ADVERTISEMENT

ദോഹ ∙ ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങിലെത്തിയത്.

അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യങ്ങളിലൊന്ന്. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്കിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന ആകർഷണമായി. ജുങ്‌കൂക്കിന്റെ ഡ്രീമേഴ്സ് എന്നു പേരിട്ട മ്യൂസിക് വിഡിയോ ഇന്നു രാവിലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ ലൈവ് അവതരണം അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ നടന്നു.

qatar-wc-1
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് (വിഡിയോ ദൃശ്യം)

ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർത്തു. മുൻ ലോകകപ്പുകളെ ആവേശഭരിതമാക്കിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടിയും മുഖ്യ ആകർഷണമായി. മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി.

ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് (വിഡിയോ ദൃശ്യം)
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് (വിഡിയോ ദൃശ്യം)

ഇനി ഒരു മാസം ഖത്തറെന്ന ഈ കൊച്ചുരാജ്യം ഫുട്ബോൾ ആവേശത്തിന്റെ മഹാമൈതാനമാകും. ഇന്ത്യൻ സമയം ഇന്നു രാത്രി 9.30ന് അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനു ഇറ്റാലിയൻ റഫറി ഡാനിയേലെ ഒർസാറ്റോ വിസിൽ മുഴക്കുന്നതോടെ ആരാധകാവേശത്തിനും കിക്കോഫാകും.

‌English Summary: FIFA World Cup 2022 opening ceremony Live 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com