തുടരുമീ...ഗാനിം: ലോകം അദ്ഭുതത്തോടെ കണ്ട ആ ബാലന്റെ കഥ

ghanim-al-muftah
1- ഗാനിം അൽ മുഫ്തയും സഹോദരൻ അഹമ്മദും. 2- ഗാനിമും ജോസി ആന്റണിയും.
SHARE

ലോകകപ്പ് ഉദ്ഘാടന വേദിയിൽ താരമായ ഖത്തറി ബാലൻ ഗാനിം അൽ മുഫ്തയുടെ ജീവിതകഥ മലയാളി പരിശീലകൻ ജോസി ആന്റണിയുടെ വാക്കുകളിലൂടെ...

ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം ലോകകപ്പ് ഉദ്ഘാടന വേദിയിൽ മിന്നിത്തിളങ്ങിയ ഇരുപതുകാരൻ ഗാനിം അൽ മുഫ്തയാണ് ഇപ്പോൾ ഖത്തറിലെ സൂപ്പർ താരങ്ങളിലൊരാൾ. രാജ്യത്തെ അറിയപ്പെടുന്ന യൂട്യൂബറും പ്രചോദക പ്രഭാഷകനുമായ ഗാനിമിനെ നേരിട്ടു കാണാനാകുമോ എന്ന് അന്വേഷിച്ചു നോക്കി. പോയിപ്പോയി കിട്ടിയത് ഒരു മലയാളിയെ; ഗാനിമിന്റെ പഴ്സനൽ ട്രെയ്‌നറായിരുന്ന എറണാകുളം കുമ്പളങ്ങി സ്വദേശി ജോസി ആന്റണിയെ. ഗാനിമിനെ ഇപ്പോൾ കാണാനാകില്ല. കോഡൽ റിട്രാക്‌ഷൻ സിൻഡ്രോം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിലാണ് അദ്ദേഹം. അതിനിടയ്ക്കാണ് ലോകകപ്പ് ഉദ്ഘാടനവേദിയിൽ എത്തിയത്- ജോസി പറഞ്ഞു.

FBL-WC-2022-MATCH01-QAT-ECU
ഗാനിം ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം.

10 വർഷത്തോളം ഗാനിമിന്റെ നീന്തൽ പരിശീലകനായിരുന്നു ജോസി. ‘മൂന്നര വയസ്സുള്ളപ്പോഴാണ് ഗാനിം എന്റെ അടുത്തെത്തുന്നത്. 2005ൽ ദോഹയിലെ ഇന്ത്യൻ സ്കൂളിലെ ജോലി വിട്ടു തിരിച്ചു നാട്ടിലെത്തിയ എന്നെ ഗാനിമിന്റെ മാതാവ് എമാൻ നേരിട്ടു ക്ഷണിക്കുകയായിരുന്നു. മക്കളെ നീന്തൽ ഉൾപ്പെടെയുള്ള ജല കായികവിനോദങ്ങൾ പരിശീലിപ്പിക്കണം എന്നായിരുന്നു ആവശ്യം. അൽ വക്‌റയിലുള്ള മുഫ്ത കുടുംബത്തിന്റെ വീട്ടിലെ നീന്തൽക്കുളത്തിലായിരുന്നു പരിശീലനം.

ഗാനിമിനെയും ശാരീരിക അവശതകളൊന്നുമില്ലാത്ത സഹോദരൻ അഹമ്മദിനെയും ഒരു പോലെയാണ് എമാനും ഭർത്താവ് മുഹമ്മദ് അഹമ്മദ് അലി മുഫ്തയും വളർത്തിയത്.  അഹമ്മദ് കാലു കൊണ്ടു ഫുട്ബോൾ കളിച്ചു. ഗാനിം കൈ കൊണ്ടും. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും അപൂർവ സഹോദരങ്ങളാണ് അവർ. ഗാനിമിനും അഹമ്മദിനും 5 വയസ്സിനു മൂത്ത സഹോദരി ഗരീസ കൂടിയുണ്ട്. എന്റെ മകൾ ജിസ്‌ലിനുമായി വലിയ കൂട്ടായി അവരെല്ലാം- ജോസിയുടെ വാക്കുകൾ. ആളുകളുമായി ഇടപഴകാൻ സവിശേഷ സിദ്ധിയുണ്ടായിരുന്ന ഗാനിം പെട്ടെന്നാണ് സെലിബ്രിറ്റിയായി മാറിയത്. തന്റെ ജീവിതകഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഗാനിമിന് ആരാധകരേറെയുണ്ടായി. 

ഗാനിമിന്റെ ഉയർച്ചയിലെല്ലാം പിന്തുണയുമായി ഖത്തർ രാജകുടുംബം കൂടെയുണ്ട്. ലണ്ടനിലെ കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിക്കുകയാണ് ഗാനിമും അഹമ്മദും ഇപ്പോൾ. ഖത്തറിലെ ജീവിതം തങ്ങൾക്കു നൽകിയ ഏറ്റവും വലിയ സമ്പാദ്യമാണ് ഗാനിമും കുടുംബവുമായുള്ള ബന്ധം എന്നു പറയുന്നു  ചിത്രകാരൻ കൂടിയായ ജോസിയും ഭാര്യ മേരി ഡേയ്സും. ഗാനിം എന്നെ ചെറുപ്പത്തിൽ കോച്ചീ എന്നാണ് വിളിച്ചിരുന്നത്. പക്ഷേ ഞാൻ അദ്ദേഹത്തെ നീന്തൽ പഠിപ്പിച്ചു എന്നേയുള്ളൂ. എന്നെ ജീവിതം പഠിപ്പിച്ചത് ഗാനിമും കുടുംബവുമാണ്-   ഖത്തറിലെ അമേരിക്കൻ സ്കൂൾ ഓഫ് ദോഹയിൽ ലീഡ് അക്വാട്ടിക്സ് ഇൻസ്ട്രക്ടറായ ജോസി പറയുന്നു. 

English Summary : Young Qatari star Ghanim Al Muftah

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA