ഇരട്ട ഗോൾ വിജയം, അർജന്റീന പ്രീക്വാർട്ടറിൽ; തോറ്റെങ്കിലും മുന്നേറി പോളണ്ട്

argentina-goal-celebration-1
ഗോൾനേട്ടം ആഘോഷിക്കുന്ന അർജന്റീന താരങ്ങൾ (അർജന്റീന ഫുട്ബോൾ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ദോഹ∙ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റി പാഴാക്കിയ മത്സരത്തിൽ പോളണ്ടിനെ ഇരട്ട ഗോളുകൾക്കു തകർത്ത് പ്രീക്വാർട്ടർ ഉറപ്പിച്ച് അര്‍ജന്റീന. അലെക്സിസ് മാക് അലിസ്റ്റർ (47–ാം മിനിറ്റ്), ജുലിയൻ അൽവാരെസ്  (67')എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. തുടക്കം മുതൽ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയിൽ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയിൽ അർജന്റീന ഗംഭീര തിരിച്ചുവരവു നടത്തി.

പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയിൽ മെസ്സി പെനല്‍റ്റി പാഴാക്കിയത് അർജന്റീന ആരാധകർക്കു നിരാശയായി. രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അർജന്റീന സി ഗ്രൂപ്പ് ചാംപ്യൻമാരായി. അർജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമൻമാരായി പ്രീക്വാർട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്.

പെനൽറ്റി മിസ്സാക്കി മെസ്സി

അർജന്റീനയുടെ കോർണറോടെയാണു കളി തുടങ്ങിയത്. രണ്ടാം മിനിറ്റിലെ മെസ്സിയുടെ നീക്കം പോളണ്ട് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ മെസ്സിയുടെ കരുത്തു കുറഞ്ഞൊരു ഷോട്ട് പോളണ്ട് ഗോളി വോസിയച് ഷെസ്നി പോസ്റ്റിനു പുറത്തേക്കു തട്ടിയിട്ടു. പത്താം മിനിറ്റിലെ മെസ്സിയുടെ ഗോൾ ശ്രമവും പോളിഷ് ഗോളി പ്രതിരോധിച്ചു. മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതിലുപരി അർജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടായിരുന്നു ആദ്യ പകുതിയിൽ പോളണ്ടിന്റെ കളി.

36–ാം മിനിറ്റിൽ പോളണ്ട് ബോക്സിനുള്ളിൽ ഗോളി മെസ്സിയെ ഫൗള്‍ ചെയ്തതിൽ വാർ പരിശോധനകൾക്കു ശേഷം റഫറി അർജന്റീനയ്ക്കു പെനൽറ്റി അനുവദിച്ചു. എന്നാൽ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി. പോളണ്ട് ഗോള്‍ കീപ്പർ വോസിയച് ഷെസ്നിയും അർജന്റീന താരങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. അർജന്റീനയുടെ നിരവധി അവസരങ്ങളാണ് ഷെസ്നി പ്രതിരോധിച്ചത്. അർജന്റീനയുടെ 12 ഷോട്ടുകളിൽ ആദ്യ പകുതിയിൽ ഏഴെണ്ണം ഓൺ ടാർഗെറ്റായിരുന്നു.

മെസ്സിയുടെ പെനൽറ്റി കിക്ക് പോളണ്ട് ഗോള്‍ കീപ്പർ തട്ടിയിടുന്നു. Photo: FB@FIFAWC2022
മെസ്സിയുടെ പെനൽറ്റി കിക്ക് പോളണ്ട് ഗോള്‍ കീപ്പർ തട്ടിയിടുന്നു. Photo: FB@FIFAWC2022

ഇരട്ട ഗോളിൽ രണ്ടാം പകുതി

ആദ്യ പകുതിയിലെ പോളണ്ട് ഗോളിയുടെ പ്രതിരോധക്കോട്ടയ്ക്കു രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന മറുപടി നൽകി. മൊളീനയുടെ ക്രോസില്‌ മാക് അലിസ്റ്റർ ബോക്സിന്റെ മധ്യ ഭാഗത്തുനിന്ന് പോളണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പന്തെത്തിക്കുകയായിരുന്നു. 51–ാം മിനിറ്റിൽ പോളണ്ട് താരം മിച്ചൽ‌ സ്കോറസിന്റെ ഗോൾ ശ്രമം ലക്ഷ്യം കണ്ടില്ല.

60–ാം മിനിറ്റിൽ അക്യുനയെയും ഏഞ്ചല്‍ ഡി മരിയയെയും പിൻവലിച്ച് അർജന്റീന ലിയാൻഡ്രോ പരാഡെസിനെയും നിക്കോളാസ് തഗ്ലിയാഫികോയെയും ഗ്രൗണ്ടിലിറക്കി. 67–ാം മിനിറ്റിൽ അർജന്റീന ഗോൾ നേട്ടം രണ്ടാക്കി. എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ഗോൾ നേടിയത് ജുലിയൻ അൽവാരെസ്. രണ്ടാം ഗോൾ വീണതോടെ പോളണ്ടിനു മറുപടിയില്ലാതായി. സമനിലയായാൽ പോലും പ്രീക്വാർട്ടർ ഉറപ്പിക്കാമായിരുന്ന മത്സരത്തിൽ പോളിഷ് ആക്രമണങ്ങൾ നന്നേ കുറവായിരുന്നു. രണ്ടാം ഗോൾ നേടിയിട്ടും അർജന്റീന ആക്രമണങ്ങൾക്കു കുറവുണ്ടായില്ല. 85–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൊതാരോ മാർട്ടിനസിന്റെ ഷോട്ട് പോളണ്ട് ഗോളി മാത്രം മുന്നിൽനിൽക്കെ പുറത്തേക്കുപോയി. രണ്ടാം പകുതിയിൽ അധികസമയം ആറുമിനിറ്റ് പൂർത്തിയായപ്പോൾ‌ ജയം അർജന്റീനയ്ക്കു സ്വന്തം.

ഗോളുകൾ വന്ന വഴി

അലിസ്റ്റർ ഗോൾ, അസിസ്റ്റ് മൊളീന: 46-ാം മിനിറ്റിൽ മികച്ചൊരു റൺ നടത്തിയ മൊളീന കോർണര്‍ ഫ്ലാഗിനു സമീപത്തുനിന്ന് ബോക്സിലേക്കു ക്രോസ് നൽകി. ബോക്സിന്റെ മധ്യത്തിൽനിന്ന് മാക് അലിസ്റ്ററിന്റെ ഷോട്ട്  പോസ്റ്റിന്റെ ഇടതു മൂലയിൽ പതിച്ചു.

അർജന്റീനയുടെ രണ്ടാം ഗോൾ: യുവതാരം എന്‍സോ ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു ജുലിയൻ അൽവാരെസിന്റെ ഗോൾ പിറന്നത്. പോളണ്ട് പ്രതിരോധ താരങ്ങൾ മുന്നിലുണ്ടായിട്ടും മികച്ചൊരു ഷോട്ടിലൂടെ അൽവാരെസിൽനിന്ന് പന്ത് പോളണ്ട് ഗോൾ കീപ്പറെ മറികടന്ന് വലയിൽ.

English Summary: Argentina vs Poland FIFA World Cup 2022 Match, Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS