ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ രണ്ടു ഗോളുകൾക്കു തകർത്തുവിട്ട് പോളണ്ട്. ആദ്യ മത്സരത്തിൽ കരുത്തരായ അര്‍ജന്റീനയെ തോൽപിച്ചെത്തിയ സൗദിയുടെ ആത്മവിശ്വാസം കെടുത്തിക്കൊണ്ടാണ് പോളണ്ട് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്. പോളണ്ടിനായി പിയോറ്റർ സെലിൻസ്കി (39–ാം മിനിറ്റ്), ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി (81–ാം മിനിറ്റ്) എന്നിവർ ഗോളടിച്ചു.

ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ഗോൾ രഹിത സമനില വഴങ്ങിയ പോളണ്ടിന് ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ഇന്നത്തെ കളിയിൽ ജയം അനിവാര്യമായിരുന്നു. അടുത്ത മത്സരത്തിൽ അർജന്റീനയെ തോൽപിച്ചാൽ പോളണ്ടിന് അനായാസം പ്രീക്വാർട്ടർ ഉറപ്പിക്കാം. ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ഒപ്പത്തിനൊപ്പമുള്ള മത്സരമാണു കാഴ്ച വച്ചത്. അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ സൗദി പോളണ്ടിനെതിരെയും വിറപ്പിച്ചുകൊണ്ടാണ് ആദ്യ പകുതി പൂര്‍ത്തിയാക്കിയത്.

എന്നാൽ 39–ാം മിനിറ്റില്‍ ഗോൾ നേടി പോളണ്ട് മത്സരത്തിലേക്കു തിരിച്ചെത്തി. പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ അസിസ്റ്റിൽ ഗോൾ നേടിയത് പിയോറ്റർ സെലിൻസ്കി. 44–ാം മിനിറ്റിൽ സൗദി താരം അൽ ഷെഹ്‍രിയെ പോളിഷ് താരം ക്രിസ്റ്റ്യൻ ബെയ്‍ലിക് ഫൗൾ ചെയ്തതിന് സൗദി അറേബ്യയ്ക്കു പെനൽറ്റി ലഭിച്ചു. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് പെനൽറ്റി നൽകിയത്. അൽ ദാവരിയുടെ ഷോട്ട് പോളിഷ് ഗോളി വോജെച് സെസ്നി തടുത്തിട്ടു. റീബൗണ്ടിൽ മുഹമ്മദ് അൽ ബ്രെയ്കിന്റെ ഗോൾ ശ്രമവും പോളണ്ട് ഗോളി പരാജയപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ലീഡ് പോളണ്ടിന്.

പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിനിടെ. Photo: Twitter@FIFAWC
പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കി സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിനിടെ. Photo: Twitter@FIFAWC

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ മടക്കാൻ സൗദി ശ്രമം തുടങ്ങി. 48–ാം മിനിറ്റിൽ അൽ ആബെദിന്റെ ഫ്രീകിക്കിൽ ലക്ഷ്യം കാണാൻ സൗദിക്കു സാധിച്ചില്ല. 52–ാം മിനിറ്റിൽ സൗദി താരം മുഹമ്മദ് കന്നോ മനോഹരമായൊരു ബൈസിക്കിൾ കിക്കിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയി. 56–ാം മിനിറ്റിൽ സൗദി താരം സലിം അൽ ദാവസരിയുടെ ഷോട്ട് പോളണ്ട് ഗോളി സെസ്നി സേവ് ചെയ്തു. 64–ാം മിനിറ്റില്‍ പോളണ്ടിന്റെ അർകാദിയുസ് മിലികിന്റെ തകർപ്പനൊരു ഡൈവിങ് ഹെഡർ ക്രോസ് ബാറിൽ തട്ടിപോയത് പോളിഷ് ആരാധകർക്കും നിരാശയായി.

രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ സൗദി ഗോൾ നേടാൻ മുന്നേറിക്കളിച്ചതോടെ പോളണ്ടിന് സൗദി ബോക്സിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു. 78-ാം മിനിറ്റിൽ സൗദി താരം അൽ മാലിക്കിയുടെ ഇടംകാൽ ഷോട്ട് ചെറിയ വ്യത്യാസത്തിലാണ് പോളണ്ട് പോസ്റ്റിലെത്താതെ പോയത്. അവസാന മിനിറ്റുകളിൽ സൗദി പ്രതിരോധം പാളിയതോടെ പോളണ്ട് വീണ്ടും ഗോളടിച്ചു. 81-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി രണ്ടാം ഗോൾ നേടി. ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പിൽ പോളണ്ട് ഒന്നാമതെത്തി.

ഗോൾ വന്ന വഴി

പോളണ്ടിന്റെ ആദ്യ ഗോൾ: 39-ാം മിനിറ്റിലായിരുന്നു പോളണ്ടിന്റെ ആദ്യ ഗോൾ. സൗദി അറേബ്യയുടെ പക്കൽനിന്നു പന്ത് പിടിച്ചെടുത്ത് പിയോറ്റർ സെലിൻസ്കിക്കു നൽകിയത് പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി. ആത്മവിശ്വാസത്തോടെ പന്തെടുത്ത പിയോറ്റർ സെലിൻസ്കി അനായാസം ലക്ഷ്യം കണ്ടു.

ലെവയുടെ ഗോൾ: 81–ാം മിനിറ്റിൽ സൗദി താരം അൽ മാലിക്കിയുടെ വലിയ പിഴവിലായിരുന്നു പോളണ്ടിന്റെ രണ്ടാം ഗോൾ. സൗദി ഗോളി നൽകിയ പന്തുമായി മുന്നേറുന്നതിനിടെ അൽ മാലിക്കിയിൽനിന്ന് പന്ത് തട്ടിയെടുക്കുന്നു പോളണ്ട് ക്യാപ്റ്റൻ ലെവൻഡോവ്സ്കി. സൗദി ഗോളിയെ മറികടന്ന് ലക്ഷ്യം കാണുന്നു ലെവൻഡോവ്സ്കി. ഫിഫ ലോകകപ്പിൽ താരത്തിന്റെ ആദ്യ ഗോളാണിത്.

English Summary: FIFA World Cup 2022, Poland vs Saudi Arabia Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com