ADVERTISEMENT

തിരുവനന്തപുരം∙ ലോകകപ്പ് ഫുട്ബാൾ നടക്കുന്ന ഖത്തറിലെ ആസ്പയർ സോണിൽ നാസയുടെയും ഐഎസ്ആർഒയുടെയും കമാൻഡിങ് സെന്ററിനു സമാനമായ ഒരു വലിയ ഹാളിൽ നൂറു കണക്കിന് ടിവി സ്ക്രീനുകളിൽ കണ്ണുനട്ട് ഇരുന്നൂറോളം ജീവനക്കാർ. സ്റ്റേഡിയത്തിലെ താപനില ഉയർന്ന് കാണികൾ അസ്വസ്ഥത പ്രകടിപ്പിച്ചാൽ ആ നിമിഷത്തില്‍ മുന്നറിയിപ്പ് സന്ദേശം കമാന്‍ഡിങ് സെന്ററിലെത്തും. റിമോട്ട് കൺട്രോളിലെ ബട്ടണിൽ വിരൽ അമരുന്നതോടെ സ്റ്റേഡിയത്തിലെ താപനില മാറും.

മുൻ ലോകകപ്പിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ കാണികളുടെ കൂട്ടത്തിലുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ കമാൻഡിങ് സെന്ററിലേക്കെത്തും. പൊലീസിനു ജാഗ്രതാ നിർദേശം കൈമാറും. സ്റ്റേഡിയത്തിലെ ഒരു വാതിൽ അടയ്ക്കാതെ കിടന്നാൽപോലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉടനടി കണ്ടെത്താനാകും. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ സ്റ്റേഡിയങ്ങൾക്കുമായി ഒരു കമാൻഡിങ് സെന്റർ വരുന്നത്. അതിനു നേതൃത്വം കൊടുക്കുന്നത് ഇന്ത്യക്കാരനാണ്, മലയാളിയാണ്. ആലപ്പുഴ സ്വദേശിയായ നിയാസ് അബ്ദുൾ റഹിമാൻ. ആലപ്പുഴയിലെ എംഎംഎയുപി സ്കൂളിൽ പഠനത്തിനുശേഷം സൈനിക സ്കൂളിലായിരുന്നു പഠനം. ഓസ്ട്രേലിയയിലെ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഐടിയിൽ പിജി നേടി. ഖത്തറിലെ സ്പോർട്സ് ഹബ്ബായ ആസ്പയർ സോൺ ഫൗണ്ടേഷന്റെ ചീഫ് ടെക്നോളജി ഓഫിസറും ഖത്തർ ലോകകപ്പ് പ്രോഗ്രാമിന്റെ ഐടി എക്സിക്യൂട്ടിവ് ഡയറക്ടറും എല്ലാ സ്റ്റേഡിയങ്ങളുടെയും ടെക്നോളജി പ്രോഗാം ഇൻ ചാർജുമാണ് നിയാസ്.

ഖത്തർ ലോകകപ്പ് എങ്ങനെ നടത്തുമെന്നായിരുന്നു ആദ്യഘട്ടത്തിൽ ഉയർന്ന ചോദ്യമെന്ന് നിയാസ് പറയുന്നു. ഒരു സിറ്റിക്കുള്ളിൽ എട്ടു സ്റ്റേഡിയം നിർമിച്ച് ലോകകപ്പ് നടത്തുന്നത് അസാധ്യം എന്നായിരുന്നു പിന്നീടുള്ള പ്രചാരണം. പ്രതിസന്ധികളെ ഖത്തർ അവസരമായി കണ്ടു. എഷ്യൻ ഗെയിംസിനുശേഷം ഖത്തർ ഏറെ പ്രാധാന്യം നൽകുന്ന സ്പോർട് മേഖലയാണ് ആസ്പയർ സോൺ. 15 രാജ്യാന്തര മത്സരവേദികൾ ഇവിടെയുണ്ട്. സ്പോർട്സ് അക്കാദമിയും സ്പോർട്സ് ആശുപത്രിയുമുണ്ട്. ലോകകപ്പ് വന്നപ്പോൾ നിയാസിനെ ഡപ്യൂട്ടേഷനിൽ ലോകകപ്പിന്റെ ടെക്നോളജി ഓഫിസറായി നിയമിച്ചു. ലോകകപ്പിനുള്ള തയാറെടുപ്പുകളുടെ ആരംഭം മുതൽ നിയാസ് ജോലിയിലുണ്ട്. സ്റ്റേഡിയങ്ങളുടെ നിർമാണം, സൗകര്യങ്ങൾ, ഏർപ്പെടുത്തേണ്ട സാങ്കേതിക ക്രമീകരണങ്ങൾ, മുന്നൊരുക്കങ്ങൾ, നടപ്പിലാക്കൽ എന്നിവയെല്ലാം നിയാസിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

Niyas-Abdulrahiman-commanding-centre-28
നിയാസ് അബ്ദുൾ റഹിമാൻ

ഫുട്ബാൾ ലോകകപ്പിനായുള്ള എട്ടു സ്റ്റേഡിയങ്ങളും അടുത്തായതിനാൽ അതിനെ സാങ്കേതിക വിദ്യയിലൂടെ ഏകോപിപ്പിക്കാൻ എളുപ്പമായിരുന്നു. സാങ്കേതികവിദ്യയിൽ ഏറെ പ്രത്യേകതകളുള്ളതാണ് എല്ലാ സ്റ്റേഡിയങ്ങളും. സ്റ്റേഡിയത്തിലെ ഊഷ്മാവ്, സുരക്ഷാ നിയന്ത്രണം, കാണികളുടെ നിയന്ത്രണം, കെട്ടിടത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം, ട്രാഫിക് നിയന്ത്രണം തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കമാൻഡിങ് സെന്ററിൽ നിന്നാണ്. എല്ലാ സ്റ്റേഡിയത്തിലും ശീതീകരണ സംവിധാനമുണ്ട്. സ്റ്റേഡിയത്തിനു പുറത്ത് എത്ര ചൂടാണെങ്കിലും ഊഷ്മാവ് നിയന്ത്രിക്കാൻ കഴിയും.

ഫുട്ബാൾ കളി നടക്കുമ്പോൾ 22 മുതൽ 24 ഡിഗ്രിവരെയായിരിക്കും സ്റ്റേഡിയത്തിനുള്ളിലെ താപനില. കാണികളുടെ സഞ്ചാരവും കമാൻഡ് സെന്ററിലൂടെ നിയന്ത്രിക്കാനാകും. ഇതിനു സഹായിക്കുന്നത് സ്റ്റേഡിയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 20,000 സിസിടിവി ക്യാമറകളാണ്. ഒരു സ്റ്റേഡിയത്തിൽ ശരാശരി 2200 ക്യാമറകളുണ്ടാകും. ഐടി സാങ്കേതിക വിദ്യയിലൂടെ നിരന്തരം നിരീക്ഷണം നടത്തിയും ഡേറ്റകൾ വിലയിരുത്തിയുമാണ് കാണികളുടെ തിരക്ക് ഒഴിവാക്കുന്നത്. ഓരോ മാച്ച് കഴിയുമ്പോഴും സ്റ്റേഡിയത്തിലേക്ക് ആളുകൾ വരുന്നതും പോകുന്നതുമായ ഓട്ടോമാറ്റിക് ഗേറ്റുകളിലെ തിരക്ക് സിസിടിവി സംവിധാനത്തിലൂടെ നിരന്തരം നിരീക്ഷിക്കും. എത്ര ആളുകൾ കടന്നുപോയെന്നും ഏതു സമയത്താണ് തിരക്കുണ്ടായതെന്നും പരിശോധിക്കും. തിരക്കിന്റെ കാരണം കണ്ടെത്തി ഉടനടി പരിഹരിക്കും.

ഓട്ടോമാറ്റിക് ഗേറ്റുകളായതിനാൽ തെറ്റായ ഗേറ്റിൽ ആളുകളെത്തിയാൽ തിരിച്ചറിയാം. അവർക്ക് വഴി തെറ്റാനിടയായ കാരണം കണ്ടെത്തി പരിഹരിക്കും. ചിലപ്പോൾ വൊളന്റിയർമാർ ശ്രദ്ധിക്കാത്തതിനാലാകും ഗേറ്റ് മാറുന്നത്. എല്ലാ ഗേറ്റിലെയും വിവരങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കും. പിഴവുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കും. അറബ് കപ്പു മുതൽ കമാൻഡിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ലൈറ്റുകളും ഇലക്ട്രോണിക് വാളുകളുമെല്ലാം നിയന്ത്രിക്കുന്നത് കമാൻഡിങ് സെന്ററിൽനിന്നാണ്.

അറബ് കപ്പിലായിരുന്നു കമാൻഡിങ് സെന്ററിന്റെ പ്രവർത്തനക്ഷമത പരിശോധിച്ചത്. സ്റ്റേഡിയത്തിലെ വാതിലുകൾ അനാവശ്യമായി തുറന്നിട്ടാൽപോലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉടനടി കണ്ടെത്തും. മത്സരത്തിനിടെ കുട്ടികളെ കാണാതായാൽ ക്യാമറയിലൂടെ നിരീക്ഷിച്ച് വൊളന്റിയർമാർക്ക് വിവരം കൈമാറും. എല്ലാ സ്റ്റേഡിയത്തിലും ശക്തിയേറിയ വൈഫൈ സ്ഥാപിച്ചിട്ടുണ്ട്. 45,000 അധികം ആളുകൾ വരുന്ന സ്റ്റേഡിയത്തിൽ എല്ലാവർക്കും വളരെ വേഗത്തിൽ ഇന്റർനെറ്റ് ലഭിക്കാൻ 5ജി സാങ്കേതിക വിദ്യയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽനിന്നുള്ള സ്പോർട്സ് ടെക്നോളജി വിദഗ്ധരാണ് കമാൻഡ് സെന്ററിൽ ജോലി ചെയ്യുന്നത്. 200 ജീവനക്കാരിൽ 150ഓളം പേർ ഇന്ത്യക്കാരാണ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ 80 ആളുകളാണ് കമാന്‍ഡ് സെന്ററിൽ ഒരു സമയം ജോലി ചെയ്യുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വിലയിരുത്തൽ, സുരക്ഷ, ഐടി സഹായം എന്നിങ്ങനെ ടീമുകളായി വിഭജിച്ചാണ് പ്രവർത്തനം. ഓരോ ടീമിനും സ്റ്റേഡിയങ്ങളുടെ പ്രവർത്തനം വീതിച്ചു നൽകിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉടനടി മുന്നറിയിപ്പ് സന്ദേശം കമാൻഡ് സെന്ററിലേക്കെത്തും. സാങ്കേതിക സംവിധാനങ്ങൾ ഐടി വിദഗ്ധർ നിരന്തരം ഓഡിറ്റിനു വിധേയമാക്കും. പരിഷ്ക്കരിക്കേണ്ട കാര്യങ്ങൾ നിരന്തരം ചർച്ച ചെയ്യും. സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ പ്രത്യേക ടീമുണ്ട്. സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നിയാസ് പറയുന്നു.

Niyas-Abdulrahiman-commanding-centre-2811
നിയാസ് അബ്ദുൾ റഹിമാൻ

സ്റ്റേഡിയങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുക എന്നതായിരുന്നു വെല്ലുവിളി. 2015 മുതൽ നിർമാണം ആരംഭിച്ചു. കൃത്യമായ സമയത്ത് നിർമാണം പൂർത്തിയായി. ആധുനിക സാങ്കേതിക വിദ്യയിൽ പുതിയ കാര്യങ്ങൾ നടപ്പിലാക്കുക എന്നത് വെല്ലുവിളിയായിരുന്നു. പ്രവർത്തന ചെലവ് കുറയ്ക്കാൻ ശ്രമിച്ചു. എട്ടു സ്റ്റേഡിയങ്ങളിലും പ്രത്യേകം കൺട്രോൾ റൂം വന്നാൽ ചെലവ് കൂടുമായിരുന്നു. കേന്ദ്രീകൃത കമാൻഡിങ് സെന്റർ വന്നപ്പോൾ ചെലവ് കുറഞ്ഞു.

‘‘ഒരു ദിവസം നാല് കളിയുണ്ടാകും. കളിക്കു മുൻപ് ഗേറ്റ് തുറക്കുന്ന നടപടികൾ നിരീക്ഷിച്ച് നിർദേശങ്ങൾ നൽകണം. ഒരു സ്റ്റേഡിയത്തിലെ കളി കഴിയുമ്പോൾ അടുത്ത സ്റ്റേഡിയത്തിൽ കളി ആരംഭിക്കും. ചെയിൻ റിയാക്ഷൻ പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. ഇതിനിടെ സാങ്കേതിക പ്രതിബന്ധങ്ങളെ തരണം ചെയ്യണം’’– നിയാസ് പറയുന്നു. ലോകകപ്പ് കഴിഞ്ഞാലും കമാന്‍ഡ് സെന്റർ പ്രവർത്തനം തുടരും. 25 സ്റ്റേഡിയങ്ങൾ ഈ പ്ലാറ്റ്ഫോമിലേക്ക് ബന്ധിപ്പിക്കും. ഇന്ത്യക്കാരായ സാങ്കേതിക വിദഗ്ധരുടെ സേവനം കായിക മേഖലയിൽ ഉപയോഗിക്കാൻ നമ്മുടെ രാജ്യവും തയാറാകണമെന്ന് നിയാസ് പറയുന്നു.

English Summary: Aspire Command Centre of Qatar World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com