‘കെംപസും മറഡോണയും പെനൽറ്റി നഷ്ടമാക്കി, പിന്നാലെ കിരീടം ചൂടി; മെസ്സിയും അതേ വഴിയിൽ’

Mail This Article
ദോഹ ∙ പോളണ്ടിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി ആദ്യ പകുതിയിൽ പെനൽറ്റി പാഴാക്കിയത് അർജന്റീനയെ സംബന്ധിച്ച് ശുഭ സൂചനയോ? പോളണ്ടിനെതിരായ മത്സരം ജയിച്ച് അർജന്റീന പ്രീക്വാർട്ടറിൽ കടന്നതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചോദ്യമാണിത്. എന്ത് വിഡ്ഢിത്തമാണ് വിളമ്പുന്നതെന്ന് ക്ഷോഭിക്കാൻ വരട്ടെ; ഫിഫ ലോകകപ്പിന്റെ ചരിത്രവഴികളിലൂടെ സഞ്ചരിച്ചാൽ ഈ ചോദ്യത്തിൽ അത്രകണ്ട് അസ്വാഭാവികതയില്ല!
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ അർജന്റീന കിരീടം ചൂടിയത് രണ്ടു തവണയാണ്. 1978ലും 1986ലും. ആ രണ്ടു ലോകകപ്പുകളിലെയും അർജന്റീനയുടെ കിരീടനേട്ടത്തിന്റെ ചരിത്രം, ഏറെക്കുറെ സമാനമായ രീതിയിലുള്ള രണ്ട് പെനൽറ്റി നഷ്ടങ്ങളുടെ കൂടി ചരിത്രവുമായി ഇഴചേർന്നു കിടക്കുന്നതാണ്.
1978ലെ ലോകകപ്പെടുക്കാം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെ മത്സരത്തിൽ സൂപ്പർതാരം മരിയോ കെംപസും പെനൽറ്റി നഷ്ടപ്പെടുത്തിയിരുന്നു. അന്ന് ഇറ്റലിക്കെതിരായ മത്സരത്തിൽ കെംപസ് പെനൽറ്റി നഷ്ടമാക്കിയതോടെ, മത്സരം അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റു. തോറ്റെങ്കിലും അർജന്റീന പ്രീക്വാർട്ടറിൽ കടന്നതോടെ ചിത്രം മാറി. ഇറ്റലിക്കെതിരെ പെനൽറ്റി പാഴാക്കിയ കെംപസ് പിന്നീട് അർജന്റീനയുടെ വജ്രായുധമായി. കലാശപ്പോരാട്ടത്തിൽ കെംപസിന്റെ ഇരട്ട ഗോൾ മികവിൽ നെതർലൻഡ്സിനെ 2–1ന് തോൽപ്പിച്ചാണ് അർജന്റീന ആദ്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്.

ഇനി 1986ലെ ലോകകപ്പ്. അന്ന് ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കി വില്ലനായത് സൂപ്പർ താരം ഡീഗോ മറഡോണയാണ്. ബൾഗേറിയയ്‌ക്കെതിരായ മത്സരത്തിൽ മറഡോണ പെനൽറ്റി പാഴാക്കി വില്ലനായെങ്കിലും, മത്സരം അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു ജയിച്ചു. ആ ലോകകപ്പിൽ പ്രീക്വാർട്ടറിൽ കടന്ന അർജന്റീനയുടെ തുടർന്നുള്ള മുന്നേറ്റം ചരിത്രമാണ്. മറഡോണയുടെ ഐതിഹാസിക പ്രകടനത്തിന്റെ മികവിൽ അർജന്റീനയുടെ പടയോട്ടം അവസാനിച്ചത് അർജന്റീനയുടെ കിരീടനേട്ടത്തിൽ. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും സെമിയിൽ ബെൽജിയത്തിനെതിരെയും മറഡോണ ഇരട്ടഗോൾ നേടി. ഫൈനലിൽ പശ്ചിമ ജർമനിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച് കിരീടവും ചൂടി.
ഈ രണ്ടു ലോകകപ്പ് നേട്ടങ്ങളിലും മൂന്നാം മത്സരത്തിൽ സൂപ്പർതാരങ്ങൾ പെനൽറ്റി നഷ്ടമാക്കിയതിനു സമാനമായ കാഴ്ചയാണ് പോളണ്ടിനെതിരെ സ്റ്റേഡിയം 974ലും കണ്ടത്. പോളണ്ട് ബോക്സിനകത്തേക്ക് ഉയർന്നുവന്ന ക്രോസ് തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നി, മെസ്സിയെ ഫൗൾ ചെയ്യുന്നു. വാർ പരിശോധനകൾക്കു ശേഷം ഷെസ്നിയുടെ കൈകൾ മെസ്സിയുടെ മുഖത്ത് കൊണ്ടതായി സ്‌ഥിരീകരണം. 39–ാം മിനിറ്റിൽ റഫറി അർജന്റീനയ്ക്കു പെനൽറ്റി അനുവദിക്കുന്നു. ആരാധകരുടെ ആവേശം വാനോളം ഉയർന്ന നിമിഷം. ഗോൾവലയുടെ വലതു മൂലയിലേക്ക് മെസ്സി തൊടുത്ത ഷോട്ട് അതേ ദിശയിലേക്കു തന്നെ ചാടി ഷെസ്നി തട്ടിയകറ്റിയതോടെ ആരാധകരുടെ മുഖത്ത് നിരാശയുടെ കാർമേഘം.

മെസ്സി പെനൽറ്റി പാഴാക്കിയെങ്കിലും, രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളുകളുടെ മികവിൽ പോളണ്ടിനെ മറികടന്ന് പ്രീക്വാർട്ടറിലേക്കു മുന്നേറാൻ അർജന്റീനയ്ക്കായി; അതും ഗ്രൂപ്പ് ചാംപ്യൻമാരുടെ തലയെടുപ്പോടെ. ഫിഫ ലോകകപ്പിൽ ഒരിക്കൽക്കൂടി ചരിത്രം ആവർത്തിക്കുകയാണെന്നാണ് അർജന്റീന ആരാധകരുടെ പക്ഷം. മെസ്സിയുടെ പെനൽറ്റി നഷ്ടത്തിൽ നിരാശ വേണ്ടെന്നും, ഇത്തവണയും അർജന്റീന കപ്പ് ഉയർത്തുമെന്നും നിമിത്തവും സൂചനകളും കൂട്ടിക്കിഴിച്ച് ആരാധകർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നു.
English Summary: Lionel Messi penalty miss could be a good omen for Argentina: Social Media