പകരക്കാരെയിറക്കി മൊറോക്കോ അട്ടിമറി, ഞെട്ടി ബൽജിയം; തോൽവി രണ്ടു ഗോളുകൾക്ക്

ബൽജിയത്തെ അട്ടിമറിച്ച മൊറോക്കോ താരങ്ങളുടെ ആഹ്ലാദം. Photo: Twitter@FIFAWorldCup
ബൽജിയത്തെ അട്ടിമറിച്ച മൊറോക്കോ താരങ്ങളുടെ ആഹ്ലാദം. Photo: Twitter@FIFAWorldCup
SHARE

ദോഹ∙ ഫിഫ ലോകകപ്പിൽ ബൽജിയത്തെ ഞെട്ടിച്ച് മൊറോക്കോയ്ക്ക് അട്ടിമറി വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങില്‍ 22–ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകർത്തുവിട്ടത്. കാനഡയ്ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബൽജിയത്തെ ഞെട്ടിച്ച് 73–ാം മിനിറ്റിൽ പകരക്കാരനായെത്തിയ അൽ സാബിരിയും 92–ാം മിനിറ്റിൽ സക്കരിയ അബുക്‌ലാലുമാണ് ഗോളുകൾ നേടിയത്. ക്രൊയേഷ്യയ്ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

ഗോൾ രഹിതം ആദ്യ പകുതി

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 44–ാം മിനിറ്റിൽ മൊറോക്കോ വല കുലുക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയിൽ ഓഫ് സൈഡാണെന്നു തെളിഞ്ഞു. ആദ്യ പകുതിയിൽ ബൽജിയത്തിനായിരുന്നു കളിയിൽ മേധാവിത്വം. 12–ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്നെയുടെ ഫ്രീകിക്ക് മൊറോക്കോ പ്രതിരോധ താരങ്ങൾ തട്ടിയകറ്റി. ആദ്യ മിനിറ്റുകളിൽ ബൽജിയത്തിന് ഒന്നിലേറെ കോർണറുകൾ ലഭിച്ചെങ്കിലും മൊറോക്കോ പ്രതിരോധത്തിന്റെ കരുത്തു വെളിപ്പെടുത്തുന്നതായി അവയൊക്കെ. 16–ാം മിനിറ്റിൽ ബൽജിയത്തിനായി തോർഗൻ ഹസാഡ് എടുത്ത ഫ്രീകിക്ക് സഹോദരൻ കൂടിയായ ഏദന്‍ ഹസാഡിലെത്തി. കെവിൻ ഡി ബ്രൂയ്നെയ്ക്കു പന്തു നല്‍കിയെങ്കിലും ആ നീക്കം മറ്റൊരു കോർണറിലാണ് അവസാനിച്ചത്. ബൽജിയം കോർണ‌റിൽ അമദൗ ഒനാന ഹെഡ് ചെയ്തെങ്കിലും അതും പോസ്റ്റിലെത്തിയില്ല.

ബൽജിയം–മൊറോക്കോ മത്സരത്തിൽനിന്ന്. Photo: REUTERS/Amr Abdallah Dalsh
ബൽജിയം–മൊറോക്കോ മത്സരത്തിൽനിന്ന്. Photo: REUTERS/Amr Abdallah Dalsh

കളി 19–ാം മിനിറ്റ് പിന്നിടുമ്പോൾ 79 ശതമാനമായിരുന്നു ബൽജിയത്തിന്റെ പൊസഷൻ. മൊറോക്കോ പോസ്റ്റിലേക്ക് ബൽജിയം ഉന്നമിട്ടത് നാലോളം ഷോട്ടുകൾ. 27–ാം മിനിറ്റിൽ കളിയുടെ ഒഴുക്കിനു വിപരീതമായി ബൽജിയം ബോക്സിൽ മൊറോക്കോ താരം അച്റഫ് ഹക്കിമിക്കു പന്തു ലഭിച്ചെങ്കിലും ബാറിന്റെ വളരെയേറെ ഉയരത്തിലൂടെ പന്തു പുറത്തേക്കുപോയി. ആദ്യ 40 മിനിറ്റു കഴിഞ്ഞപ്പോഴും ഗോളടിക്കാൻ ബൽജിയത്തിനോ, മൊറോക്കോയ്ക്കോ സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ (44) ബൽജിയത്തെ ഞെട്ടിച്ചുകൊണ്ട് മൊറോക്കോ വല കുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. മൊറോക്കോ ഫോർവേ‍ഡ് ഹക്കിം സിയെച്ചാണ് ഗോൾ നേടിയത്. എന്നാൽ വാർ പരിശോധനയിൽ ഓഫ് സൈഡാണെന്നു തെളിഞ്ഞതോടെ റഫറി ഗോൾ അനുവദിച്ചില്ല. ഖത്തർ ലോകകപ്പിൽ ഇതുവരെ നടന്ന 26 മത്സരങ്ങളിൽ 14 എണ്ണവും ആദ്യ പകുതിയിൽ ഗോളില്ലാ കളികളായിരുന്നു.

രണ്ടാം പകുതിയിൽ അട്ടിമറി

ആദ്യ പകുതിയിൽ ബെൽജിയത്തിന്റെ ഗോൾ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയ മൊറോക്കോ രണ്ടാം പകുതിയിൽ വല കുലുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 48–ാം മിനിറ്റിൽ മൊറോക്കോയുടെ സിയെച്ച് എടുത്ത ഫ്രീകിക്ക് ബൽജിയം പ്രതിരോധത്തിന് ഭീഷണിയാകാതെ പോയി. രണ്ടാം പകുതിയിൽ ഇരു ടീമുകളും കൂടുതൽ ആക്രമണങ്ങളുമായി മുന്നേറി. 54–ാം മിനിറ്റിൽ ഇടതു ഭാഗത്തുനിന്ന് തോർഗൻ ഹസാഡിന്റെ ക്രോസ് മൊറോക്കോ താരം അംറാബത് തട്ടിയെടുത്തു. 64–ാം മിനിറ്റിൽ ഒരു ഏരിയല്‍ ബോളിനുള്ള ബൽജിയത്തിന്റെ മിച്ചി ബത്‍സുവായിയുടെ ശ്രമം റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തിയതോടെ അവസാനിച്ചു.

മൊറോക്കോയ്ക്കു വേണ്ടി ഗോൾ നേടിയ സക്കരിയ അബുക്‌ലാൽ. Photo: Twitter@FIFAWC
മൊറോക്കോയ്ക്കു വേണ്ടി ഗോൾ നേടിയ സക്കരിയ അബുക്‌ലാൽ. Photo: Twitter@FIFAWC

ഗോള്‍ നേടുക ലക്ഷ്യമിട്ട് രണ്ടാം പകുതിയിൽ ബൽജിയവും മൊറോക്കോയും പകരക്കാരെ ഗ്രൗണ്ടിലിറക്കി നോക്കി. അതിന്റെ ഗുണം ലഭിച്ചത് മൊറോക്കോയ്ക്കു മാത്രമായിരുന്നു. 73–ാം മിനിറ്റിൽ ഗോൾ നേടിയത് പകരക്കാരനായി വന്ന അൽ സാബിരി. 68–ാം മിനിറ്റിലാണ് താരം കളിക്കാനായി ഗ്രൗണ്ടിലിറങ്ങിയത്. മറുപടി ഗോൾ ലക്ഷ്യമിട്ട് തോമസ് മ്യൂനിയറിനെ പിൻവലിച്ച് 83–ാം മിനിറ്റിൽ ബൽജിയം റൊമേലു ലുക്കാക്കുവിനെ ഇറക്കി. എന്നാൽ പകരക്കാരനായി ഇറങ്ങിയ അബുക്‌ലാലിലൂടെ മൊറോക്കോ രണ്ടാം ഗോളും നേടി.

ലോകകപ്പിൽ ഇതുവരെ ഒരു ആഫ്രിക്കൻ രാജ്യത്തോടു തോറ്റിട്ടില്ലെന്ന ബൽജിയത്തിന്റെ റെക്കോ‍ർഡും മൊറോക്കോ പഴങ്കഥയാക്കി. 2008ൽ ഒരു സൗഹൃദ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മൊറോക്കോ 4–1ന് വിജയിച്ചിരുന്നു. ലോകകപ്പിൽ ബൽജിയത്തിന്റെ അമ്പതാം മത്സരത്തിലാണ് മൊറോക്കോ അവരെ തകർത്തുവിട്ടത്.

ഗോളുകൾ വന്ന വഴി

73–ാം മിനിറ്റിൽ അൽ സാബിരി: 68-ാം മിനിറ്റിൽ മൊറോക്കോ താരം സെലിം അമല്ലായ്ക്കു പകരക്കാരനായാണ് അൽ സാബിരി ഗ്രൗണ്ടിലെത്തുന്നത്. മിനിറ്റുകൾക്കപ്പുറം മൊറോക്കോയ്ക്കു ലഭിച്ച ഫ്രീകിക്ക് എടുക്കാൻ എത്തിയതും സാബിരി. ആദ്യ പകുതിയിൽ ഹക്കിം സിയെച്ച് നേടിയ ഗോൾ വാറിൽ ഓഫ് സൈഡ് വിളിച്ച് റഫറി നിഷേധിച്ചിരുന്നു. അതിന്റെ കോപ്പി പോലെയാണ് മൊറോക്കോയുടെ ഫ്രീകിക്ക് ഗോളെത്തിയത്. സാബിരിയുടെ ഫ്രീകിക്ക് ബൽജിയം ഗോളിയെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു.

92–ാം മിനിറ്റിൽ രണ്ടാം ഗോൾ: 73-ാം മിനിറ്റിൽ മൊറോക്കോ ആദ്യ ഗോള്‍ നേടുന്നതിന് സെക്കൻഡുകൾക്കു മുൻപാണ് സോഫിയൻ ബൗഫലിന്റെ പകരക്കാരനായി സക്കരിയ അബുക്‌ലാല്‍ കളിക്കാനെത്തുന്നത്. ഹക്കിം സിയെച്ച് കട്ബാക്ക് ചെയ്തു നൽകിയ പന്ത് ബൽജിയം വലയുടെ മുകളിലേക്ക് അടിച്ചുകയറ്റിയാണ് അബൂക്‌ലാൽ മൊറോക്കോയ്ക്കായി മൂന്നു പോയിന്റ് ഉറപ്പിച്ചത്.

English Summary: FIFA World Cup 2022, Belgium vs Morocco Match Live Update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS