കളം നിറഞ്ഞ് ആഫ്രിക്കൻ കരുത്തർ; അവസാന മിനിറ്റിലും ഗോൾ: ആവേശപ്പോരിൽ പോർച്ചുഗൽ

HIGHLIGHTS
  • പോർച്ചുഗൽ –3, ഘാന –2
ronaldo-felix
പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (ഇടത്) ആഹ്ലാദം. ജോവ ഫെലിക്സ് സമീപം.
SHARE

ദോഹ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും തുടക്കം മോശമാക്കിയില്ല. ഖത്തർ ലോകകപ്പി‍ൽ ആഫ്രിക്കൻ കരുത്തരായ ഘാനയ്ക്കെതിരെ 3–2നാണു പോ‍ർച്ചുഗലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോവ ഫെലിക്സ്, റാഫേൽ ലിയാവോ എന്നിവരാണു പോർച്ചുഗലിന്റെ വിജയഗോളുകൾ നേടിയത്. ഘാനയ്ക്കായി ക്യാപ്റ്റൻ ആന്ദ്രേ അയേവ്, ബുകാരി എന്നിവർ ഗോൾ മടക്കി. 2–ാം പകുതിയിലായിരുന്നു കളിയിലെ 5 ഗോളുകളും.

തുടർച്ചയായി 5 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരമെന്ന ബഹുമതിയും ഈ കളിയിൽ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. 2006, 2010, 2014, 2018, 2022 ലോകകപ്പുകളിലാണ് ക്രിസ്റ്റ്യാനോയുടെ ഗോൾനേട്ടം. ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾ നേട്ടം 8 ആയി. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമാണ് കളം ഉണർന്നത്. 65–ാം മിനിറ്റി‍ൽ പെനൽറ്റി സ്പോട്ടി‍ൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഗോൾ നേടി. പക്ഷേ, ആവേശം അധികനേരം നീണ്ടില്ല. 73–ാം മിനിറ്റിൽ ക്യാപ്റ്റൻ ആന്ദ്രേ അയേവിന്റെ ഗോളി‍ൽ ഘാന ഒപ്പമെത്തി.

78–ാം മിനിറ്റിൽ ജോവ ഫെലിക്സിന്റെ ഗോളിൽ പോർച്ചുഗൽ ലീഡെടുത്തു. 80–ാം മിനിറ്റിൽ റാഫേൽ ലിയാവോയുടെ ഗോൾകൂടി വീണതോടെ പോർച്ചുഗലിന് ആത്മവിശ്വാസമായി. അതോടെ, 88–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാഡോ സിൽവ, ജോവ ഫെലിക്സ് എന്നിവരെ പിൻവലിക്കാൻ കോച്ച് ഫെർണാണ്ടോ സാന്റസ് ധൈര്യം കാട്ടി.  അതുപക്ഷേ തിരിച്ചടിയായോ എന്നു സംശയിപ്പിക്കുന്ന വിധം ഘാന അടുത്ത ഗോൾ കൂടി നേടി. 89–ാം മിനിറ്റിൽ ബുകാരിയുടേതായിരുന്നു ആ പവർ ഗോൾ (3–2). ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിചയസമ്പത്തും യുവതാരങ്ങളുടെ മികവുമെല്ലാം ഒത്തിണങ്ങിയ ടീമായിരുന്നിട്ടും പോർച്ചുഗലിനെ അവസാന 15 മിനിറ്റോളം വിറപ്പിച്ച ശേഷമാണ് ഘാന തോ‍ൽവി സമ്മതിച്ചത്.

37

ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമുള്ള രണ്ടാമത്തെ താരമാണു ക്രിസ്റ്റ്യനോ. 37 വയസ്സും 292 ദിവസവുമാണ് ക്രിസ്റ്റ്യാനോയുടെ പ്രായം. 1994 ലോകകപ്പി‍ൽ കാമറൂണിനായി ഗോൾ നേടിയ റോജർ മില്ലയാണ് ഏറ്റവും പ്രായം കൂടിയ താരം. 42 വയസ്സും 39 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മില്ലയുടെ ഗോൾ. 

English Summary : Portugal started World Cup Campaign with victory over Ghana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA