ADVERTISEMENT

ഹൈദരബാദ് ∙ ഐഎസ്എൽ ഫുട്ബോളില്‍ കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്സി ഏൽപ്പിച്ച മുറിവിനു പകരം വീട്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പ്. ഗച്ചിബൗളി സ്റ്റേഡിയത്തിൽ എതിരില്ലാത്ത ഒരു ഗോളിനു ഹൈദരാബാദിനെ വീഴ്ത്തി ആ കടം ബ്ലാസ്റ്റേഴ്സ് വീട്ടി. 18–ാം മിനിറ്റിൽ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. തിരിച്ചടിക്കാൻ ഹൈദരാബാദും ഗോൾ വഴങ്ങാതിരിക്കാനും തിരിച്ചടിക്കാനും ബ്ലാസ്റ്റേഴ്സും മൽസരിച്ചു. ഫലം വന്നപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനൊപ്പം.

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഹൈദരബാദിനെയും വീഴ്ത്തിയതോടെ തുടർന്നുള്ള മൽസരങ്ങൾക്ക് ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസവും വർധിച്ചു. ഈ സീസണിൽ ഹൈദരാബാദിന്റെ ആദ്യ തോൽവിയാണിത്. ബ്ലാസ്റ്റേഴ്സ് 7 കളികളിൽനിന്ന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കു മുന്നേറി. 

വലകുലുക്കി ദിമിത്രിയോസ്

മൽസരത്തിന്റെ തുടക്കം മുതൽ ഹൈദരബാദായിരുന്നു പന്തടക്കത്തിൽ മുന്നിൽ. എന്നാൽ ആദ്യം ഗോളടിച്ചത് ബ്ലാസ്റ്റേഴ്സ്. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ മികച്ച നീക്കമാണ് ദിമിത്രിയോസ് ഗോളാക്കി മാറ്റിയത്. ബോക്സിനു പുറത്തുനിന്നും ലൂണ ചിപ്പ് ചെയ്തു നൽകിയ പന്ത് ഹൈദരാബാദ് ഗോളി തട്ടിയകറ്റിയത് നേരെ ദിമിത്രിയോസിന്റെ മുന്നിലേക്കായിരുന്നു. ലക്ഷ്യം പിഴക്കാതെ 18–ാം മിനിറ്റിൽ ദിമിത്രിയോസ് ഗോൾ നേടി. 

അപ്രതീക്ഷിതമായി ആദ്യ ഗോൾ വീണതോടെ ഹൈദരാബാദ് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. തൊട്ടുപിന്നാലെ 20–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി. രാഹുലിന് മികച്ച അവസരം ലഭിച്ചെങ്കിലും ഹൈദരബാദിന്റെ ഗോൾകീപ്പർ അനുജ് കുമാർ ബോൾ കൈപ്പിടിയിലാക്കി. മൽസരം ആവേശകരമായി മുന്നേറുന്നതിനിടെ ഗോൾ നേടിയ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ദിമിത്രിയോസ് ഡയമന്റകോസിന് 34–ാം മിനിറ്റിൽ പേശീവലിവിനെ തുടർന്നു കളം വിടേണ്ടി വന്നു. 

37–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമ്മദിന്റെ ഗോളെന്നു തോന്നിച്ച ഹെഡർ പുറത്തേക്കുപോയത് ആരാധകരെ നിരാശരാക്കി. ലൂണ നൽകിയ മനോഹരമായ ക്രോസ് സഹലിന് ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതെ പോയി. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ബോൾ പൊസിഷൻ കേവലം 38 ശതമാനം മാത്രമായിരുന്നു.

രണ്ടാം പകുതിയിലെ ശ്രമങ്ങൾ

ആദ്യ പകുതിയിൽ മറുപടി ഗോളിനായി ഹൈദരബാദ് ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഹൈദരബാദ് ഗോളിനായി ശ്രമം തുടങ്ങി, രണ്ടാം ഗോളിനായി ബ്ലാസ്റ്റേഴ്സും. 51-ാം മിനിറ്റിൽ ഹൈദരബാദിന്റെ ജോയിൽ ചിയാൻസെ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും പന്ത് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ് ഗില്ലിന്റെ കൈപ്പിടിയിൽ ഒതുങ്ങി. രണ്ടാം പകുതി തുടങ്ങി അൽപ്പസമയത്തിനുള്ളിൽ ബ്ലാസ്റ്റേഴ്സിന്റെ അപ്പോസ്തലോസ് ജിയാനുവിനു ലഭിച്ച മികച്ച അവസരവും ഗോളായി മാറിയില്ല. 66–ാം മിനിറ്റിൽ രാഹുലിന്റെ ഒരു ലോങ്റേഞ്ചർ ഗോളിയുടെ കൈയ്യിൽ തട്ടി പുറത്തേക്ക്. പിന്നീട് ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

English Summary: ISL: Blasters vs Hyderabad FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com