ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ആദ്യപകുതിയുടെ തുടക്കത്തിൽ ഗോൾ നേടി ഓറഞ്ച് പട മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇക്വഡോർ സമനില ഗോൾ നേടി. നെതർലൻഡ്സിനായി കോഡി ഗാക്പോയും (ആറ്) ഇക്വഡോറിനു വേണ്ടി എന്നര്‍ വലെൻസിയയും (49) ഗോളടിച്ചു.

ആദ്യ മത്സരം വിജയിച്ചു തുടങ്ങിയ ഇരു ടീമുകൾക്കും ഇപ്പോൾ നാലു പോയിന്റുകൾ വീതമുണ്ട്. നെതർലൻഡ്സ് സെനഗലിനെ ആദ്യ പോരാട്ടത്തിൽ രണ്ടു ഗോളിന് കീഴടക്കിയപ്പോൾ ഖത്തറിനെതിരെ ഇക്വഡോര്‍ വിജയവും രണ്ടു ഗോളുകൾക്ക്. എ ഗ്രൂപ്പിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനത്തും ഇക്വഡോർ രണ്ടാമതുമാണ്.

തുടക്കത്തിൽ തന്നെ ലീഡെടുത്തുകൊണ്ടാണ് ഇക്വഡോറിനെതിരെ നെതർലന്‍ഡ്സ് കളിച്ചത്. ലോകകപ്പിൽ ഗാക്പോയുടെ രണ്ടാം ഗോളാണിത്. ആദ്യ മത്സരത്തിൽ സെനഗലിനെതിരെയും ഗാക്പോ വല കുലുക്കിയിരുന്നു. ഗോള്‍ വീണതോടെ മറുപടി നൽകാൻ ഇക്വഡോറും പ്രത്യാക്രമണവുമായി നെതർലൻഡ്സും മുന്നേറ്റി.

ഇക്വഡോറിനായി ഗോൾ നേടിയ എന്നർ വലെൻസിയ. Photo: Twitter@FIFAWC
ഇക്വഡോറിനായി ഗോൾ നേടിയ എന്നർ വലെൻസിയ. Photo: Twitter@FIFAWC

28–ാം മിനിറ്റിൽ നെതർലൻഡ് ബോക്സിൽ എന്നർ വലെൻസിയ, മിച്ചേൽ എസ്ത്രാഡയ്ക്കു നൽകിയ പാസിൽ ലക്ഷ്യം കാണാൻ ഇക്വഡോറിനു സാധിച്ചില്ല. 32–ാം മിനിറ്റിൽ ഇക്വഡോറിന്റെ കൗണ്ടർ ആക്രമണത്തിൽ എന്നർ വലെൻസിയയുടെ മുന്നേറ്റം നെതർലൻഡ്സ് ഗോളി ആൻഡ്രിസ് നൊപ്പെർട്ട് പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് ഇക്വഡോർ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതി അവസാനിച്ചപ്പോൾ നെതർലൻഡ്സ് ഒരു ഗോളിനു മുന്നിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്റ്റീവൻ ബെർഗ്‍വിന് പകരം ഡിപേയെ നെതർലൻഡ്സ് കളത്തിലിറക്കി. 49–ാം മിനിറ്റിൽ എന്നർ വലെൻസിയയിലൂടെ ഇക്വഡോർ സമനില പിടിച്ചു. സമനിലയിൽ തൃപ്തിയാകാതെ ഇക്വഡോർ ഇടയ്ക്കിടെ ഓറഞ്ച് ഗോൾ മുഖം വിറപ്പിച്ചുകൊണ്ടിരുന്നു. 59–ാം മിനിറ്റില്‍ ഗോൺസാലോ പ്ലാറ്റായുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചത് ഇക്വഡോർ താരങ്ങൾക്കു നിരാശയായി. ഇക്വഡോർ താരം എന്നർ വലെൻസിയയുടെ നിരവധി അവസരങ്ങൾ പാഴായി. വീണ്ടും ലീഡെടുക്കാനുള്ള നെതർലൻഡ്സ് മുന്നേറ്റങ്ങളും ലക്ഷ്യം കണ്ടില്ല.

ഗോൾ നേട്ടം ആഘോഷിക്കുന്ന നെതർലൻഡ്സ് താരങ്ങൾ. Photo: Twitter@FIFAWC
ഗോൾ നേട്ടം ആഘോഷിക്കുന്ന നെതർലൻഡ്സ് താരങ്ങൾ. Photo: Twitter@FIFAWC

ഗോളുകൾ വന്ന വഴി

ഗാക്പോയുടെ അതിവേഗ ഗോൾ: ആറാം മിനിറ്റിൽ കോഡി ഗാക്പോയാണു നെതർലൻഡ്സിനായി ഗോള്‍ നേടിയത്. ഖത്തർ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. ഡേവി ക്ലാസന്റെ പാസിൽനിന്നായിരുന്നു ഗാക്പോയുടെ ഗോൾ പിറന്നത്. പന്തു ലഭിച്ചതിനു പിന്നാലെ ഇടത്തേക്കു ചുവടുവച്ച താരം ഇടത്തേക്കാൽ കൊണ്ടു ഇക്വഡോർ പോസ്റ്റിന്റെ ടോപ് കോർണറിലേക്കു പന്തെത്തിച്ചു.

വലെൻസിയയുടെ മറുപടി: നെതർലൻഡ്സ് ഗോൾ മുഖത്തു പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്ത് പെർവിസ് എസ്തുപിനാന്റെ ഷോട്ട് ഗോൾ കീപ്പർ തട്ടിയകറ്റി. പക്ഷേ തൊട്ടുമുന്നിൽ നിൽക്കുകയായിരുന്ന വലെൻസിയയ്ക്കു തെറ്റിയില്ല. നെതർലൻഡ്സ് ഗോളി ആൻഡ്രിസ് നൊപ്പെർട്ടിനെ മറികടന്ന് പന്ത് ഓറഞ്ച് പടയുടെ വലയിൽ.

English Summary: FIFA World Cup, Netherlands vs Ecuador Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com