ADVERTISEMENT

ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ആരാധകർ ആദ്യ പകുതിയിൽ ആഗ്രഹിച്ചത് ലയണൽ മെസ്സിയെയാണ്. രണ്ടാം പകുതിയിൽ ഡിയേഗോ മറഡോണയെയും! മറഡോണയെപ്പോലെ മെസ്സി ടീമിനെ കരകയറ്റുമെന്ന് അവർ കൊതിച്ചു. പക്ഷേ, കഴിഞ്ഞ ലോകകപ്പിൽ ഗാലറി സ്റ്റാൻഡുകളിൽ നിന്ന് കൈവിരിച്ചു നിന്ന ഡിയേഗോ ഇത്തവണ അവർക്കൊപ്പമുണ്ടായിരുന്നില്ല. ആ നഷ്ടബോധം മായ്ച്ചു കളയാൻ മെസ്സിക്കായതുമില്ല! കളിയുടെ 10-ാം മിനിറ്റിൽ പെനൽറ്റി ഗോൾ നേടിയപ്പോൾ മെസ്സിയുടെ മുഖം എത്ര ഊർജ്വസ്വലമായിരുന്നു.

പക്ഷേ, ആദ്യ പകുതിയിൽ മറ്റൊരു ഗോൾ നേടാനാകാതെ പിരിഞ്ഞതോടെ തന്നെ പിരിമുറുക്കം മെസ്സിയെ പിടികൂടിത്തുടങ്ങി. ഇടവേളയ്ക്കു ശേഷം ടണലിലൂടെ മൈതാനത്തിറങ്ങുമ്പോൾ മെസ്സിയുടെ മുഖത്തു നിശ്ചയദാർഢ്യമുണ്ടായിരുന്നില്ല. മുഖത്ത് 2018 ലോകകപ്പിൽ ക്രൊയേഷ്യയ്ക്കെതിരെ തോറ്റു നിന്നപ്പോഴുള്ള ഭാവം. മത്സരശേഷം മിക്സ്ഡ് സോണിലെത്തിയപ്പോൾ അർജന്റീന പത്രക്കാരുടെ ബഹളമാണ്. എല്ലാവർക്കും ഞെട്ടലുണ്ട്. ലയണൽ സ്കലോണിയുടെ കീഴിൽ 36 മത്സരങ്ങൾ അപരാജിതരായി മുന്നേറിയ ടീമാണ് ഇതെങ്കിലും ഇത്തരമൊരു വിധി എല്ലായ്പ്പോഴും അർജന്റീനയുടെ തലയ്ക്കു മുകളിലുണ്ടായിരുന്നു എന്നാണ് അവരുടെ പക്ഷം. 

കോപ്പ അമേരിക്ക ജയം ഉൾപ്പെടെ അർജന്റീനയുടെ വിജയങ്ങളൊന്നും അത്ര ആധികാരികമായിരുന്നില്ല- അവരുടെ വിലയിരുത്തൽ വിശ്വസിക്കാം. എല്ലാവരും കാത്തിരിക്കുന്നത് മെസ്സിയെയാണ്. ആദ്യം സൗദി താരങ്ങളുടെയും ഒടുവിൽ അർജന്റീന താരങ്ങളുടെ വരവായി.  മൈതാനത്തു ഹതാശനായി കണ്ട മെസ്സിയായിരുന്നില്ല അത്. അടുപ്പമുള്ള അർജന്റീന പത്രക്കാർക്കു കൈ കൊടുക്കൽ. ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി.  തോൽവിയെ നേരിടാൻ മെസ്സി പഠിച്ചിരിക്കുന്നു. എന്നാൽ,  മറഡോണയെപ്പോലെ ഈ ടീമിനെ കൈപിടിച്ചുയർത്താൻ മെസ്സിക്കാകുമോ...? ശനിയാഴ്ച മറഡോണയുടെ ചരമവാർഷികത്തിനു പിറ്റേന്ന് മെക്സിക്കോയ്ക്കെതിരെയുള്ള മത്സരം അതിനുത്തരം തരും!

English Summary : Argentina team missed the presence of Diego Maradona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com