പൊട്ടിക്കരഞ്ഞ് വലൻസിയ; രാജ്യത്തോടും ആരാധകരോടും കണ്ണീരിൽ കുതിർന്ന ക്ഷമാപണം

enner–valencia
എന്നർ വലൻസിയ (Photo by OZAN KOSE / AFP)
SHARE

ദോഹ∙ ലോകകപ്പിൽ നിന്ന് ഇക്വഡോർ പുറത്തായതിനു പിന്നാലെ രാജ്യത്തോടും ആരാധകരോടും ക്യാപ്റ്റൻ എന്നർ വലൻസിയ കണ്ണീരോടെ ക്ഷമ ചോദിച്ചു. ‘‘ഇതൊരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. രാജ്യത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ പോയതിൽ മാപ്പ് ചോദിക്കുന്നു’’– ലോകകപ്പിൽ മൂന്ന് ഗോളടിച്ച് ടീമിനെ മുന്നിൽ നിന്നു നയിച്ച മുപ്പത്തിമൂന്നുകാരൻ വലൻസിയ മത്സരശേഷം കരച്ചിൽ മാറാതെ പറഞ്ഞു.

ഇക്വഡോറിനായി 38 ഗോൾ നേടിയിട്ടുള്ള വലൻസിയ രാജ്യത്തിന്റെ ടോപ്സ്കോററാണ്. ഗ്രൂപ്പ് ഘട്ടത്തിൽ  ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗലിനോടാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോർ 2–1ന് പരാജയപ്പെട്ടത്.ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ ‘സമനില തെറ്റിച്ച്’ തകർപ്പൻ വിജയത്തോടെ ആഫ്രിക്കൻ കരുത്തരായ സെനഗൽ പ്രീക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം.

മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് സെനഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്. സെനഗലിനായി ഇസ്മയില സാർ (44–ാം മിനിറ്റ്, പെനൽറ്റി), കാലിഡു കൂളിബാലി (70’) എന്നിവർ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ഗോൾ മോയ്സസ് കയ്സെഡോ (67) നേടി. 2002നുശേഷം ഇതാദ്യമായാണ് സെനഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കുന്നത്.

ഇക്വഡോർ സമനിലഗോൾ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളിലാണ് സെനഗൽ ലീഡ് തിരിച്ചുപിടിച്ചത്. ഈ വിജയത്തോടെ, രാജ്യാന്തര വേദിയിൽ ഇതുവരെ മുഖാമുഖമെത്തിയ മൂന്നു മത്സരത്തിലും ഇക്വഡോറിനെതിരെ വിജയം നേടാൻ സെനഗലിനായി. ഖത്തർ ലോകകപ്പിൽ തോറ്റ ഒരേയൊരു മത്സരം ഇക്വഡോറിനു പുറത്തേക്കുള്ള വാതിലും തുറന്നു. 

English Summary : Valencia burst into tears after bowing out of world cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS