ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പിൽ ഏറ്റവും കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായ ബെൽജിയത്തിന്, ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തോറ്റ് കണ്ണീരോടെ മടക്കം. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യയോടു ഗോൾരഹിത സമനില വഴങ്ങിയാണ് ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായത്. രണ്ടാം പകുതിയിൽ ലഭിച്ച ഒട്ടേറെ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കിയാണ് ബെൽജിയം ഖത്തറിൽനിന്ന് മടങ്ങുന്നത്. ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ മൊറോക്കോ കാനഡയെ തോൽപ്പിച്ചതും ബെൽജിയത്തിന് വിനയായി.

കാനഡയ്‌ക്കെതിരായ വിജയത്തോടെ മൂന്നു കളികളിൽനിന്ന് ഏഴു പോയിന്റുമായി ക്രൊയേഷ്യയും ബെൽജിയവും ഉൾപ്പെടുന്ന ഗ്രൂപ്പിൽ മൊറോക്കോ ചാംപ്യൻമാരായി. കഴിഞ്ഞ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെയാണ് പ്രീക്വാർട്ടറിൽ കടന്നത്.

പ്രീക്വാർട്ടറിലേക്കു മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ബെൽജിയം അതിനൊത്ത പ്രകടനം പുറത്തെടുത്തത് രണ്ടാം പകുതിയിൽ മാത്രം. ആദ്യ പകുതിയിൽ ലക്ഷ്യബോധമില്ലാതെ കളിച്ച ബെൽജിയം, രണ്ടാം പകുതിയിൽ റൊമേലു ലുക്കാകു ഉൾപ്പെടെയുള്ളവർ കളത്തിലെത്തിയതോടെ ഉഷാറായതാണ്. പക്ഷേ പോസ്റ്റിനു മുന്നിൽ ലഭിച്ച സുവർണാവസരങ്ങൾ ലുക്കാകു അവിശ്വസനീയമായി നഷ്ടമാക്കിയത് ബെൽജിയത്തിന് തിരിച്ചടിയായി. ലുക്കാകുവിന്റെ ഒരു ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതും ഇന്ന് അവരുടെ ദിനമല്ലെന്ന് ഉറപ്പിച്ചു.

അപകടമൊഴിവാക്കാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിന്റെ ആദ്യപകുതിയിൽ മികച്ചുനിന്ന് ക്രൊയേഷ്യ. ഒഴുക്കോടെ കളിച്ച് മികച്ച മുന്നറ്റങ്ങൾ സംഘടിപ്പിച്ച ക്രൊയേഷ്യയ്ക്ക് ആദ്യപകുതിയിൽ ലക്ഷ്യം കാണാനാകാതെ പോയത് ബെൽജിയത്തിന്റെ ഭാഗ്യം. 15–ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി റഫറി അനുവദിച്ച പെനൽറ്റി, പിന്നീട് ‘വാറി’ന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ നിഷേധിക്കപ്പെട്ടതും അവർക്ക് ഭാഗ്യമായി.

മത്സരത്തിന്റെ 15–ാം മിനിറ്റിലാണ് ‌റഫറി പെനൽറ്റി അനുവദിച്ചത്. ക്രൊയേഷ്യയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്തത് ലൂക്കാ മോഡ്രിച്ച്. ബോക്സിലേക്കെത്തിയ പന്തിനായുള്ള പോരാട്ടത്തിനിടെ ക്രമാരിച്ചിനെ കാരസ്കോ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. ക്രൊയേഷ്യയ്ക്കായി മോഡ്രിച്ച് പെനൽറ്റി എടുക്കാൻ തയാറായി നിൽക്കെ ‘വാർ’ ഇടപെട്ടു. റഫറിയുടെ പരിശോധനയിൽ ഫ്രീകിക്കെടുക്കുമ്പോൾ ലോവ്‌റെൻ ചെറിയ തോതിൽ ഓഫ്സൈഡായിരുന്നുവെന്ന് വ്യക്തമായതോടെ പെനൽറ്റി നിഷേധിക്കപ്പെട്ടു. മോഡ്രിച്ചും സംഘവും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

സമനില നേടിയാലും പ്രീക്വാർട്ടർ ഉറപ്പുള്ള ക്രൊയേഷ്യയാണ് നിർണായക മത്സരത്തിന്റെ ആദ്യ പകുതിയിൽ കൂടുതൽ ലക്ഷ്യബോധത്തോടെ കളിച്ചത്. ഈ ലോകകപ്പിൽ പൊതുവെ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്ത ബെൽജിയം, ക്രൊയേഷ്യയ്‌ക്കെതിരെയും മങ്ങിക്കളിക്കുന്നതാണ് ആദ്യപകുതിയിൽ കണ്ടത്. കഴിഞ്ഞ മത്സരത്തിൽ മൊറോക്കോയോടു തോറ്റ ടീമിൽ നാലു മാറ്റങ്ങൾ വരുത്തിയെങ്കിലും, ആദ്യപകുതിയിലെ കളിയിൽ അതു കാര്യമായ വ്യത്യാസമുണ്ടാക്കിയില്ല. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ കാനഡയ്‌ക്കെതിരെ വിജയം നേടിയ അതേ ടീമിനെ നിലനിർത്തിയാണ് ക്രൊയേഷ്യ ബെൽജിയത്തെ നേരിട്ടത്.

English Summary: Croatia vs Belgium FIFA World Cup 2022, Live Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com