ADVERTISEMENT

ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം വാഴ്ത്തപ്പെട്ടാണ് ബ്രസീലിയൻ താരം നെയ്മാറിന്റെ ഫുട്ബോൾ അരങ്ങേറ്റം. ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്ന് 2013ൽ റെക്കോർഡ് തുകയ്ക്ക് സ്പെയിൻ ക്ലബ് ബാർസിലോനയിൽ എത്തുമ്പോൾ നെയ്മാറിനു പ്രായം 21. അവിടെനിന്ന് അതിലും വലിയ തുകയ്ക്ക് 2018ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ.

നിലവിൽ പിഎസ്ജിയിൽ നെയ്മാറിന്റെ പ്രതിവാര പ്രതിഫലം ഏകദേശം 6 കോടി രൂപയാണ്. പക്ഷേ, നേട്ടങ്ങളുടെ കണക്കിൽ മെസ്സി, ക്രിസ്റ്റ്യാനോ നിരയിലേക്ക് ഇന്നും നെയ്മാർ എത്തിയിട്ടില്ലെങ്കിൽ അതിനു പ്രധാന കാരണം അടിക്കടി സംഭവിക്കുന്ന പരുക്ക് തന്നെ. ഖത്തർ ലോകകപ്പിൽ സെർബിയയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ നെയ്മാറിന് 2 കളികൾ നഷ്ടമായിക്കഴിഞ്ഞു.

വിട്ടു നിന്നത് 750 നാൾ !

പരുക്കുമൂലം നെയ്മാർ ഇതുവരെ ഫുട്ബോളിൽനിന്നു വിട്ടു നിന്നത് 750 ദിവസമാണ്. പരുക്കേറ്റത് 38 തവണ. ആകെ നഷ്ടമായത് 133 മത്സരങ്ങൾ. ബാർസിലോനയിൽ കളിക്കുമ്പോൾ പരുക്കേറ്റത് 9 തവണ. നഷ്ടമായത് 29 മത്സരങ്ങൾ. പിഎസ്ജിയിൽ 27 തവണ പരുക്കേറ്റു; 104 മത്സരങ്ങൾ കളിച്ചില്ല. ബ്രസീൽ ജഴ്സി‍യിലെ കളിക്കിടെ 2 തവണ പരുക്കേറ്റു പുറത്തായി. 2014  ലോകകപ്പിൽ ക്വാർട്ടർ മത്സരത്തിനിടെ നടുവിനു പരുക്കേറ്റ് പുറത്തായി.

ലോകകപ്പിലെ ഗ്രൂപ്പ് ജി മൽസരത്തിൽ ബ്രസീൽ– സെർബിയ പോരാട്ടത്തിൽ നിന്ന്. ചിത്രം : നിഖിൽരാജ് ∙ മനോരമ
ലോകകപ്പിലെ ഗ്രൂപ്പ് ജി മൽസരത്തിൽ ബ്രസീൽ– സെർബിയ പോരാട്ടത്തിൽ നിന്ന്. ചിത്രം : നിഖിൽരാജ് ∙ മനോരമ

വലിയ പരുക്കുകൾ 19

പരുക്കേറ്റ് തുടർച്ചയായി 10 ദിവസത്തിന ് മുകളിൽ നെയ്മാറിനു വിട്ടു നിൽക്കേണ്ടി വന്നത് 19 തവണ. നെയ്മാറിന്റെ കരിയറിലെ പ്രധാന പരുക്കുകൾ

2014 ജനുവരി: ബാർസിലോനയിൽ എത്തിയ ശേഷം കണങ്കാലിനു പരുക്കേറ്റ് വിട്ടുനിന്നത് 32 ദിവസം. ഈ പരുക്കിനാണ് ആദ്യമായി ശസ്ത്രക്രിയ വേണ്ടിവന്നത്.

2014 ജൂലൈ: ലോകകപ്പിൽ കൊളംബിയയ്ക്ക് എതിരായ മത്സരത്തിനിടെ നടുവിനു പരുക്കേറ്റു. 30 ദിവസം പുറത്ത്.

2018 ഫെബ്രുവരി: പിഎസ്ജിയിൽ എത്തിയ ശേഷം ആദ്യ വലിയ പരുക്ക്. തുടയ്ക്കു പരുക്കേറ്റ് പുറത്തിരുന്നത് 90 ദിവസം. 16 കളികൾ നഷ്ടം.

2019 ജനുവരി: വീണ്ടും പരുക്കേറ്റ് 85 ദിവസം വിശ്രമം. 18 മത്സരങ്ങളിൽ ഇറങ്ങിയില്ല.

2019 ജൂൺ: കണങ്കാലിനു പരുക്കേറ്റ് 63 ദിവസം വിശ്രമം.

2021 നവംബർ: കണങ്കാലിനു പരുക്കേറ്റ് പുറത്തായത് 73 ദിവസം. 12 മത്സരങ്ങൾ കളിച്ചില്ല.

വിടാതെ പരുക്ക്: കാരണം

ബാർസിലോനയിൽ വച്ച് 2013–14 സീസണിൽ കണങ്കാലിനു പരുക്കേറ്റെങ്കിലും വേദന വകവയ്ക്കാതെ നെയ്മാർ കളിച്ചു. പിന്നീട് പരുക്ക് ഗുരുതരമായപ്പോൾ ശസ്ത്രക്രിയ നടത്തി. എന്നാൽ ശസ്ത്രക്രിയ വിജയകരമായില്ല. മാസങ്ങൾക്കു ശേഷം വീണ്ടും കണങ്കാലിനു പരുക്കേറ്റു. 2018ൽ പിഎസ്ജിക്കായി കളിക്കുമ്പോൾ കണങ്കാലിനു പരുക്കേറ്റു സ്പെയിൽ നടത്തിയ ശസ്ത്രക്രിയയും വിജയകരമായില്ല. മാസങ്ങൾക്കു ശേഷം വീണ്ടും അതേ പരുക്ക് വില്ലനായി.

എന്തുകൊണ്ട് നെയ്മാർ 

നെയ്മാറിന്റെ കളിശൈലി തന്നെയാണ് പരുക്കിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. പന്ത് കാലിൽ നിയന്ത്രിച്ച ശേഷം എതിരാളിയെ തന്റെ സ്കില്ലിലൂടെ പരാജയപ്പെടുത്തുന്ന രീതിയാണു പരുക്ക് ക്ഷണിച്ചു വരുത്തുന്നത്. ഈ കളിക്കിടെ നെയ്മാർ ഫൗൾ ചെയ്യപ്പെടുന്നതു പതിവാണ്.

പ്രതിരോധ നിരയെ മറികടന്ന് ബോക്സിലേക്കു കുതിക്കാൻ നെയ്മാർ നടത്തുന്ന ഈ പ്രയത്നം ‘റിസ്ക്’ ആണെന്നാണ് വിദഗ്ധർ പറയുന്നത്.തുടർച്ചയായി ശസ്ത്രക്രിയകൾ വേണ്ടി വന്നതും പരുക്ക് ആവർത്തിക്കപ്പെടാൻ കാരണം. കണങ്കാലിലെ പരുക്കിനു പിന്നിൽ പാരമ്പര്യവും ഘടകമാണെന്നു വിശദീകരണമുണ്ട്. ഫുട്ബോൾ താരമായിരുന്ന നെയ്മാറിന്റെ പിതാവിനും തുടർച്ചയായി കണങ്കാലിനു പരുക്കേറ്റിരുന്നു.

English Summary : Regular Injuries for Brazilian player Neymar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com