ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ യുറഗ്വായ്‌ക്കെതിരെ പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടിയത് ആരെന്നതിനെച്ചൊല്ലി ആശയക്കുഴപ്പം. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 54–ാം മിനിറ്റിലാണ് പോർച്ചുഗൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഇടതുവിങ്ങിൽനിന്നും ബ്രൂണോ ഫെർണാണ്ടസ് ഉയർത്തിവിട്ട ക്രോസിന് കണക്കാക്കി റൊണാൾഡോ ഉയർന്നുചാടിയിരുന്നു. ഈ പന്ത് നേരെ വലയിൽ കയറുകയും ചെയ്തു. താനാണു ഗോളടിച്ചതെന്ന ധാരണയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീര ആഘോഷവും നടത്തി. എല്ലായിടത്തും ഗോൾ രേഖപ്പെടുത്തിയതും റൊണാൾഡോയുടെ പേരിൽ.

ഖത്തറിൽ രണ്ടാം ഗോൾ നേടിയതോടെ, പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടുന്ന താരമെന്ന യൂസേബിയോയുടെ റെക്കോർഡിനൊപ്പമെത്തി താരമെന്ന തരത്തിലും വിശദീകരണങ്ങൾ വന്നു. എന്നാൽ, കളി പുനരാരംഭിച്ചപ്പോഴാണ് ഗോളിന്റെ ശരിക്കും അവകാശി ബ്രൂണോ ഫെർണാണ്ടസാണെന്ന് ഔദ്യോഗിക വിശദീകരണം വന്നത്. റീപ്ലേകളിൽ പന്ത് റൊണാൾഡോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഫിഫ, ഗോളിന്റെ അവകാശം ബ്രൂണോ ഫെർണാണ്ടസിനു സമ്മാനിച്ചത്.

ഇതോടെ, അടിക്കാത്ത ഗോളിനാണ് റൊണാൾഡോ ഇത്രയേറെ ആഘോഷങ്ങൾ നടത്തിയതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയർന്നു. മറ്റൊരു താരത്തിന്റെ ഗോളിൽ റൊണാൾഡോ ഇത്രയധികം ആഹ്ലാദിക്കുന്നത് ഇതാദ്യമാണെന്ന തരത്തിൽ ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

ഇതിനിടെ മത്സരത്തിന്റെ 83–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതോടെ, സ്വന്തം പേരിൽ ഗോള്‍ കുറിക്കാനുള്ള അവസരം റൊണാൾഡോയ്ക്കു നഷ്ടമാകുകയും ചെയ്തു. 90–ാം മിനിറ്റിൽ പോർച്ചുഗലിന് അനുകൂലമായി ലഭിച്ച പെനൽറ്റി, റൊണാൾഡോയുടെ അഭാവത്തിൽ ബ്രൂണോ ഫെർണാണ്ടസാണ് എടുത്തത്. ലക്ഷ്യം കണ്ട താരം ഇരട്ടഗോളുമായി ടീമിന്റെ വിജയശിൽപിയുമായി.

English Summary: Cristiano Ronaldo celebrates Portugal's first goal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com