‘ലക്കി’ ഗോളിൽ ഓസ്ട്രേലിയ; ഡെൻമാർക്കിനെ തോൽപിച്ച് പ്രീക്വാർട്ടറിൽ (1-0)

പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ ഓസ്ട്രേലിയൻ താരങ്ങളുടെ ആഹ്ലാദം. Photo: FB@FIFAWC2022
പ്രീക്വാർട്ടർ ഉറപ്പിച്ചപ്പോൾ ഓസ്ട്രേലിയൻ താരങ്ങളുടെ ആഹ്ലാദം. Photo: FB@FIFAWC2022
SHARE

ദോഹ∙ ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ കരുത്തരായ ഡെൻമാർക്കിനെ തോൽപിച്ച് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ. 60–ാം മിനിറ്റിൽ മാത്യു ലക്കിയാണ് ഓസ്ട്രേലിയയ്ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ച ഡെൻമാർക്കിനെ രണ്ടാം പകുതിയിൽ ഗോളടിച്ച് ഓസ്ട്രേലിയ പിന്നിലാക്കുകയായിരുന്നു. ജയത്തോടെ രണ്ട് വിജയവും ഒരു തോൽവിയുമായി ഡി ഗ്രൂപ്പിൽ ഓസ്ട്രേലിയയ്ക്ക് ആറു പോയിന്റായി. രണ്ടാം സ്ഥാനക്കാരായി ടീം പ്രീക്വാര്‍ട്ടറിലേക്ക്.

ഗോളില്ലാ ആദ്യ പകുതി

ആദ്യ പകുതി പിന്നിട്ടപ്പോള്‍‍ 66 ശതമാനം പന്തടക്കവും അഞ്ച് ഷോട്ടുകളുമായി ഡെൻമാർക്ക് മുന്നിലെത്തിയെങ്കിലും ഗോളടിക്കാൻ അവര്‍ക്കു സാധിച്ചില്ല. പ്രത്യാക്രമണത്തിൽ നാലു തവണ ഡാനിഷ് ഗോൾ മുഖത്തേക്ക് ഓസ്ട്രേലിയയും ഉന്നമിട്ടു. പത്താം മിനിറ്റിൽ ഡെൻമാര്‍ക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്റെ കോർണർ ഓസ്ട്രേലിയയുടെ മാത്യു ലക്കി ഹെഡ് ചെയ്ത് അകറ്റി.

ഗോൾ നേടിയ ഓസ്ട്രേലിയയുടെ മാത്യു ലക്കിയുടെ ആഹ്ലാദം. Photo: FB@FIFAWC2022
ഗോൾ നേടിയ ഓസ്ട്രേലിയയുടെ മാത്യു ലക്കിയുടെ ആഹ്ലാദം. Photo: FB@FIFAWC2022

19–ാം മിനിറ്റിൽ ഡെൻമാർക്ക് താരം ജോവാകിം മേലിന്റെ ഗോൾ ശ്രമം ഓസ്ട്രേലിയ താരം ഹാരി സൗത്താറിന്റെ പിഴവിൽ സെൽഫ് ഗോൾ ആകാൻ വഴിയൊരുങ്ങിയെങ്കിലും ഓസ്ട്രേലിയ ഗോളി മാത്യു റിയാൻ പന്ത് നിയന്ത്രണത്തിലാക്കി. വിങ്ങുകളിലൂടെ പാസ് നൽകി, മിച്ചൽ ഡ്യൂക്കിനു പന്തെത്തിക്കാനാണു കളിയുടെ ആദ്യ പകുതിയിൽ ഓസ്ട്രേലിയ ശ്രമിച്ചുകൊണ്ടിരുന്നത്. 29–ാം മിനിറ്റിൽ ഡെൻമാർക്കിന്റെ ലിൻഡ്സ്ട്രോമിന്റെ മുന്നേറ്റം ഓസ്ട്രേലിയ തടഞ്ഞപ്പോൾ തൊട്ടുപിന്നാലെ എറിക്സൻ എടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടതു ഭാഗത്തുകൂടെ പുറത്തേക്കുപോയി. ഡെൻമാർക്ക് ഫോർവേർഡ് മാർട്ടിൻ ബ്രാത്ത്‍വെയ്ത്ത് മൂന്നോളം അവസരങ്ങളാണ് ആദ്യ പകുതിയിൽ സൃഷ്ടിച്ചത്. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

