്നും അവകാശപ്പെടുന്നതിൽ ഞാൻ യോജിക്കുന്നില്ല’ എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

എന്നാൽ ഷൈജുവിന്റെ അഭിമുഖത്തെയും സ്നേഹ ചുംബനത്തെയും അഭിനന്ദിച്ചവരും മറുപക്ഷത്തുണ്ട്. ഏതായാലും സംഭവത്തിൽ സമൂഹമാധ്യമത്തിൽ‌ പല രീതിയിലുള്ള വ്യഖ്യാനങ്ങളും ട്രോളുകളും നിറയുകയാണ്.

English Summary: Commentator Shaiju Damodaran slammed for kissing the Foot of ISL Player Ivan Kalyuzhnyi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com