ADVERTISEMENT

ലോകകപ്പിൽ എതിർ ടീം ഗോൾമുഖത്തേക്ക് ഏറ്റവും കൂടുതൽ ഷോട്ടുകൾ പായിച്ച ടീം ഏതാണ്- അദ്ഭുതമില്ല, അതു ബ്രസീൽ തന്നെ. 2 മത്സരങ്ങളിലായി 14 ഓൺ ടാർഗറ്റ് ഷോട്ടുകളാണ് ബ്രസീൽ താരങ്ങൾ ഗോളിനായി ലക്ഷ്യം വച്ചത്. ഏറ്റവും കുറവ് ഓൺ ടാർഗറ്റ് ഷോട്ടുകൾ വഴങ്ങിയ ടീമോ? അതും ബ്രസീൽ തന്നെയാണ്-0! രണ്ടു കളികളിലും ബ്രസീൽ ഗോൾകീപ്പർ അലിസൻ ബെക്കറിന് ഒരു ഷോട്ടു പോലും സേവ് ചെയ്യേണ്ടി വന്നില്ല. അലിസൺ ഇങ്ങനെ വെറുതെയിരിക്കാൻ കാരണക്കാർ ബ്രസീലിന്റെ പ്രതിരോധപ്പോരാളികളാണ്.

പ്രധാനമായും രണ്ടു മത്സരങ്ങളിലും മുഴുവൻ സമയം കളിച്ച ക്യാപ്റ്റൻ തിയാഗോ സിൽവ, സഹ സെന്റർ ബാക്ക് മാർക്വിഞ്ഞോസ്, ഡിഫൻസീവ് മിഡ്ഫീൽഡർ കാർലോസ് കാസെമിറോ എന്നിവർ. ലെഫ്റ്റ് ബാക്ക് ആയി കളിച്ച അലക്സ് സാന്ദ്രോ, ആദ്യ മത്സരത്തിൽ റൈറ്റ് ബായ്ക്ക് സ്ഥാനത്തു കളിച്ച ഡാനിലോ, രണ്ടാം മത്സരത്തിൽ പകരമിറങ്ങിയ എദർ മിലിറ്റാവോ എന്നിവരും ഇവർക്കൊപ്പം നിന്നു കോട്ട കാക്കാൻ. ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ 9 ഫോർവേഡുകളെ കുത്തിനിറച്ചെങ്കിലും ബ്രസീൽ കോച്ച് ടിറ്റെ ശരിക്കും പ്രതിരോധ ഫുട്ബോളിന്റെ വക്താവാണ്.

ഒരു കളി ജയിക്കാൻ മികച്ച മുന്നേറ്റനിര മതിയാകും, പക്ഷേ ടൂർണമെന്റ് ജയിക്കാൻ മികച്ച പ്രതിരോധം വേണം എന്നത് കൊറിന്ത്യൻസിനെ രാജ്യത്തും (ബ്രസീലിയൻ ലീഗ്) വൻകരയിലും (കോപ്പ ലിബർട്ടഡോറസ്) ലോകത്തും (ക്ലബ് ലോകകപ്പ്) ചാംപ്യൻമാരാക്കിയ ടിറ്റെയ്ക്കറിയാം. ടിറ്റെയുടെ ഈ വിശ്വാസത്തിന് കണക്കുകളുടെ കൂട്ടുമുണ്ട്. സമീപകാല ലോകകപ്പുകളിൽ ജേതാക്കളായ ടീമുകളുടെയെല്ലാം കരുത്ത് മികച്ച പ്രതിരോധമായിരുന്നു.

കഴിഞ്ഞ ആറു ലോകകപ്പുകളിൽ ജേതാക്കളായ ടീമുകളുടെ 24 നോക്കൗട്ട് മത്സരങ്ങളെടുത്താൽ അതിൽ പതിനേഴും ഒരു ഗോൾ പോലും വഴങ്ങാത്ത ക്ലീൻ ഷീറ്റുകളായിരുന്നു. ഇതിൽ 2010ൽ ചാംപ്യൻമാരായ സ്പെയിൻ നോക്കൗട്ട് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങിയില്ല. 2014ൽ ജർമനി വഴങ്ങിയത് 2 ഗോളുകൾ, 2006ൽ നോക്കൗട്ട് ഘട്ടത്തിൽ ഇറ്റലി വഴങ്ങിയ ഒരേയൊരു ഗോൾ ഫൈനലിലായിരുന്നു- അതും പെനൽറ്റിയിലൂടെ! ഗ്രൂപ്പ് ഘട്ടത്തിലും കഥ സമാനം. 1998 ലോകകപ്പ് മുതൽ ചാംപ്യന്മ‍ാരായ ഒരു ടീമും ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ കൂടുതൽ ഗോൾ വഴങ്ങിയിട്ടില്ല.

ബ്രസീൽ ഡിഫൻഡർമാരുടെ കാര്യത്തിൽ കോച്ച് ടിറ്റെയ്ക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. അവർക്ക് ഗോളടിക്കാനുമറിയാം. തിയാഗോ സിൽവയും മാർക്വിഞ്ഞോസും സെറ്റ്പീസിൽ നിന്നുള്ള ഹെഡറുകൾക്കു മിടുക്കരാണ്. കാസെമിറോ ബുള്ളറ്റ് ഷോട്ടുകൾക്കും. അതു പോലൊരു ഷോട്ടാണ് തിങ്കളാഴ്ച രാത്രി 974 സ്റ്റേ‍ഡിയത്തിൽ കളിയുടെ 83-ാം മിനിറ്റിൽ സ്വിസ് വല തുളച്ചത്. അതുവരെ അജയ്യനായി നിന്ന സ്വിസ് ഗോൾകീപ്പർ യാൻ സോമർ ആ പന്തിന്റെ പോക്കു കണ്ട് നിസ്സഹായനായി നിന്നു പോയി. ദേശീയ ജഴ്സിയിൽ കാസെമിറോയുടെ 6-ാം ഗോളായിരുന്നു അത്. 

English Summary :  Brazil solid defence didnt concede a single goal shot in two matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com