1986. മറഡോണ അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് ഉയർത്തിയപ്പോൾ ലോകമാകെ അതിന്റെ പ്രകമ്പനമുണ്ടായി. മെക്സിക്കോയിലെ മൈതാനത്ത് ആ കുറിയ മനുഷ്യൻ പന്തുകൊണ്ട് തീർത്ത മായാജാലം ഇങ്ങ് കൊച്ചു കേരളത്തിലും അർജന്റീനയ്ക്ക് നിരവധി ആരാധകരെ നേടികൊടുത്തു. കോട്ടയം ഏറ്റുമാനൂർ സ്വദേശി രമേഷ് സുശീലന് അന്നു വയസ്സ് 12. മറഡോണയും അർജന്റീനയും ആ കൊച്ചു മനസ്സിലും സ്ഥാനം പിടിച്ചു. കാലം മാറിയപ്പോള്‍ മറഡോണയുടെ സ്ഥാനത്തേക്ക് മെസ്സിയെത്തി.

ഫുട്ബോൾ പോലെ കാലം ഉരുണ്ടു. ഇതിനിടെ രമേഷിന്റെ ജീവിതം ഖത്തറിലേക്ക് പറന്നിറങ്ങി. 2022 ലോകകപ്പിന്റെ വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തുവെന്ന 2010 ലെ പ്രഖ്യാപനം എല്ലാവരെയും പോലെ രമേഷിനെയും ആവേശകൊടുമുടിയിലെത്തിച്ചു. ലോകകപ്പ് ആവേശം അനുഭവിക്കാനും മെസ്സിയെ കാണാനുമെല്ലാം അവസരം ലഭിക്കുമെന്ന പ്രതീക്ഷയേറി. 12 വർഷത്തെ രമേഷിന്റെ ആ കാത്തിരിപ്പ് നവംബർ 22ന് പൂവണിഞ്ഞു. ലുസെയ്‌ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയുമായി അർജന്റീന ഏറ്റുമുട്ടുമ്പോൾ കാണികളുടെ മുൻനിരയില്‍ രമേഷുമുണ്ടായിരുന്നു, ഫിഫ വൊളന്റിയർ ടീം ലീഡറുടെ തൊപ്പിയുമണിഞ്ഞ്. 

കാൽപന്തുകൊണ്ട് കവിതയെഴുതുന്ന ആ മനുഷ്യനെ – മെസ്സിയെ – കളിക്കളത്തിൽ അയാൾ കണ്ടു. ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞപ്പോഴും അർജന്റീനയുടെ തോൽവി നോവായി. എങ്കിലും മെസ്സിയും സംഘവും ശക്തമായി മടങ്ങിവരുമെന്ന വിശ്വാസമുണ്ട്. ഫിഫ വൊളന്റിയർ ടീം ലീഡർമാരിൽ ഒരാൾ കൂടിയായ രമേഷ് സുശീലൻ ലോകകപ്പ് അനുഭവം പങ്കുവയ്ക്കുന്നു.

∙ ഓർമയിലെ 1986

മറഡോണ എന്ന ഇതിഹാസം ലോകകപ്പ് ഉയർത്തുമ്പോൾ എന്നിൽ ഒരു അർജന്റീന ആരാധകൻ ജന്മമെടുത്തിരുന്നു. ലോകമാകെ അർജന്റീനയ്ക്ക് ഇത്രയും ആരാധകരെ ലഭിക്കാൻ കാരണവും മറഡോണയാണ്. ഫുട്ബാൾ എന്ന ലഹരി അയാൾ എന്റെ തലമുറയിലേക്ക് പകർന്നു. എല്ലാ ടീമുകളെയും അതിലെ മികച്ച കളിക്കാരെയും ഇഷ്ടമാണ്. ആവേശകരമായ എല്ലാ മത്സരങ്ങളും കാണും. എന്നാലും അർജന്റീനയോടുള്ള ഇഷ്ടം അതിൽ എല്ലാത്തിനും മുകളിൽ. മറഡോണയ്ക്കുശേഷം അർജന്റീനയ്ക്ക് ലോകകപ്പ് പ്രതീക്ഷ നൽകിയത് മെസ്സിയാണ്. മറ്റൊരു ഇതിഹാസം. എതിരാളികളെ വകഞ്ഞു മാറ്റി പന്തുമായി പായുന്ന മെസ്സിയെ ടെലിവിഷനിൽ കണ്ട് എത്രയോ തവണ മതിമറന്ന് ആഹ്ലാദിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കളി നേരിട്ട് കാണാൻ എത്രയോ കൊതിച്ചു. അതാണ് ഒടുവിൽ സാധ്യമായത്. ഇനി ആ കൈകൾ ലോകകപ്പ് ഉയത്തുന്ന കാഴ്ചയ്ക്കായാണു കാത്തിരിപ്പ്. 

