ADVERTISEMENT

അൽ റയ്യാൻ∙ റോസ്ബെഹ് ചെഷ്മി ! ഇറാനികൾ ഇനി മറക്കില്ല ഈ പേര്. വെയ്ൽസിനെതിരായ മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണം നടത്തിയ ഇറാൻ ടീമിന് അർഹിച്ച ഗോൾ നേടിക്കൊടുത്ത താരം. ഇൻജറി ടൈമിന്റെ 9–ാം മിനിറ്റിൽ ചെഷ്മിയുടെ ഗോൾ. 3 മിനിറ്റിനകം റമീൻ റീസിയനിലൂടെ ഒരു ഗോൾ കൂടി നേടി ഇറാൻ വിജയം ആധികാരികമാക്കി. സ്കോർ: ഇറാൻ 2, വെയ്‌ൽസ് 0. 88–ാം മിനിറ്റിൽ വെയ്ൽസ് ഗോൾകീപ്പർ വെയ്ൻ ഹെന്നസി ചുവപ്പ് കാർഡ് കണ്ടു പുറത്തായതിനു ശേഷമാണ് ഇറാൻ 2 ഗോളും നേടിയത്. ഖത്തർ ലോകകപ്പിൽ ചുവപ്പു കാർഡ് കണ്ടു പുറത്താകുന്ന ആദ്യ താരമാണ് ഹെന്നസി.

വെയ്ൽസ് 10 പേരിലേക്കു ചുരുങ്ങിയതും ഇറാന്റെ വിജയത്തിൽ നിർണായകമായി. ലോകകപ്പ് ചരിത്രത്തിൽ യൂറോപ്യൻ ടീമിനെതിരെ ഇറാന്റെ ആദ്യ വിജയമാണിത്. മുൻപ് 9 തവണ യൂറോപ്യൻ രാജ്യങ്ങളുമായി ഇറാൻ ലോകകപ്പിൽ ഏറ്റുമുട്ടി. 7 തോൽവിയും രണ്ടു സമനിലയുമായിരുന്നു. എല്ലാ കളിയിലും ഗോളും വഴങ്ങിയിരുന്നു. ഇത്തവണ ക്ലീൻ ഷീറ്റോടെ തകർപ്പൻ വിജയം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 6–2 ന് തോറ്റ ഇറാൻ ജയത്തോടെ 3 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി.

29ന് യുഎസിനെതിരെയാണ് ഇറാനിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ യുഎസ്എയ്ക്കെതിരെ സമനില വഴങ്ങി ഒരു പോയിന്റുമായി അവസാന സ്ഥാനത്തുള്ള വെയ്‌ൽസിന്റെ നോക്കൗട്ട് സാധ്യതകൾ മങ്ങി. 29ന് ഇംഗ്ലണ്ടിനെ വെയ്‌ൽസ് നേരിടും. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇറാൻ താരങ്ങൾ വെയ്‌ൽസ് ബോക്സിലേക്ക് നിരന്തരം ആക്രമണങ്ങൾ നടത്തി.  ബെയ്‌ലിനെ പൂട്ടി വെയ്‌ൽസിന്റെ ആക്രമണത്തിന്റെ മുന ഒടിച്ചു.

English Summary: Two goals in injury time Iran beat Wales 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com