ഖത്തറിനെ വീഴ്ത്തി ഇക്വഡോർ; ആതിഥേയർ ആദ്യ മത്സരം തോൽക്കുന്നത് ലോകകപ്പ് ചരിത്രത്തിൽ ആദ്യം!

ecuador-goal-celebration-1
ഗോൾനേട്ടം ആഘോഷിക്കുന്ന ഇക്വഡോർ താരങ്ങൾ (ഫിഫ ലോകകപ്പ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ദോഹ ∙ വർണാഭമായ ഉദ്ഘാടനച്ചടങ്ങിന്റെ ആവേശം കെടും മുൻപേ ഗാലറി നിറച്ചെത്തിയ ആരാധകർക്കു നടുവിൽ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോർ വക ‘ഇരട്ടയടി’! ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോൾ കൂടിയുണ്ടായിരുന്നെങ്കിൽ ഇക്വഡോർ നായകന് ആദ്യ പകുതിയിൽത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് എയിൽ ഇക്വഡോറിന് മൂന്നു പോയിന്റായി.

ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തർ ഫുട്ബോൾ ടീം. ഇക്വഡോർ 44-ാം സ്ഥാനത്തും. ഇനി വെള്ളിയാഴ്ച സെനഗലിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. അന്നു തന്നെ ഇക്വഡോർ നെതർലൻഡ്സിനെയും നേരിടും.

ആദ്യപകുതിയിലെ ചിതറിയ കളിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ആതിഥേയർ കുറച്ചുകൂടി ഒത്തിണക്കം കാട്ടിയെങ്കിലും, ഗോൾസ്പർശമുള്ള നീക്കങ്ങളൊന്നും സൃഷ്ടിക്കാനാകാതെ പോയതോടെ ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകൾ മത്സരഫലം നിർണയിച്ചു. ആവേശഭരിതമായ മത്സരത്തിൽ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോർ വിജയം പിടിച്ചത്.

∙ ഗോളുകൾ വന്ന വഴി

ഇക്വഡോർ ആദ്യ ഗോൾ: ജെഗ്സൻ മെൻഡസിന്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് കടന്ന ഇക്വഡോർ ക്യാപ്റ്റൻ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനൽറ്റി അനുവദിച്ചത്. പെനൽറ്റി എടുക്കാനെത്തിയ വലൻസിയ, അൽ ഷീബിനെ വീഴ്ത്തി അനായാസം ലക്ഷ്യം കണ്ടു. സ്കോർ 1–0.

ഇക്വഡോർ രണ്ടാം ഗോൾ: തുടർന്നും കളം അടക്കിഭരിച്ച ഇക്വഡോറിനായി 31–ാം മിനിറ്റിൽ വലൻസിയ തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിൽ വലൻസിയ തൊടുത്ത കിടിലൻ ഹെഡർ ഖത്തർ ഗോൾകീപ്പർ അൽ ഷീബിനെ കീഴടക്കി പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിൽ കയറി. സ്കോർ 2–0.

∙ റഫറി നിഷേധിച്ച ഗോൾ

നേരത്തെ, മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ വലൻസിയ തന്നെ ഇക്വഡോറിനായി ലക്ഷ്യം കണ്ടതാണ്. ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. കാണികൾ ഇരിപ്പുറപ്പിക്കും മുൻപേ വീണ ഗോൾ ഇക്വഡോർ താരങ്ങൾ വൻതോതിൽ ആഘോഷിച്ചെങ്കിലും, പിന്നാലെ വിവാദത്തിന്റെ അകമ്പടിയോടെ റഫറിയുടെ തീരുമാനമെത്തി; ഓഫ്സൈഡ് ചൂണ്ടിക്കാട്ടി ഇക്വഡോറിന് ഗോളില്ല!

English Summary: Qatar vs Ecuador, FIFA World Cup Live Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS