ADVERTISEMENT

അഞ്ചു ഗോളെങ്കിലും അടിക്കാമായിരുന്നു ! പോളണ്ടിനെതിരെ 2-0 ജയവുമായി അർജന്റീന ലോകകപ്പ് പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനു ശേഷം ആരാധകരുടെ പ്രതികരണം ഇങ്ങനെ.  ഇതിനു വല്ല കണക്കുമുണ്ടോ? ഉണ്ട്! xG അഥവാ എക്സ്പെക്റ്റഡ് ഗോൾ എന്നാണ് ആ കണക്കിനു പേര്. പോളണ്ടിനെതിരായ മത്സരത്തിൽ 3.69 ആയിരുന്നു അർജന്റീനയുടെ xG. മത്സരത്തിൽ പോളണ്ടിന്റെ xG വെറും 0.32!

എന്താണ് xG

ഒരു ഷോട്ട് ഗോളാകാനുള്ള ശതമാന സാധ്യതയുടെ മൂല്യമാണ് ആ ഷോട്ടിന്റെ xG. അതായത് ഒരു ഷോട്ട് ഗോളാകാൻ 80 ശതമാനം സാധ്യതയുണ്ടെങ്കിൽ അതിന്റെ xG വാല്യു 0.80 ആണ്. ഒരു കളിയിൽ ഒരു ടീം ശ്രമിക്കുന്ന എല്ലാ ഷോട്ടുകളുടെയും ആകെത്തുകയാണ് മത്സരത്തിൽ ആ ടീമിന്റെ xG.  xG വാല്യു കൂടുതലായിരുന്നു എന്നു പറഞ്ഞാൽ ആ ടീം ഗോൾസാധ്യതയുള്ള കൂടുതൽ ഷോട്ടുകൾ അടിച്ചു എന്നാണർഥം. 

julian-alvarez-enzo-fernandez
അർജന്റീനയുടെ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ് (Photo by JUAN MABROMATA / AFP)

എങ്ങനെയാണ് xG?

ഓരോ ഷോട്ടിനും 0–1 വരെയുള്ള xG മൂല്യമുണ്ട്. അതിന്റെ മാനദണ്ഡങ്ങൾ ഇങ്ങനെയൊക്കെ:

1) ഗോളിലേക്കുള്ള ദൂരം
2) ഗോളിലേക്കുള്ള ആംഗിൾ
3) എതിർ കളിക്കാരുടെ സാന്നിധ്യം

4) ഏതു ശരീരഭാഗം കൊണ്ടാണ് ഷോട്ട് അടിച്ചത് ?
5) ഏതു തരത്തിലുള്ള അസിസ്റ്റാണ് ?
6) ഓപ്പൺ പ്ലേ, സെറ്റ് പീസ്...

അസാധ്യമായ ആംഗിളിൽ നിന്നുള്ള ഷോട്ടുകൾക്ക് xG വാല്യു കുറവാണ്. അനായാസമായി ഗോൾ നേടാവുന്ന ഷോട്ടുകൾക്ക് xG വാല്യു കൂടുതലും. ഉദാഹരണം പെനൽറ്റി കിക്കുകൾ തന്നെ. സമാന സ്വഭാവമായതിനാൽ പെനൽറ്റി കിക്കുകളുടെയെല്ലാം xG വാല്യു ഒന്നാണ്– 0.80. അഥവാ 80 ശതമാനം. (വിവിധ സ്റ്റാറ്റ്സ് ഏജൻസികൾക്കനുസരിച്ച് നേരിയ വ്യത്യാസം വരാം)

അർജന്റീനയുടെ കാര്യം

പോളണ്ടിനെതിരെ അർജന്റീനയുടെ ഏറ്റവും xG വാല്യു ഉള്ള ഷോട്ട് മെസ്സിയുടെ പെനൽറ്റി കിക്ക് തന്നെയായിരുന്നു. 80 ശതമാനം സാധ്യത അഥവാ 0.80. അതു പോളണ്ട് ഗോൾകീപ്പർ ഷെഷ്നി സേവ് ചെയ്തു. എന്നാൽ 46-ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററുടെ ഗോളിന്റെ xG വാല്യു 0.09 മാത്രമായിരുന്നു. 67-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റേത് 0.08. അതായത് ഗോൾ പ്രതീക്ഷിക്കാത്ത ഷോട്ടുകളിൽ നിന്നാണ് അർജന്റീന സ്കോർ ചെയ്തതെന്നു ചുരുക്കം. 

English Summary : Argentina could have scored more goals against Poland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com