ADVERTISEMENT

ഒടുവിൽ കാർലോസ് കാസെമിറോ മുന്നേറ്റനിരക്കാരോടു പറഞ്ഞു - ഒന്നിങ്ങു മാറി നിന്നാലും! അതുവരെ പിൻനിരയിൽ നിന്നു ചരടു വലിച്ച കാസെമിറോ നേടിയ തകർപ്പൻ ഗോളിൽ സ്വിറ്റ്സർലൻഡിനെ 1-0നു തോൽപിച്ച് ബ്രസീൽ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. തുടർച്ചയായ 2–ാം വിജയം. 83-ാം മിനിറ്റിൽ പകരക്കാരൻ റോഡ്രിഗോ നൽകിയ പാസിൽ നിന്ന് ഉജ്വലമായി ഹാഫ് വോളിയിലൂടെയാണ്, ഡിഫൻസീവ് മിഡ്ഫീൽഡർ കാസെമിറോ ലക്ഷ്യം കണ്ടത്.

സ്വിറ്റ്സർലൻഡിനെതിരെ ബ്രസീ‍ൽ താരം കാസെമിറോ ഗോൾ നേടുന്നു.
സ്വിറ്റ്സർലൻഡിനെതിരെ ബ്രസീ‍ൽ താരം കാസെമിറോ ഗോൾ നേടുന്നു.

ഇടതു വിങ്ങിൽ സ്വിസ് പ്രതിരോധത്തിനു നിരന്തരം തലവേദന സൃഷ്ടിച്ച വിനീസ്യൂസിനു കൂടിയുള്ളതാണ് ആ ഗോളിന്റെ മാർക്ക്. ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് ജിയിൽ 6 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 3 പോയിന്റുള്ള സ്വിറ്റ്സർലൻഡ് രണ്ടാമത്. കാമറൂണിനും സെർബിയയ്ക്കും ഒരു പോയിന്റ് വീതം. ഡിസംബർ രണ്ടിന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ കാമറൂൺ.

മിസ് യൂ നെയ്മാർ

ബ്രസീൽ നെയ്മാറിനെ മിസ് ചെയ്തു. ലൈനപ്പിലല്ല, മൈതാനത്തു തന്നെ. സ്വിസ് ബോക്സിനടുത്തേക്കു കയറിയപ്പോഴെല്ലാം ബ്രസീൽ മുന്നേറ്റങ്ങളിൽ നെയ്മാർ ടച്ചിന്റെ അഭാവം നിഴലിച്ചു. അതേറ്റവും ബാധിച്ചത് വിനീസ്യൂസിനെയാണ്. ആദ്യ പകുതിയിൽ പന്തു കിട്ടിയപ്പോഴെല്ലാം വിനീസ്യൂസിൽ ആശയക്കുഴപ്പം പ്രകടമായിരുന്നു.

ആർക്കു പാസ് നൽകണം? മുന്നോട്ടു കയറിക്കളിച്ച റിച്ചാലിസൺ സ്വിസ് ഗോൾ കീപ്പർ യാൻ സോമറെ നിരന്തരം പ്രസ് ചെയ്തു നിന്നെങ്കിലും കിട്ടിയ 2 അവസരങ്ങൾ നഷ്ടമാക്കുകയും ചെയ്തു. എന്നാൽ ആദ്യ പകുതിയിൽ ഏറ്റവും മികച്ച അവസരം കിട്ടിയത് വിനീസ്യൂസിനു തന്നെ. വലതു വിങ്ങിൽ നിരന്തരം ഓടിക്കളിച്ച റാഫിഞ്ഞ 27-ാം മിനിറ്റിൽ നൽകിയ ക്രോസിനായി വിനീസ്യൂസിനായി ചാടി വീണെങ്കിലും പന്ത് നന്നായി കണക്ട് ചെയ്യാനായില്ല.

പന്ത് സോമർ അനായാസം കയ്യിലൊതുക്കി. നെയ്മാറിനു പകരം ബ്രസീൽ കോച്ച് ടിറ്റെ അവസരം നൽകിയ ഫ്രെഡ് അധ്വാനിച്ചു കളിച്ചെങ്കിലും പന്തുമായുള്ള ഓട്ടങ്ങളെല്ലാം ഒരു വിങ്ങിൽ നിന്നു മറുവിങ്ങിലേക്കു മാത്രമായിരുന്നു. മറുഭാഗത്ത് ബ്രസീലിനെ ഗോളടിക്കാതെ പിടിച്ചു നിർത്തുക എന്നതു മാത്രമായി സ്വിസ് തന്ത്രം. ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമാണ് അവർ പായിച്ചത്.

