ADVERTISEMENT

ഈ ലോകകപ്പി‍ൽ അർജന്റീനയുടെ കന്നിമത്സരം കണ്ട് ഞെട്ടിപ്പോയി. തീ‍ർത്തും നിരാശാജനകം! 15–20 മിനിറ്റിനകം തന്നെ നിയന്ത്രണം കൈവിട്ടു തുടങ്ങിയ ടീമിന് പിന്നീട് മത്സരത്തിലേക്കു തിരികെ വരാനുമായില്ല. പ്രീക്വാർട്ടറിലേക്കു യോഗ്യത നേടണമെങ്കിൽ, ലയണൽ മെസ്സിയും സംഘവും പിഴവുകൾ ഉടൻ തിരുത്തേണ്ടതുണ്ട്. സൗദി അറേബ്യയിൽനിന്നു നേരിട്ട തോൽവി പല സംശയങ്ങളും ബാക്കി വയ്ക്കുന്നു. പ്രകടനം മെച്ചപ്പെടുത്തിയാലേ ടൂർണമെന്റിൽ മുന്നോട്ടുപോകാൻ കഴിയൂ. മൈതാനത്ത് ഇടം കണ്ടെത്താനോ കളിയുടെ വേഗം നിയന്ത്രിക്കാനോ അർജന്റീനയ്ക്കു കഴിഞ്ഞില്ലെന്നത് ഓർമിക്കേണ്ടതാണ്.

സൗദി കളിയുടെ ഗതി കാലേകൂട്ടി കണ്ടു. നന്നായി കളിച്ച് ജയിക്കുകയും ചെയ്തു. പരുക്കുമൂലം പുറത്തായ ജിയോവനി ലോ സെൽസോയുടെ അസാന്നിധ്യത്തിൽ അർജന്റീന കോച്ച് ലയണൽ സ്കലോണിക്കു തന്ത്രം മാറ്റേണ്ടി വന്നുവെന്നത് സത്യം. അലയാന്ദ്രോ ഗോമസിനെ മെസ്സിക്കും ഡി മരിയയ്ക്കുമൊപ്പം മുന്നിൽ ഇറക്കി, മധ്യനിരയുടെ ചുമതല റോഡ്രിഗോ ഡി പോളിനെയും പരേഡേസിനെയും എൽപിക്കുകയായിരുന്നു. തുടക്കത്തിൽ ഗോൾ നേടിയെങ്കിലും ആദ്യപകുതിയിൽ സൗദി താരങ്ങളുടെ മധ്യത്തിൽ പെട്ടുപോയ മെസ്സിക്കു മികവോടെ കളിക്കാനായില്ല. മെസ്സി സ്പർശം പിന്നീടും കാണാനുണ്ടായിരുന്നില്ല. 

ഹെർവെ റെനാ‍ഡ് പരിശീലിപ്പിക്കുന്ന സൗദി ടീം ഏതാണ്ട് 5 മിനിറ്റുകൾക്കിടെ 2 ഗോളടിച്ചതോടെ അർജന്റീന ആശയക്കുഴപ്പത്തിലായി. അവർ പിന്നോട്ടിറങ്ങി കളിച്ചതോടെ മത്സരം സൗദിയുടെ വരുതിയിലായി. സൗദിയുടെ രണ്ടാം ഗോൾ പിറന്നതോടെ ദുരന്തം നേരിട്ട പോലെയായി സ്ഥിതി. ഇനി ലാറ്റിൻ അമേരിക്കൻ ആരാധകർ കാത്തിരിക്കുന്നത് ബ്രസീലിന്റെ പ്രകടനത്തിനാണ്. യോഗ്യതാ റൗണ്ട് അനായാസം മറികടന്നെങ്കിലും കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോടു പരാജയപ്പെട്ടാണ് ബ്രസീൽ ഖത്തറിലെത്തിയിരിക്കുന്നത്.

പ്രതിഭാസമ്പന്നമായ ബ്രസീൽ ടീം സമതുലിതമാണെന്നാണ് ഞാൻ കരുതുന്നത്. അർജന്റീനയുടെ പരാജയം കണ്ടതോടെ ബ്രസീലിന്റെ തുടക്കം കരുതലോടെയാകും. ആദ്യ മത്സരത്തിലെ വിജയം ലോകകപ്പിൽ നിർണായകമാണ്. ബ്രസീൽ ടീമിന് നിലവിൽ സമ്മർദങ്ങളൊന്നുമില്ല. പക്ഷേ, കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്കു പ്രായശ്ചിത്തമായി ഈ രാജ്യാന്തര കിരീടം നേടണമെന്ന ലക്ഷ്യബോധം അവർക്കുണ്ടാകും.  അർജന്റീനയുടെ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് കരുതലോടെ തുടങ്ങാൻ ബ്രസീലിനു കഴിയട്ടെ!

English Summary : Juan Veron speaks about Argentina performance and Brazils chance in FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com