ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ യുറഗ്വായെ സമനിലയിൽ തളച്ച് ദക്ഷിണ കൊറിയ. എജ്യുക്കേഷൻ സിറ്റി സ്റ്റേ‍ഡിയത്തിൽ നടന്ന മത്സരം ഗോൾ രഹിതമായി അവസാനിച്ചു. ഇരു ടീമുകൾക്കും അവസരങ്ങൾ ഏറെ ലഭിച്ച മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല. ടീമുകള്‍ ഓരോ പോയിന്റു വീതം പങ്കുവച്ചു. രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത യുറഗ്വായ് പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും മുന്നിട്ടുനിന്നു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ദക്ഷിണകൊറിയയാണു കളി നിയന്ത്രിച്ചത്. യുറഗ്വായാകട്ടെ മത്സരം തുടങ്ങിയതു പതിഞ്ഞ താളത്തിലും. 9–ാം മിനിറ്റിൽ ദക്ഷിണകൊറിയയുടെ മൂൺ ഹ്വാൻ നൽകിയ മനോഹരമായൊരു ക്രോസ് യുറഗ്വായ് പ്രതിരോധ താരം ജോസ് ജിമിനസ് ഹെഡ് ചെയ്തു തട്ടിയകറ്റി. ആദ്യ 15 മിനിറ്റുകൾക്കു ശേഷം യുറഗ്വായും ആക്രമണങ്ങൾക്കു തുടക്കമിട്ടു. യുറഗ്വായ് താരം ഡാർവിൻ നുനെസ് ദക്ഷിണകൊറിയൻ ബോക്സിനുള്ളില്‍ മതിയാസ് വെസിനോയ്ക്കു പാസ് നൽകാൻ ശ്രമിച്ചെങ്കിലും കൊറിയൻ ഗോളി സ്യുങ് ഗ്യുവിനു ഭീഷണി ഉയർത്താൻ സാധിച്ചില്ല.

യുറഗ്വായ്ക്കെതിരെ കൊറിയ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിന്റെ മുന്നേറ്റം. Photo: JUNG Yeon-je / AFP
യുറഗ്വായ്ക്കെതിരെ കൊറിയ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിന്റെ മുന്നേറ്റം. Photo: JUNG Yeon-je / AFP

പതിയെ താളം കണ്ടെത്തിയ യുറഗ്വായുടെ മുന്നേറ്റങ്ങൾ കൊറിയൻ പ്രതിരോധ താരങ്ങൾ തടഞ്ഞുനിർത്തി. 33–ാം മിനിറ്റിൽ യുറഗ്വായ് ഗോൾ പോസ്റ്റിനു തൊട്ടുമുന്നിൽനിന്ന് കൊറിയൻ താരം ഹ്വാങ് ഉയ്ജോയ്ക്കു ലഭിച്ച പാസ് താരം പുറത്തേക്കടിച്ചു പാഴാക്കിയതു ഏഷ്യൻ വമ്പൻമാർക്കു നിരാശയായി. 43–ാം മിനിറ്റിൽ യുറഗ്വായ് താരം വാൽവെർദെയുടെ കോർണര്‍ കിക്കില്‍ തലവച്ച ഡിഗോ ഗോഡിന്റെ ശ്രമം ദക്ഷിണകൊറിയൻ പോസ്റ്റിൽ തട്ടിപുറത്തായി.

വേഗമേറിയ ആക്രമണങ്ങളിലൂടെ രണ്ടാം പകുതിയുടെ തുടക്കം മുതൽ യുറഗ്വായെ സമ്മർദത്തിലാക്കാനായിരുന്നു കൊറിയന്‍ ശ്രമം. യുറഗ്വായ് ബോക്സിനകത്ത് കൊറിയൻ ക്യാപ്റ്റൻ ഹ്യുങ് മിൻ സണ്ണിന്റെ ഷോട്ടിനുള്ള ശ്രമം ജിമിനസ് സ്ലൈഡ് ചെയ്തു പരാജയപ്പെടുത്തി. 54–ാം മിനിറ്റിൽ സണ്ണിന്റെ കോർണർ കിക്കിൽ മിൻ ജെയുടെ ഗോൾ ശ്രമം യുറഗ്വായ് ഗോളി തട്ടിയകറ്റി. 64–ാം മിനിറ്റിൽ ലൂയി സ്വാരസിനു പകരം എ‍ഡിൻസൻ കവാനി ഇറങ്ങി. തുടർന്ന് കവാനി വഴി ഗോൾ നേടാനായി യുറഗ്വായ് ശ്രമം. കവാനിയെ ലക്ഷ്യമിട്ട് നിരവധി ക്രോസുകളുമെത്തി.

81–ാം മിനിറ്റിൽ യുറഗ്വായുടെ ‍ഡാർവിൻ നുനെസിന്റെ ഷോട്ടിൽ തലവച്ച് ഗോൾ നേടാനുള്ള കവാനിയുടെ ശ്രമം ലക്ഷ്യം കാണാതെ പുറത്തേക്കു പോയി. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ വാൽവെർദെ ബോക്സിനു പുറത്തുനിന്നെടുത്ത നെടുനീളൻ ഷോട്ട് കൊറിയൻ ഗോള്‍ പോസ്റ്റിൽ തട്ടി പുറത്തുപോയി. ഏഴ് മിനിറ്റ് അധിക സമയത്തും ഇരു ബോക്സുകളിലും പന്തെത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.

English Summary: FIFA World Cup 2022, Uruguay vs South Korea Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com