സ്പാനിഷ് ധമാക്ക!

HIGHLIGHTS
  • സ്പെയിൻ –7, കോസ്റ്ററിക്ക –0
  • ഫെറാൻ ടോറസിനു ഡബിൾ
SOCCER-WORLDCUP-ESP-CRI/REPORT
സ്പെയിനിന്റെ മൂന്നാം ഗോൾ നേടിയപ്പോൾ ഫെറാൻ ടോറസിന്റെ ആഹ്ലാദപ്രകടനം. സഹതാരം ജോർഡി ആൽബ സമീപം.
SHARE

ദോഹ ∙ ഈ സ്പെയിൻ ടീമിനെ പേടിക്കുക! യുവരക്തത്തിളപ്പും പരിചയമ്പത്തിന്റെ മിതത്വവും അതിവേഗവും അസാമാന്യ തന്ത്രങ്ങളും വശത്താക്കിയ സ്പെയിനിന്റെ പുതിയ തലമുറയുടെ പടയോട്ടത്തിന് ഖത്തറിൽ തുടക്കം. ആദ്യമത്സരത്തിൽ കോസ്റ്ററിക്കയെ 7–0ന് മുക്കിക്കളഞ്ഞ സ്പെയിൻ ഗ്രൂപ്പ് ഇയിലെ ആദ്യമത്സരം അവിസ്മരണീയമാക്കി. ഫെറാൻ ടോറസ് (2 ഗോൾ), ഡാനി ഒൽമോ, മാർക്കോ അസ്സെൻസിയോ, ഗാവി, കാർലോസ് സോളർ, അൽവാരോ മൊറാട്ട എന്നിവരാണു സ്പെയിനിന്റെ ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ജപ്പാൻ ജർമനിയെ അട്ടിമറിക്കുക കൂടി ചെയ്തതോടെ ഗ്രൂപ്പ് ഇയിലെ സമവാക്യങ്ങളും നിർണായകമായി.

സ്പെയിനും ജപ്പാനും 3 പോയിന്റുമായി ലീഡ് ചെയ്യുന്ന ഗ്രൂപ്പിൽ ജർമനിക്കും കോസ്റ്ററിക്കയ്ക്കും പോയിന്റുകളില്ല. സ്പെയിൻ നേടിയ ഏറ്റവും വലിയ ലോകകപ്പ് വിജയം കൂടിയായി ഇത്. 1998ൽ ബൾഗേറിയയ്ക്കെതിരെ നേടിയ 6–1 വിജയമായിരുന്നു ഇതുവരെയുള്ളതിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം. കളിയിൽ ഏറെനേരത്തും പന്തു വിട്ടുകൊടുക്കാതെ കളിക്കുന്ന ടിക്കി ടാക്ക ശൈലിയുടെ പുതിയ രൂപമാണ്, സ്പാനിഷ് ക്ലബ് ബാ‍ർസിലോനയുടെ കളിക്കാർ ഭൂരിപക്ഷമായ സ്പെയിൻ ടീം കളത്തിൽ നടപ്പാക്കിയത്.

കളിയുടെ മുക്കാൽ പങ്കിലുമധികം നേരത്തു പന്ത് സ്പെയിൻ താരങ്ങളുടെ കാലുകളിലായിരുന്നു. സ്പെയിൻ താരങ്ങൾ പൂർത്തിയാക്കിയ പാസുകളുടെ എണ്ണം തന്നെ ആയിരത്തിലുമധികം! 11–ാം മിനിറ്റിൽ ഡാനി ഒൽമോയുടെ ഗോളിൽ സ്പെയിൻ മുന്നിലെത്തി. ഗാവി ചിപ് ചെയ്തു നൽകിയ പന്തിലായിരുന്നു ജർമൻ ക്ലബ് ലൈപ്സീഗിന്റെ താരമായ ഒൽമോയുടെ സ്കോറിങ് (1–0). കോസ്റ്ററിക്കയുടെ പരിചസമ്പന്നനായ ഗോളി കെയ്‌ലർ നവാസ് കാഴ്ചക്കാരനായി!  21–ാം മിനിറ്റിൽ ജോർഡി ആൽബയുടെ അസിസ്റ്റിൽനിന്ന് മാർക്കോ അസ്സെൻസിയോ രണ്ടാം ഗോളും നേടി.

അടുത്തതു ഫെറാൻ ടോറസിന്റെ ഊഴം. ഡിഫൻഡർ ജോർഡി ആൽബയെ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി സ്പോട്ട് കിക്ക് 31–ാം മിനിറ്റിൽ ടോറസ് വലയിലെത്തിച്ചു. 54–ാം മിനിറ്റിൽ ഫെറാൻ ടോറസ് അടുത്ത ഗോളും നേടി. കളി അവസാനിക്കാറായതോടെ കോസ്റ്റിക്കൻ താരങ്ങളുടെ ഊർജം ചോർന്നു തുടങ്ങി. ഇതിനിടെ, തുറന്നു കിടന്ന പോസ്റ്റിലേക്ക് 75–ാം മിനിറ്റിൽ ഗാവിയുടെ കിടിലൻ ഷോട്ട്. 90–ാം മിനിറ്റിൽ കാർലോസ് സോളറിന്റെ ഗോൾ, പിന്നാലെ ഇൻജറി ടൈമിന്റെ 2–ാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോൾ കൂടിയായതോടെ കളി പൂർണം.

English Summary : Spain thrashed Costa Rica 7-0 in FIFA World Cup 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA