ADVERTISEMENT

ദോഹ∙ സെർബിയയ്ക്കെതിരായ കളിക്കിടെ പരുക്കേറ്റ ബ്രസീൽ സൂപ്പർ താരം നെയ്മാറിന് അടുത്ത കളി നഷ്ടമായേക്കും. സ്വിറ്റ്സർലൻഡിനെതിരായ അടുത്ത മത്സരത്തിൽ താരം കളിക്കാൻ സാധ്യത കുറവാണെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പർ താരം പുറത്തിരിക്കേണ്ടിവരുമെന്നും ചില സ്പോര്‍ട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെര്‍ബിയയ്ക്കെതിരായ വിജയത്തിനിടയിലും സൂപ്പർ താരം നെയ്മാര്‍ പരുക്കേറ്റു കളം വിട്ടത് ബ്രസീലിന് ആശങ്ക ഉയർത്തുകയാണ്. 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമേ പരുക്ക് ഗുരുതരമാണോയെന്ന് പറയാനാകുവെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീരുവച്ച കണങ്കാലുമായാണ് നെയ്മാര്‍ എന്‍പതാം മിനിറ്റില്‍ മൈതാനം വിട്ടത്.

രണ്ടാം പകുതില്‍ ലീഡെടുത്ത ശേഷമാണ് നെയ്മാര്‍ പരുക്കേറ്റു വീണത്. കര​ഞ്ഞുകൊണ്ട് കളം വിട്ട നെയ്മാര്‍ സൈഡ് ബെഞ്ചില്‍ ചികില്‍സ തേടുമ്പോള്‍ നിരാശനായി മുഖം മറച്ചിരുന്നു. ‌നിരവധി തവണ പരുക്കലട്ടിയിട്ടുള്ള താരത്തിന്റെ വലതുകാലിനാണ് ഇത്തവണയും പരുക്കേറ്റത്. മത്സരത്തില്‍ ഏഴുതവണയാണ് നെയ്മാര്‍ ഫൗള്‍ ചെയ്യപ്പെട്ടത്. നിക്കോളാ മിലെന്‍ങ്കോവിച്ചിന്റെ ടാക്കിളാണ് നെയ്മാറെ കളത്തിന് പുറത്തേയ്ക്കെത്തിച്ചത്.  

24 മുതല്‍ 48 മണിക്കൂര്‍ വരെ നിരീക്ഷിച്ചശേഷമേ പരുക്കു സംബന്ധിച്ച‌ു വ്യക്തത വരൂവെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മാര്‍ പരിശീലക സംഘത്തെ അറിയിച്ചു. നെയ്മാറുടെ ലോകകപ്പിന് അവസാനമായിട്ടില്ലെന്നും വരും മത്സരങ്ങളിലും കളിക്കുമെന്നാണു പ്രതീക്ഷയെന്നും പരിശീലകന്‍ ടിറ്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച സ്വിറ്റ്സര്‍ലൻഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

English Summary: FIFA World Cup: Brazil team doctor provides update on Neymar's ankle injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com