ദൗർഭാഗ്യം റിച്ച്

ഇടവേളയിൽ ലൂക്കാസ് പാക്കറ്റയെ പിൻവലിച്ച് ബ്രസീൽ റോഡ്രിഗോയെ രണ്ടാം പകുതിയിൽ ഇറക്കി. എന്നാൽ തുടക്കത്തിൽ ആക്രമിച്ചു കളിച്ചത് സ്വിറ്റ്സർലൻഡ്. 56-ാം മിനിറ്റിൽ ഒട്ടും ജാഗ്രതയില്ലാതെ ഒരു ബാക്ക് പാസ് കൈകാര്യം ചെയ്ത ഗോൾകീപ്പർ അലിസന്റെ കാലിൽ നിന്നു ബ്രീൽ എംബോളോ പന്തു തട്ടിയെടുത്തേനെ. അടുത്ത മിനിറ്റിൽ ബ്രസീലിനു സുവർണാവസരം. കഴി‍ഞ്ഞ കളിയിലേതിനു സമാനമായി ഇടതു പാർശ്വത്തിൽ നിന്ന് വിനീസ്യൂസ് നൽകിയ പുറംകാൽ പാസ് പക്ഷേ റിച്ചാലിസണ് എത്തിപ്പിടിക്കാനായില്ല.

ഗാലറിയെ ഒന്നുണർത്തിയത് 66-ാം മിനിറ്റിൽ വിനീസ്യൂസ് സ്വിസ് വലയിൽ പന്തെത്തിച്ചതോടെയാണ്. കാസെമിറോ നീട്ടി നൽകിയ പാസ് മുറിക്കാൻ സ്വിസ് താരങ്ങൾക്ക് ആർക്കുമായില്ല. തടയാനെത്തിയ വിഡ്മറെയും മറികടന്നു കുതിച്ച വിനീസ്യൂസ്, ഗോളി സോമറുടെ കൈകൾക്കപ്പുറം പന്തു വലയിലെത്തിച്ചെങ്കിലും ബ്രസീലിന്റെ ആഘോഷം അധികം നീണ്ടില്ല. ഓഫ്സൈഡ് പൊസിഷനിലായിരുന്ന റിച്ചാലിസൺ പിന്നോട്ടിറങ്ങി ആ മുന്നേറ്റത്തിൽ പരോക്ഷമായിട്ടാണെങ്കിലും ഭാഗമായി എന്നതായിരുന്നു കാരണം.

പിന്നാലെ റിച്ചാലിസണെയും റാഫിഞ്ഞയെയും പിൻവലിച്ച് കോച്ച് ടിറ്റെ ഗബ്രിയേൽ ജിസ്യൂസിനെയും ആന്തണിയെയും ഇറക്കി. ഒരു ഗോൾ എന്നതായിരുന്നു ടിറ്റെയുടെ മനസ്സിലെന്നു വ്യക്തം. അതു വന്നതു പക്ഷേ മുൻനിരക്കാരിൽ ആരുടെയും ബൂട്ടിൽ നിന്നായില്ല. നിർണായക സമയങ്ങളിലെല്ലാം അവസരത്തിനൊത്തുയാറുള്ള കാസെമിറോയുടെ കാലിൽ നിന്നായിരുന്നു.

കാസെമിറോ -ഡിഫൻസീവ് മിഡ്ഫീൽഡർ മാഞ്ചസ്റ്റർ യുണൈറ്റഡ് (ഇംഗ്ലണ്ട്) പ്രായം: 30

ബ്രസീലിനെ അടുത്ത റൗണ്ടിലേക്കെത്തിച്ച തകർപ്പൻ ഹാഫ് വോളി ഗോളിന്റെ ഉടമ കാസെമിറോയാണ് ഈ മത്സരത്തിലെ മിന്നും താരം. എതിരാളികളിൽനിന്നു പന്തു പിടിച്ചെടുക്കുന്ന ചുമതല കാസെമിറോയ്ക്കാണ്. എതിർ ടീം മുന്നേറ്റങ്ങൾ തുടക്കത്തിലെ തകർക്കാൻ കഴിവുള്ള താരം. ഗോളടിക്കാൻ അവസരം കിട്ടിയാൽ മുന്നേറ്റനിരയിലേക്ക് കയറും.

കാസെമിറോ
കാസെമിറോ

റീബൗണ്ട് പന്തുകൾ ബോക്സിനു പുറത്തു നിന്നു കൈവശമാക്കി പോസ്റ്റിലേക്കു ബുള്ളറ്റ് ഷോട്ടുകൾ അടിക്കാനുള്ള കഴിവാണ് ഈ ഡിഫൻസീവ് മിഡ്ഫീൽഡറുടെ സവിശേഷത. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് താരമായിരുന്നു. ഈ സീസൺ തുടക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്.

English Summary: brazil vs switzerland match fifa world cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com