ബ്രാവോ, ബ്രൂണോ! ഇരട്ടഗോളിൽ പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ (2-0)

bruno-fernandez-goal
പോർച്ചുഗലിനായി ഇരട്ടഗോൾ നേടിയ ബ്രൂണോ ഫെർണാണ്ടസിന്റെ ആഹ്ലാദം (ഫിഫ ലോകകപ്പ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ലുസെയ്‌ൽ∙ബ്രൂണോ ഫെർണാണ്ടസിന്റെ പ്രതിഭാസ്പർശം സമ്മാനിച്ച 2 ഗോളുകൾ. തുടരെ രണ്ടാം ജയത്തോടെ ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഇടംനേടാൻ പോർച്ചുഗലിന് അതു മതിയായിരുന്നു. നിശ്ചയദാർഢ്യത്തോടെ പൊരുതിയ യുറഗ്വായെ 2–0നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കീഴടക്കിയത്. 54–ാം മിനിറ്റിൽ മനോഹരമായൊരു ചിപ് ഷോട്ടിലൂടെയും ഇൻജറി ടൈമി‍ൽ (90+3) പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുമായിരുന്നു ബ്രൂണോയുടെ ഗോളുകൾ. 

രണ്ടു മത്സരങ്ങളിൽ നിന്നു 6 പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ് പോർച്ചുഗൽ. 3 പോയിന്റുമായി ഘാന രണ്ടാമതും ഒരു പോയിന്റുള്ള ദക്ഷിണ കൊറിയ മൂന്നാമതുമാണ്. യുറഗ്വായ് ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ്. രണ്ടാം പകുതിയുടെ തുടക്കം മുതൽ കൂടുതൽ ഒത്തിണക്കത്തോടെ ഭാവനാപൂർണമായ നീക്കങ്ങൾക്കു തുടക്കമിട്ടതാണ് പോർച്ചുഗലിന്റെ ആദ്യ ഗോളിൽ കലാശിച്ചത്. ഇടതുവിങ്ങിലൂടെ തുടങ്ങിയ നീക്കത്തിനൊടുവിൽ റാഫേൽ ഗുരേരോയുടെ പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് ബ്രൂണോ ഫെർണാണ്ടസ് കോരിയിട്ട ഷോട്ടിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിച്ചുയർന്നു. സൂപ്പർതാരത്തിന്റെ തലയിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പന്ത് യുറഗ്വായ് ഗോൾകീപ്പർ സെർജിയോ അൽവാരസിനെയും മറികടന്ന് വലയിലെത്തി. ഈ ഗോൾ ആദ്യം ക്രിസ്റ്റ്യാനോയുടെ പേരിലാണ് ക്രെഡിറ്റ് ചെയ്ത്. പിന്നീട് പരിശോധനയിൽ ക്രിസ്റ്റ്യാനോ പന്തിൽ തൊട്ടില്ലെന്നു വ്യക്തമായതോടെ ഗോൾ ബ്രൂണോയ്ക്കു സ്വന്തമായി (1–0). 

കളിയുടെ തീരാറായ ഘട്ടത്തിൽ, പെനൽറ്റി ബോക്സിനകത്ത് വച്ച് പന്ത് യുറഗ്വായ് ഡിഫൻഡർ ഹോസെ മരിയ ഹിമിനസിന്റെ കയ്യിൽത്തട്ടിയ തിനെത്തുടർന്ന് വിഎആർ പരിശോധനയിലാണ് പോർച്ചുഗലിന് പെനൽറ്റി അനുവദിച്ചത്. ബ്രൂണോ ഫെർണാണ്ടസ് എടുത്ത സ്പോട്ട് കിക്ക് ഗോൾ കീപ്പർ സെർജിയോ അൽവാരസിനെ കബളിപ്പിച്ച് വലയിൽ. സെർജിയോ തന്റെ ഇടതു വശത്തേക്കു ചാടിയപ്പോൾ പന്തു പതിച്ചത് എതിർ വശത്തെ മൂലയിൽ(2–0).

English Summary: Portugal vs Uruguay, FIFA World Cup 2022 Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS