ADVERTISEMENT

ദോഹ ∙ അനായാസ വിജയങ്ങളും കിരീടപ്രതീക്ഷയും വച്ചുപുലർത്തുന്ന വമ്പൻമാരുടെ കണ്ണീർ വീഴ്ത്തി ഖത്തർ ലോകകപ്പ് കറുത്ത കുതിരകളുടെ ലോകകപ്പാകുമോ? ഖത്തർ ലോകകപ്പിൽ ഇതുവരെ പൂർത്തിയായത് 10 മത്സരങ്ങൾ മാത്രമാണെങ്കിലും, ഇതിനിടെ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്കു പിന്നാലെ കരുത്തരായ ജർമനിയും ആദ്യ മത്സരത്തിൽ വീണതോടെയാണ് ഈ ചോദ്യമുയരുന്നത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയോട് അർജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റ് ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ്, ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ ഖലീഫ സ്റ്റേഡിയത്തിൽ ഇതേ സ്കോറിന് ജപ്പാൻ ജർമനിയെ അട്ടിമറിച്ചത്.

ഏഷ്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഏഷ്യൻ ടീമുകൾ രക്ഷയില്ലെന്നായിരുന്നു ആദ്യ രണ്ടു ദിവസങ്ങളിലെ മത്സരഫലങ്ങൾ നൽകിയ സൂചന. ആദ്യ മത്സരത്തിൽ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ആതിഥേയർ പരാജയപ്പെട്ടെന്ന നാണക്കേട് ഖത്തർ ഏറ്റുവാങ്ങിയപ്പോൾ, തൊട്ടടുത്ത ദിവസം ഇംഗ്ലണ്ട് ഇറാനെ ഗോൾമഴയിൽ മുക്കി. ഇതോടെ ഏഷ്യൻ ടീമുകളെ എഴുതിത്തള്ളിയവരുടെ വായടപ്പിച്ചാണ്, ഒരു ദിവസത്തിന്റെ ഇടവേളയിൽ രണ്ട് ഏഷ്യൻ ടീമുകൾ വമ്പൻ അട്ടിമറി സൃഷ്ടിച്ചിരിക്കുന്നത്.

എതിരാളികളുടെ കടലാസിലെ കരുത്തിൽ തെല്ലും വിശ്വസിക്കാതെ കളിച്ചാണ് സൗദിയും ജപ്പാനും അട്ടിമറികൾ സൃഷ്ടിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇരു ടീമുകളുടെയും വിജയത്തിലെ സമാനതകൾ രസകരമാണ്. ആദ്യ പകുതിയിൽ പെനൽറ്റിയിലൂടെ ഗോൾ നേടി ലീ‍ഡെടുത്ത ടീമുകളാണ് അർജന്റീനയും ജർമനിയും. എന്നിട്ട് രണ്ടാം പകുതിയിൽ 2 ഗോൾ വഴങ്ങി വമ്പൻ തോൽവി വഴങ്ങി!

അർജന്റീനയ്ക്കെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ പ്രകടനത്തോടെ ഒരു ഗോളിനു പിന്നിലായിപ്പോയതാണ് സൗദി അറേബ്യ. കുറഞ്ഞത് നാലു ഗോളുകളെങ്കിലും വഴങ്ങേണ്ടിയിരുന്ന ആദ്യ പകുതി. രണ്ടാം പകുതിയിൽ പക്ഷേ ചിത്രം അമ്പേ മാറി. തീർത്തും വ്യത്യസ്തരായി കളത്തിലേക്ക് തിരിച്ചെത്തിയ സൗദി താരങ്ങൾ, രണ്ടാം പകുതിയിൽ വെറും അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടിയാണ് അട്ടിമറി സൃഷ്ടിച്ചത്.

ഇങ്ങ് ഖലീഫ സ്റ്റേഡിയത്തിൽ ജപ്പാന്റെ വിജയവും ഏറെക്കുറെ സമാനം. ആദ്യ പകുതിയിൽ ജർമനി തുടർച്ചയായി ആക്രമിച്ചു കയറുമ്പോൾ, ജപ്പാൻ താരങ്ങൾ ചിത്രത്തിൽപ്പോലും ഉണ്ടായിരുന്നില്ല. ഏതാണ്ട് മൂന്നോ നാലോ ഗോളുകൾ വാങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് ജപ്പാൻ ആദ്യ പകുതിയിൽ ഒരു ഗോളിൽ ഒതുങ്ങിയത്.

എന്നാൽ അർജന്റീന – സൗദി മത്സരത്തിലെന്ന പോലെ ഇത്തവണയും രണ്ടാം പകുതിയിൽ കളി മാറി. ആദ്യ പകുതിയിൽ കണ്ട ജപ്പാനേ ആയിരുന്നില്ല, മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിൽ. ജർമനിയെ വിറപ്പിക്കുന്ന പ്രകടനത്തോടെ കളം പിടിച്ച അവർ പലകുറി ഗോളിന് അടുത്തെത്തി. ഒടുവിൽ അവർ ആദ്യ ഗോൾ നേടിയത് 75–ാം മിനിറ്റിൽ. അടിക്ക് തിരിച്ചടി എന്ന മട്ടിൽ പുരോഗമിച്ച രണ്ടാം പകുതിയിൽ, എട്ടു മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ജപ്പാൻ അട്ടിമറി സൃഷ്ടിച്ചത്.

English Summary: Japan Defeats Germany In FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com