ഗോളടിച്ച് രണ്ടാം പകുതി

രണ്ടാം പകുതിയിൽ ഗോൾ നേടുക ലക്ഷ്യമിട്ട് ഓസ്ട്രേലിയയും ഡെൻമാർക്കും ടീമിൽ ഓരോ മാറ്റങ്ങൾ വരുത്തി. 48–ാം മിനിറ്റിൽ ഡെന്‍മാർക്ക് ബോക്സിനകത്ത് ഗോൾ നേടാൻ ജാക്സൻ ഇർവിന് മികച്ചൊരു അവസരം ലഭിച്ചു. മഗ്രീയുടെ പാസിൽ ഇർവിൻ എടുത്ത ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. രണ്ടാം പകുതിയിൽ ഡെൻമാർക്കിനെതിരെ വലിയ സമ്മര്‍ദം തന്നെ ചെലുത്തിയ ഓസ്ട്രേലിയൻ താരങ്ങള്‍ നിരന്തരം ഡെൻമാർക്ക് ഗോൾമുഖത്തേക്ക് ഇരച്ചെത്തി. 60–ാം മിനിറ്റിൽ മാത്യു ലക്കിയിലൂടെ ഓസ്ട്രേലിയ മുന്നിലെത്തി.

ഡെൻമാർക്ക് ക്യാപ്റ്റൻ ക്രിസ്റ്റ്യൻ എറിക്സൻ മത്സരത്തിനിടെ. Photo: FB@FIFAWC2022
ഡെൻമാർക്ക് ക്യാപ്റ്റൻ ക്രിസ്റ്റ്യൻ എറിക്സൻ മത്സരത്തിനിടെ. Photo: FB@FIFAWC2022

പിന്നിലായതോടെ ഡെൻമാര്‍‌ക്ക് താരങ്ങൾ കൂടുതല്‍ പ്രതിരോധത്തിലായി. ഓസ്ട്രേലിയൻ ബോക്സിലേക്കു തുടർച്ചയായി പന്തെത്തി. പക്ഷേ ഗോൾ നേടാൻ ഡെൻമാർക്കിനു സാധിച്ചില്ല. 71–ാം മിനിറ്റിൽ ഡെൻമാർക്ക് താരങ്ങൾ പെനൽറ്റിക്കായി ശ്രമിച്ചെങ്കിലും പകരക്കാരൻ താരം കാസ്പർ ഡോൾബെർഗ് ഓഫ് സൈ‍‍ഡ് ആയതോടെ അതു നഷ്ടമായി. അധിക സമയമായി അനുവദിച്ച ആറുമിനിറ്റും അവസാനിച്ചതോടെ ഡി ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി. രണ്ടു തോൽവിയും ഒരു സമനിലയുമായി ഡെൻമാര്‍ക്ക് ഡി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി.

ലക്കി ഗോള്‍ വന്നതെങ്ങനെ?

60–ാം മിനിറ്റിൽ മാത്യു ലക്കി ഓസ്ട്രേലിയയ്ക്കായി ഗോൾ നേടി. ഗ്രൗണ്ടിന്റെ മധ്യത്തിൽനിന്നു പന്തു ലഭിച്ച ലക്കിയുടെ ഒറ്റയാൾ മുന്നേറ്റമായിരുന്നു ഗോളിനു വഴി തുറന്നത്. ലക്കിക്കു പാസ് നല്‍കിയത് റിലേ മഗ്രീ. മഗ്രീയിൽനിന്ന് പന്തു ലഭിച്ച ലക്കി, ഡെൻമാർക്ക് പോസ്റ്റിനു മുന്നിലേക്കു കുതിച്ചെത്തി, പ്രതിരോധ താരം ജോവാകിം മേലിനെ കബളിപ്പിച്ചു ഗോൾ നേടി. ഡെൻമാർക്ക് പോസ്റ്റിന്റെ വലതു മൂലയിലേക്കുപോയ പന്ത് തടയാനുള്ള ഡാനിഷ് ഗോളി കാസ്പർ സ്മെയ്ഷലിന്റെ ശ്രമവും വിഫലമായി. ഓസ്ട്രേലിയയ്ക്കു വേണ്ടി ലക്കിയുടെ 14–ാം രാജ്യാന്തര ഗോളാണിത്.

English Summary: FIFA World Cup 2022, Australia vs Denmark Match Live Update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS