ADVERTISEMENT

ദോഹ∙ ഖത്തര്‍‍ ലോകകപ്പിൽ ഗ്രൂപ്പ് ജിയിലെ നിര്‍ണായക പോരാട്ടത്തിന് ബ്രസീല്‍ ഇന്നിറങ്ങുകയാണ്. സ്റ്റേ‍ഡിയം 974ൽ രാത്രി 9.30നു നടക്കുന്ന മത്സരത്തിൽ സ്വിറ്റ്സർലന്‍ഡാണ് എതിരാളികൾ. മൂന്നൂ പോയിന്റ് വീതമുള്ള ഇരു ടീമുകളും ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്. സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ച ബ്രസീലിനും കാമറൂണിനെ ഒരു ഗോളിന് തോല്‍പ്പിച്ച സ്വിറ്റ്സർലന്‍ഡും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൈതാനത്തെത്തുക.

എന്നാൽ നെയ്മാറില്ലാത്ത ബ്രസീലിന് കുറച്ചധികം വിയർക്കേണ്ടി വരും എന്നത് തീര്‍ച്ചയാണ്. സെർബിയയുമായുള്ള മത്സരത്തിനിടെ കണങ്കാലിന് പരുക്കേറ്റ നെയ്മാറിന് കുറഞ്ഞത് രണ്ടു മത്സരത്തിലെങ്കിലും കളിക്കാനാവില്ല. സെർബിയയോട് 4-2-1-3 ശൈലിയില്‍ കളിച്ച ‍‍ടീമിന് നെയ്മാറിന്റെ സാന്നിധ്യം മർമപ്രധാനമായിരുന്നു. ഇത് ഓര്‍ത്തുവച്ചുതന്നെയാകും കോച്ച് ടിറ്റെയുടെ നീക്കങ്ങൾ.

ബ്രസീൽ താരം നെയ്മാറിനു പരുക്കേറ്റപ്പോൾ‌. ചിത്രം∙ നിഖിൽരാജ്, മനോരമ
ബ്രസീൽ താരം നെയ്മാറിനു പരുക്കേറ്റപ്പോൾ‌. ചിത്രം∙ നിഖിൽരാജ്, മനോരമ

കഴിഞ്ഞ കളിയില്‍ ഇരട്ട ഗോൾ നേടിയ റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ, റാഫിഞ്ഞ എന്നിവര്‍ക്ക് നെയ്മാറുടെ വിടവ് നികത്താനാകുമെന്നുതന്നെയാണ് ടീം പ്രതീക്ഷിക്കുന്നത്. അതേസമയം, ഗോൾകീപ്പർ അലിസൺ ബെക്കർ, മധ്യനിര താരം ലൂക്കാസ് പക്കേറ്റ, ഫോർവേഡ് ആന്റണി എന്നിവർക്കു പനിയുടെ ലക്ഷണമുള്ളതായി റിപ്പോർട്ടുണ്ട്. ഇവർ മൂന്നു പേരും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.

∙ പോരാട്ട ചരിത്രം

ബ്രസീലും ‌സ്വിറ്റ്സർലൻഡും തമ്മിൽ ഇതുവരെ ഒൻപതു തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. മൂന്നുതവണ ബ്രസീലും രണ്ടു തവണ ‌സ്വിറ്റ്സർലന്‍ഡും ജയിച്ചു. നാല് കളികള്‍ സമനിലയിലായി. ഇരുടീമും ഒടുവില്‍ ഏറ്റുമുട്ടിയത് 2018ലെ റഷ്യ ലോകകപ്പിലാണ്. നെയ്മാര്‍ ഉള്‍പ്പെട്ട ബ്രസീലിനെ സ്വിസ് പട 1-1 ന് സമനിലയിൽ കുരുക്കി.

ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജില്‍ ബ്രസീല്‍ കഴിഞ്ഞ 16 കളികളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഈ വിജയക്കുതിപ്പ് തുടരാന്‍ തന്നെയാകും ടിറ്റെയും സംഘവും കളത്തിലിറങ്ങുക. സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ചാലും സമനില വഴങ്ങിയാലും ഗ്രൂപ്പ് സ്റ്റേജില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കളികളില്‍ തോല്‍വിയറിയാത്ത ടീം എന്ന ബഹുമതി ബ്രസീലിന് സ്വന്തമാകും.

English Summary: Qatar World Cup: Crucial Game for Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com