ADVERTISEMENT

ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഒൻപതു ഫോർവേഡുകളുണ്ട്. അതിൽ നെയ്മാറിനെപ്പോലെ ക്രിയേറ്റീവ് ആയ ആളുണ്ട്. വിനീസ്യൂസിനെപ്പോലെ വിങ്ങിലൂടെ ഓടിക്കളിക്കുന്ന ഒരാളുണ്ട്. എന്നാൽ ഇതിഹാസതാരം റൊണാൾഡോ നസാരിയോയെപ്പോലെ ഗോൾമുഖത്ത് തക്കം പാർത്തു നിൽക്കുന്ന ആ ഒരാൾ ആരാണ്? ബ്രസീലിയൻ കോച്ച് ടിറ്റെയ്ക്കും ആരാധകർക്കുമെല്ലാം അക്കാര്യത്തിൽ ഒരു സംശയമുണ്ടായിരുന്നു- പക്ഷേ സെർബിയയ്ക്കെതിരെ ഇരട്ടഗോളുകളുമായി റിച്ചാലിസൺ തൽക്കാലം ആ ജഴ്സി എടുത്തണിയുകയാണ്.

ഒരു ബ്രസീലിയൻ എന്നതിനെക്കാൾ യൂറോപ്യൻ ശൈലിയുള്ള ഫോർവേഡാണ്  ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്‌സ്പറിന്റെ താരമായ റിച്ചാലിസൺ. ഡ്രിബ്‌ളർ എന്നതിനെക്കാളേറെ റണ്ണർ, ട്രിക്കുകൾക്കു പകരം മികച്ച ഫിസിക്കൽ പ്ലേ, 1.84 മീറ്റർ ഉയരമുള്ളതിനാൽ മികച്ച ഏരിയൽ പ്ലേ. റിച്ചാലിസന്റെ ആ ഗോൾ പോലും അനുസ്മരിപ്പിച്ചത് യൂറോപ്യൻ താരങ്ങളെയാണ്. സ്‌ലാറ്റൻ ഇബ്രാഹിമോവിച്ചിനെപ്പോലെ ഒരാളെ. ബ്രസീലിയൻ ക്ലബ് അമേരിക്ക മിനെയ്റോയിലൂടെ കളി തുടങ്ങിയ റിച്ചാലിസൺ ഇംഗ്ലിഷ് പ്രിമിയർ ലീഗിലെത്തിയതോടെയാണ് മികവിന്റെ പൂർണതയിലെത്തിയത്. എവർട്ടനു വേണ്ടി 135 മത്സരങ്ങളിൽ 43 ഗോളുകൾ നേടിയ ശേഷം ഈ സീസണിൽ ടോട്ടനമിലെത്തി.

റിച്ചാലിസന്റെ ജീവിതം പക്ഷേ ഏതൊരു ബ്രസീലിയൻ താരത്തെയും പോലെത്തന്നെ. ബ്രസീലിലെ തെക്കു കിഴക്കൻ പ്രദേശമായ നോവ വെനസിയയിൽ ജനിച്ച റിച്ചാലിസൺ ചെറുപ്പത്തിൽ അമ്മയോടൊപ്പം ഐസ്ക്രീം വിറ്റു നടന്നു. 14-ാം വയസ്സിൽ തോക്കിൻ മുനയിൽനിന്നു രക്ഷപ്പെട്ട അനുഭവവും റിച്ചാലിസണുണ്ട്. റിച്ചാലിസൺ ലഹരിമരുന്ന് കാരിയർ ആണെന്ന് ഒരാൾ തെറ്റിദ്ധരിച്ചതായിരുന്നു കാരണം. ജീവിതത്തിൽ കടന്നു വന്ന വഴികൾ മറക്കാത്തതിനാൽ ബ്രസീലിയൻ ടീമിൽ സാമൂഹിക ആവശ്യങ്ങൾക്കു വേണ്ടി ഏറ്റവും ശക്തമായി ശബ്ദിക്കുന്നയാൾ കൂടിയാണ് റിച്ചാലിസൺ. ബ്രസീലിലെ പാന്റനാൽ ചതുപ്പുനിലങ്ങളിലെ കാട്ടുതീ മുതൽ കോവിഡ് വാക്സിനേഷനു വേണ്ടിയുള്ള പ്രചാരണം വരെ നീളുന്നു അത്.

ഭാഗ്യമല്ല, അധ്വാനം

സെർബിയക്കെതിരെ റിച്ചാലിസന്റെ രണ്ടാം ഗോൾ ഭാഗ്യത്തിനു കിട്ടിയതാണോ. അല്ലേയല്ല. മത്സരത്തിനു മുൻപ് പരിശീലനത്തിനിടെ റിച്ചാലിസൺ സമാനമായ കിക്ക് പരിശീലിക്കുന്ന ദൃശ്യം ഗോളിനു പിന്നാലെ വൈറലായി പ്രചരിച്ചു. എന്നാൽ മൈതാനത്തിറങ്ങിയപ്പോൾ അതിനെക്കാൾ മനോഹരമായി റിച്ചാലിസന്റെ കിക്ക്. വിനീസ്യൂസിന്റെ പുറംകാൽ കൊണ്ടുള്ള പാസ് കാലു കൊണ്ട് ഒന്നുയർത്തിയതിനു ശേഷം രണ്ടാം ടച്ചിലാണ് റിച്ചാലിസൺ ഗോളിലേക്കു തൊടുത്തത്.

റിച്ചാലിസൺ പരിശീലനത്തിനിടെ (വിഡിയോ ദൃശ്യം).

English Summary: Richarlisons stunning goals against serbia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com