ADVERTISEMENT

ദോഹ∙ ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട്– യുഎസ് പോരാട്ടം ഗോള്‍ രഹിത സമനിലയിൽ അവസാനിച്ചു. ബി ഗ്രൂപ്പിൽ ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടെടുത്തു. ഇംഗ്ലണ്ട്, യുഎസ് താരങ്ങൾ ഗോളവസരങ്ങൾ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ ഇറാനെ തകർത്തുവിട്ട അതേ ടീമുമായാണ് ഇംഗ്ലണ്ട് യുഎസിനെയും നേരിടാനിറങ്ങിയത്. പക്ഷേ ഇറാനെതിരെ പുറത്തെടുത്തപോലെ ഗോളടി മേളം തീർക്കാൻ യുഎസ് ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ ഗോള്‍ നേടാൻ യുഎസ്എ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. ഇംഗ്ലിഷ് മുന്നേറ്റത്തോടെയാണു മത്സരം തുടങ്ങിയത്. 11–ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം കീറൻ ട്രിപ്പിയറിന്റെ കോർണറിൽ മേസൺ മൗണ്ട് ബോക്സിനു പുറത്തുനിന്ന് എടുത്ത ഷോട്ട് യുഎസ് പോസ്റ്റിൽ ഭീഷണിയാകാതെ പുറത്തുപോയി. ബുകായോ സാകയെ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ നൽകിയ പാസ് യുഎസ് പ്രതിരോധിച്ചു.

16–ാം മിനിറ്റിൽ ലൂക്ക് ഷോയുടെ ഇടം കാൽ ഷോട്ട് യുഎസ് ഗോളി മാറ്റ് ടേണർ അനായാസം പിടിച്ചെടുത്തു. 17–ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ബോക്സിൽ യുഎസിന് ആദ്യ അവസരം ലഭിക്കുന്നത്. വെസ്റ്റൻ മക്കെന്നിയുടെ ക്രോസിൽ ഹജി റൈറ്റിന്റെ ശ്രമം. ഇംഗ്ലിഷ് താരം ഹാരി മഗ്വയർ ഹെഡ് ചെയ്തു രക്ഷപെടുത്തി. ആദ്യപകുതിയിൽ തന്നെ സാവധാനം യുഎസ് താളം കണ്ടെത്തി. 30–ാം മിനിറ്റിനു ശേഷം ഇംഗ്ലണ്ടിനു സമാനമായി തുടർ മുന്നേറ്റങ്ങൾ യുഎസിൽനിന്നും ഉണ്ടായി.

ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ മികച്ചൊരു ഷോട്ട് ഇംഗ്ലണ്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോൾ നേടാനുള്ള തുടർച്ചയായ ശ്രമങ്ങൾ യുഎസ് മുന്നേറ്റനിര പുറത്തെടുത്തു. ഇതോടെ ഇംഗ്ലണ്ട് കൂടുതൽ സമ്മര്‍ദത്തിലുമായി. 69–ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്, ജൂ‍ഡ് ബെല്ലിങ്ങാം എന്നിവരെ പിൻവലിച്ച് ഇംഗ്ലണ്ട് ജാക്ക് ഗ്രീലിഷിനെയും ഹെൻഡേഴ്സനെയും ഇറക്കി. മത്സരത്തിന്റെ അധിക സമയത്ത് ലൂക്ക് ഷോ എടുത്ത ഫ്രീകിക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഹെഡ് ചെയ്തെങ്കിലും വലയിലെത്തിക്കാനായില്ല. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഇംഗ്ലണ്ടിനും യുഎസിനും ഗോളില്ലാ സമനില.

ആദ്യ മത്സരത്തിൽ വെയ്ൽസിനോട് സമനിലയിൽ പിരിഞ്ഞ യുഎസിന് നിലവിൽ രണ്ടു പോയിന്റുകൾ മാത്രമാണുള്ളത്. ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ടാകട്ടെ നാലു പോയിന്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. ഡിസംബർ 30ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വെയ്ൽസിനെയും യുഎസ് ഇറാനെയും നേരിടും.

English Summary: FIFA World Cup 2022, England vs USA Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com