ramesh-susheelan-1
രമേഷ് സുശീലൻ

∙ ഖത്തറിലേക്ക്

2006 ലാണ് ജോലിക്കായി ദോഹയിൽ എത്തുന്നത്. ജൈദ മോട്ടോഴ്സ് ആൻഡ് ട്രേഡിങ് കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ മാനേജർ ആണ്. ഭാര്യ ജ്യോതി ലക്ഷ്മി ഇവിടെ നഴ്സ് ആണ്. മകൾ ഗൗരി പത്താം ക്ലാസിൽ. 2006 ലെ ഏഷ്യന്‍ ഗെയിംസ്, ഐഎഎഎഫ് ഗെയിംസ്, ട്രിബേക ഫിലിം ഫെസ്റ്റിവൽ, ഖത്തർ മറൈൻ ഫെസ്റ്റിവൽ, ഖത്തർ കൈറ്റ് ഫെസ്റ്റിവൽ എന്നിങ്ങനെ നിരവധി പരിപാടികൾക്ക് വൊളന്റിയർ ആയിട്ടുണ്ട്. 2022 ലെ ലോകകപ്പിന് വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചതോടെ ആവേശമായി. ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് വൊളന്റിയർ ആകാനുള്ള അപേക്ഷ കൊടുത്തു. പലതലത്തിൽ അഭിമുഖങ്ങളുണ്ട്. എല്ലാം പൂർത്തിയാക്കി. നിരവധി അപേക്ഷകരുണ്ടായിരുന്നു. അതിൽനിന്ന്  20,000 പേരെയാണ് എടുത്തത്.

ramesh-susheelan-4
രമേഷ് സുശീലൻ

മാത്രമല്ല ഖത്തർ ലോകകപ്പിലെ 1,500 വൊളന്റിയർ ടീം ലീഡർമാരിൽ ഒരാളാകാനും അവസരമുണ്ടായി. വൊളന്റിയർമാർക്ക് നിർദേശം കൊടുക്കുകയും കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് ചുമതല. കാണികൾ പ്രവേശിക്കുന്നതിനു നാലു മണിക്കൂർ മുൻപ് ഡ്യൂട്ടി തുടങ്ങും. മത്സരം കഴിഞ്ഞു വൊളന്റിയർമാർ എല്ലാവരും ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങുന്നതു വരെയാണ് ചുമതല. കൃത്യമായി പറഞ്ഞാൽ 9 മണിക്കൂർ ഡ്യൂട്ടി.

argentina-saudi-match-argentina-fans
സൗദി അറേബ്യ– അർജന്റീയ മത്സരം കാണാൻ ലൂസെയ്ൽ സ്റ്റേഡിയത്തിലെത്തിയവർ

∙ മെസ്സി മാജിക്

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് എന്റെ ഡ്യൂട്ടി. ആ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്കു മാത്രമേ പോകേണ്ടതുള്ളു. ഈ ജോലിക്ക് പ്രതിഫലമില്ല. എങ്കിലും പ്രോത്സാഹനമായി കോംപ്ലിമെന്ററി ടിക്കറ്റുകൾ ഫിഫ നൽകും. അങ്ങനെയാണ് അർജന്റീന–സൗദി അറേബ്യ മത്സരം കാണാൻ അവസരം ലഭിച്ചത്. മുൻനിരയിൽ തന്നെ സീറ്റും ലഭിച്ചു.

അങ്ങനെ ഞാന്‍ മെസ്സിയുടെ മത്സരം കണ്ടു. കണ്ണും മനസ്സും നിറഞ്ഞ കാഴ്ചയായിരുന്നു അത്. അപ്പോൾ അനുഭവിച്ച സന്തോഷം എങ്ങനെ വിവരിക്കും എന്നറിയില്ല. ലോകമാകെ കോടിക്കണക്കിന് മെസ്സി ആരാധകരുണ്ട്. അതിൽ അദ്ദേഹത്തിന്റെ കളി നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച ഒരാളായി എന്നതിൽ സന്തോഷമുണ്ട്. സ്റ്റേഡിയം മുഴുവൻ മെസ്സിയെ കാണാനാണ് കാത്തിരുന്നവരാണെന്ന് തോന്നി. മെസ്സി വിളികൾ സ്റ്റേഡിയത്തിനെ മുഖരിതമാക്കി. പ്രതീക്ഷയുടെ ഉയരങ്ങളിൽ നിന്നുള്ള ആ തോൽവിയുടെ വേദന തീർച്ചയായും ഉണ്ട്. എങ്കിലും ഇത് മെസ്സിയാണ്. തോൽവികൾ തിരുത്തി തിരിച്ചു വരുമെന്ന് ഉറപ്പാണ്. മെസ്സി ലോകകപ്പ് ഉയർത്തുന്ന കാഴ്ച കാണാൻ ഭാഗ്യമുണ്ടാകുമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

സൗദി അറേബ്യയ്ക്കെതിരെ ഗോൾ നേടിയ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ആഹ്ലാദം. Photo: FB@FIFAWorldCup
സൗദി അറേബ്യയ്ക്കെതിരെ ഗോൾ നേടിയ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ആഹ്ലാദം. Photo: FB@FIFAWorldCup

അച്ഛൻ സുശീലൻ നായർ കടുത്ത ഫുട്ബോൾപ്രേമിയായിരുന്നു. ഏതു ലോകകപ്പ് വന്നാലും ഒരു മത്സരം പോലും അദ്ദേഹം കാണാതെ വിടില്ല. ഫുട്ബോള്‍ കാണാനും മനസ്സിലാക്കാനും അദ്ദേഹമാണ് എനിക്ക് അവസരം ഒരുക്കിയത്. 2022 ഖത്തർ ലോകകപ്പ് നേരിട്ടു കാണണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ 2021ൽ ഒരു റോഡപകടത്തിൽ അദ്ദേഹം ഞങ്ങളെ വിട്ടു പോയി. ഈ സന്തോഷങ്ങൾക്കിടയിലും ആ നഷ്ടം തീരാവേദനയാണ്.

English Summary: Argentina Fan, Now Volunteer captain at Qatar, the story of Ramesh Susheelan

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com