ADVERTISEMENT

ലുസെയ്ൽ ∙ സൂപ്പർമാൻ ഗോളി ഗുയ്യർമോ ഒച്ചോവയും അഞ്ചംഗ പ്രതിരോധനിരയും മെക്സിക്കോയുടെ കോട്ട കാത്തത് 64 മിനിറ്റ് വരെ. കൊണ്ടും കൊടുത്തും അവർ കാത്തുസൂക്ഷിച്ച പ്രതിരോധദുർഗം ഭേദിച്ച നിമിഷം ആ മുഹൂർത്തത്തിൽ പിറന്നു. ലയണൽ മെസ്സിയുടെ ഇടംകാലിൽനിന്ന് പിറന്ന മാന്ത്രിക ഷോട്ടിൽ അർജന്റീന വീണ്ടും പ്രതീക്ഷകളുടെ ആകാശത്ത്. 83–ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ പകരക്കാരൻ എൻസോ ഫെർണാണ്ടസിന്റെ അതിമനോഹര ഗോൾ.

വിജയം അനിവാര്യമായ പോരാട്ടത്തിൽ 2–0ന് മെക്സിക്കോയെ തകർത്ത് അർജന്റീന ഖത്തർ ലോകകപ്പിൽ നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. രണ്ടാം പകുതിയിൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും വലതുവിങ്ങിലൂടെ കോർത്തിണക്കിയ നീക്കങ്ങൾ അർജന്റീനയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും നിർണായകമായ ഫൈനൽപാസ് അകന്നു നിൽക്കുന്നതിനിടെ ആയിരുന്നു ആ മാജിക്. വിധിയുടെ നിശ്ചയം പോലെ സഹകാർമികനായത് എയ്ഞ്ചൽ ഡി മരിയ എന്ന ‘ഭാഗ്യ മാലാഖ’. വലതുവിങ്ങിൽനിന്ന് മെക്സിക്കോ ബോക്സിന്റെ മധ്യഭാഗം ലക്ഷ്യം വച്ച് ഡി മരിയയുടെ പാസ്.

പിന്നാലെ അളന്നു മുറിച്ചതു പോലെ മെസ്സിയുടെ ഇടംകാൽ ഷോട്ട് കോട്ട കെട്ടി കാത്തുനിന്ന മെക്സിക്കോ ഡിഫൻഡർമാരെയും ഗോളി ഗുയ്യർമോ ഒച്ചോവോയെയും മറികടന്ന് വലയിൽ. ലോകകപ്പ് ചരിത്രത്തിൽ തന്റെ 8–ാം ഗോൾ കുറിച്ച് ഡിയേഗോ മറഡോണയുടെ റെക്കോർഡിന് ഒപ്പമെത്തിയ ആ നിമിഷത്തിൽ അതുവരെ അടക്കിപ്പിടിച്ച ആവേശം അണപൊട്ടിയതു പോലെ ഗാലറിക്കരികിലേക്കു കുതിച്ച മെസ്സി വികരാധീനനായി (1–0).റോഡ്രിഗോ ഡി പോളിന്റെ കോർണർ കിക്കിനെത്തുടർന്നായിരുന്നു 2–ാം ഗോളിനായി മെസിയുടെ അടുത്ത മാജിക്.

മെസ്സിയുടെ പാസ് സ്വീകരിച്ച് മെക്സിക്കോ ബോക്സിനകത്തേക്ക് വെട്ടിച്ചു കയറിയ ഇരുപത്തൊന്നുകാരൻ എൻസോയുടെ ബൂട്ടിൽനിന്നു പിറന്നത് അർജന്റീനയ്ക്കു വേണ്ടിയുള്ള തന്റെ ആദ്യ രാജ്യാന്തര ഗോൾ(2–0) അർജന്റീനയുടെ മുന്നേറ്റനിരയെ സ്വന്തം പെനൽറ്റി ബോക്സിലേക്കു കടത്താതെ മെകസ്ക്കോ കെട്ടിയ കോട്ട കെട്ടി പൊളിക്കാൻ രണ്ടാം പകുതിയിൽ അർജന്റീന കോച്ച് ലയണൽ സ്കലോനി നടത്തിയ മാറ്റങ്ങളും കാരണമായി. ആദ്യ ഇലവനിൽ 5 മാറ്റങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. 

മറഡോണയുടെ റെക്കോർഡിനൊപ്പം ലയണൽ മെസ്സിയും

ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന ഡിയേഗോ മറഡോണയുടെ റെക്കോർഡിനൊപ്പം ലയണൽ മെസ്സിയും. ഇന്നലെ മെക്സിക്കോയ്ക്കെതിരെ മെസ്സി കളിച്ചത് ലോകകപ്പിലെ 21–ാം മത്സരം.

Turning Point 

64–ാം മിനിറ്റിൽ ലയണൽ‌ മെസ്സിയുടെ ഗോൾ. മെക്സിക്കോ സമനിലയാണു ലക്ഷ്യമിട്ടത്. അതിനായാണ് അവർ തുടക്കം മുതൽ കളിച്ചതും. മെസ്സിയും കൂട്ടരും ബോക്സിലേക്കു കയറുന്നതിൽനിന്ന് തടയാനും മെക്സിക്കോയ്ക്ക് സാധിച്ചു. ബോക്സിനു പുറത്തുനിന്ന് ലോങ് റേഞ്ചർ പരീക്ഷിച്ചു ഗോൾ നേടാനുള്ള മെസ്സിയുടെ തീരുമാനം കളിയുടെ ഗതി തിരിച്ചു. പ്രതിഭാസമ്പന്നനായ ഒരു ഫുട്ബോളർക്കു മാത്രം സാധിക്കുന്ന കൃത്യതയോടെയാണ് മെക്സിക്കോ ഗോളി ഒച്ചോവയെ കീഴടക്കിയ ഷോട്ട് മെസ്സി തൊടുത്തത്.

Star of the Day 


സൗദിക്കെതിരെ ആദ്യ ഗോൾ നേടിയ ശേഷം അർജന്റീയനുടെ മെസ്സി(Photo by Odd ANDERSEN / AFP)
ലയണൽ മെസ്സി

ലയണൽ മെസ്സി

ഫോർവേഡ്
ക്ലബ്: പിഎസ്ജി (ഫ്രാൻസ്)
പ്രായം: 35

മെക്സിക്കോയുടെ പ്രതിരോധത്തിൽ ആദ്യ പകുതിയിൽ വിയർത്ത അർജന്റീനയ്ക്ക് ജീവൻ നൽകിയത് ലയണൽ മെസ്സിയുടെ പ്രകടനം. മെസ്സിയെ ബോക്സിലേക്കു കടക്കുന്നതിൽ നിന്ന് മെക്സിക്കോ പ്രതിരോധിച്ചപ്പോൾ ലോങ് ഷോട്ടുകളിലേക്ക് മെസ്സി സ്വയം മാറി. ബോക്സിനു പുറത്തു നിന്നുള്ള നിലംപറ്റിയുള്ള ഷോട്ടിൽ അർജന്റീന മുന്നിൽ. രണ്ടാം ഗോളിനു വഴിയൊരുക്കാനും മെസ്സി തന്നെ എത്തി.

അർജന്റീനയുടെ നോക്കൗട്ട് സാധ്യത എങ്ങനെ ?

ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ 30ന് പോളണ്ടിനെതിരെ ജയിച്ചാൽ 6 പോയിന്റോടെ അർജന്റീന പ്രീക്വാർട്ടറിൽ കടക്കും. തോറ്റാൽ അർജന്റീന പുറത്താകും. അർജന്റീന –പോളണ്ട് മത്സരം സമനിലയായാൽ, മെക്സിക്കോ – സൗദി അറേബ്യ മത്സരം അർജന്റീനയുടെ വിധി നിർണയിക്കും. ആ സാധ്യതകൾ ഇങ്ങനെ: മെക്സിക്കോയ്ക്കെതിരെ സൗദി ജയിച്ചാൽ അർജന്റീന പുറത്ത്. മെക്സിക്കോ ജയിച്ചാൽ അർജന്റീനയ്ക്കും മെക്സിക്കോയ്ക്കും 4 പോയിന്റ് വീതമാകും. ഗോൾവ്യത്യാസക്കണക്കിൽ മികച്ച ടീം മുന്നേറും. മെക്സിക്കോ – സൗദി അറേബ്യ മത്സരം സമനിലയായാൽ മികച്ച ഗോൾവ്യത്യാസത്തിന്റെ മികവിൽ അർജന്റീനയ്ക്കു പ്രീക്വാർട്ടറിലെത്താം. 

English Summary : Lionel Messi led Argentina thrash Mexico 2-0 in FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com