കളി മറന്ന ജപ്പാന്റെ നെഞ്ചകം തകർത്ത് കോസ്റ്ററിക്ക; ഫുള്ളറിലൂടെ ജയാരവം (1–0)

costa-rica-goal
ജപ്പാനെതിരെ ഗോൾ നേടിയ കീഷർ ഫുള്ളറിന്റെ ആഹ്ലാദം:Photo: Twitter@FIFAWorldCup
SHARE

ദോഹ ∙ ജർമനിയെ 2–1ന് തകർത്തെറിഞ്ഞതിന്റെ ആത്മ‌വിശ്വാസവുമായി കോസ്റ്ററിക്കയെ നേരിടാനിറങ്ങിയ ജപ്പാന് ഷോക്ക് ട്രീന്റ്‍മെന്റ്. 81–ാം മിനിറ്റിൽ കീഷർ ഫുള്ളറിലൂടെ കോസ്റ്ററിക്ക നേടിയ ഗോൾ ജപ്പാന്റെ വിധിയെഴുതി; സ്കോർ: 1–0. കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്ക് സ്പാനിഷ് പടയോട് തോറ്റ കോസ്റ്ററിക്കയെ കളത്തിൽ കാണാനില്ലായിരുന്നു. കൃത്യമായ ഗെയിംപ്ലാനോടെ ഇറങ്ങിയ കോസ്റ്ററിക്കയ്ക്കു മുന്നിൽ‌ ജപ്പാൻ പതറുന്ന കാഴ്ചയാണ് ആദ്യപകുതിയിൽ കണ്ടത്.

goal-fuller
ജപ്പാനെതിരെ ഗോൾ നേടിയ കീഷർ ഫുള്ളർ

വിരസമായ മത്സരമാണ് ആദ്യപകുതിയിൽ ഇരുടീമുകളും കാഴ്‌ച വച്ചത്. രണ്ടാം പകുതിയിൽ ജപ്പാൻ ഉണർന്നു. തുടരെത്തുടരെ കോസ്റ്ററിക്കൻ ഗോൾപോസ്റ്റിലേക്ക് നിറയൊഴിച്ചുവെങ്കിലും പ്രതിരോധക്കോട്ട കെട്ടി കോസ്റ്ററിക്ക ജപ്പാന്റെ ആക്രമണത്തിന്റെ മുനയൊടിച്ചു. രണ്ടാം പകുതിയിൽ നിർഭാഗ്യവും ജപ്പാനെ പിടികൂടിയതോടെ പതനം പൂർത്തിയായി.

japan-costa-rica
ജപ്പാൻ– കോസ്റ്ററിക്ക മത്സരത്തിൽ നിന്ന്:REUTERS/Issei Kato

4–2–3–1 എന്ന ശൈലിയാണ് ജപ്പാൻ അവലംബിച്ച‌തെങ്കിൽ 3–4–2–1 ശൈലിയിലായിരുന്നു കോസ്റ്ററിക്കയുടെ കളി. ജർമനിയുമായി നിറഞ്ഞുകളിച്ച ജപ്പാൻ, വേഗവും മൂര്‍ച്ചയും കൃത്യതയും ഉള്ള ആക്രമണ ശൈലി കൈവിട്ട് പ്രതിരോധത്തിൽ ഊന്നിയാണ് തുടക്കത്തിൽ കളിച്ചത്. ജര്‍മനിക്കെതിരെ ഗോള്‍ നേടാനാകാത്തതിന്റെ ക്ഷീണം ജപ്പാൻ സൂപ്പർതാരം ടകുമി മിനാമി തീര്‍ക്കുമെന്ന ജപ്പാന്റെ പ്രതീക്ഷ അസ്ഥാനത്തായതോടെ മത്സരത്തിൽ കോസ്റ്ററിക്ക പിടിമുറുക്കി.

fuller
കീഷർ ഫുള്ളർ: Photo: FIFA World Cup/Twitter.

അവസാന മിനിറ്റുകളിൽ രണ്ടും കൽപ്പിച്ച് തുടരെ തുടരെ കോസ്റ്ററിക്കൻ ഗോളിയെയും പ്രതിരോധനിരയെയും ജപ്പാന്റെ മുന്നേറ്റനിര പരീക്ഷിച്ചുവെങ്കിലും കൈലർ നവാസും സംഘവും ഭംഗിയായി പ്രതിരോധിച്ചതോടെ ജപ്പാൻ വീണു. വിജയത്തോടെ കോസ്റ്ററിക്ക പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിർത്തി.

japan-fans
മത്സരത്തിനിടെ ജപ്പാൻ ആരാധകർ: Photo: Twitter@FIFAWorldCup

English Summary: Japan vs Costa Rica FIFA World Cup 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS