ADVERTISEMENT

ദോഹ ∙ ലയണൽ മെസ്സി ഗോൾ നേടിയില്ല. പെനൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. സ്റ്റേഡിയം 974ൽ തടിച്ചുകൂടിയ ആരാധകർ എന്നിട്ടും സന്തുഷ്ടരായിരുന്നു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയിൽ നിന്നേറ്റ തിരിച്ചടിയെല്ലാം മറന്ന് അർജന്റീന ഗ്രൂപ്പ് ജേതാക്കളായതിന്റെ ആഹ്ലാദം, ആരവമുയർത്തിയും പതാകകൾ വീശിയുമാണ് അവർ ആഘോഷിച്ചത്.

നിർണായക പോരാട്ടത്തിൽ 2–0ന് പോളണ്ടിനെ കീഴടക്കിയപ്പോൾ, അലക്സിസ് മക്അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരായിരുന്നു അർജന്റീനയുടെ ഹീറോസ്. പരാജിതരായെങ്കിലും പോളണ്ടും ഗ്രൂപ്പ് സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയെ 2–1നു കീഴടക്കിയ മെക്സിക്കോയ്ക്കും പോളണ്ടിനും 4 പോയിന്റുണ്ട്. ഗോൾ വ്യത്യാസത്തിലെ മികവിൽ പോളണ്ട് യോഗ്യത നേടുകയായിരുന്നു. 

47–ാം മിനിറ്റിൽ മിഡ്ഫീൽഡർ മക്അലിസ്റ്റർ, 68–ാം മിനിറ്റിൽ സ്ട്രൈക്കർ അൽവാരസ് എന്നിവരുടെ ബൂട്ടുകളിൽ നിന്നായിരുന്നു അർജന്റീനയുടെ ഗോളുകൾ. ആദ്യ പകുതിയിൽ ക്യാപ്റ്റൻ ലയണൽ മെസ്സി പെനൽറ്റി കിക്ക് പാഴാക്കിയതിനു ശേഷമാണ് അർജന്റീന 2 ഗോളും നേടിയത്.

ആദ്യപകുതിയിൽ ശക്തമായ പ്രതിരോധത്തിലൂടെ പിടിച്ചുനിന്ന പോളണ്ടിന്റെ ഗെയിം പ്ലാൻ രണ്ടാം പകുതിയിൽ തകർത്ത അർജന്റീന ഇടവേളയ്ക്കു തൊട്ടുപിന്നാലെയാണ് ലീഡ് നേടിയത്. വലതു വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ ബോക്സിനു വലതു വശത്തുനിന്ന് എയ്ഞ്ചൽ ഡി മരിയയുടെ പാസ് നഹുവേൽ മോളിനയ്ക്ക്. ബോക്സിന്റെ മധ്യഭാഗത്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന മക്അലിസ്റ്ററിനെ ലക്ഷ്യമാക്കി മോളിനയുടെ ക്രോസ്. മക്അലിസ്റ്ററിന്റെ വലംകാൽ ഷോട്ട് പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നിയുടെ പ്രതിരോധം ഭേദിച്ച് വലയിൽ (1–0).

പോളണ്ട് ബോക്സിനു മുന്നിൽ മിനിറ്റുകളോളം നീണ്ട പാസിങ് ഗെയിമിനൊടുവിലായിരുന്നു അർജന്റീന ലീഡ് ഉയർത്തിയത്. 2006 ലോകകപ്പിൽ അർജന്റീനയ്ക്കായി എസ്തബാൻ കാമ്പിയോസോ നേടിയ ഗോളിനെ അനുസ്മരിപ്പിച്ച് ലക്ഷ്യം കണ്ടത് ജൂലിയൻ അൽവാരസ്. മിനിറ്റുകളെടുത്തു കൊരുത്ത 27 പാസുകൾക്കൊടുവി‍ൽ ബോക്സിനു മുൻവശത്തുനിന്ന് പന്ത് സ്വീകരിച്ച എൻസോ ഫെർണാണ്ടസ് നീട്ടിയ പാസ് അൽവാരസിന്. കരുത്തുറ്റ വലംകാൽ ഷോട്ട് പോളിഷ് ‍ഡിഫൻഡമാർക്കിടയിലൂടെ വലയുടെ വലതു മൂലയിൽ പതിച്ചു (2–0).

പോളണ്ട് ബോക്സിനകത്തേക്ക് ഉയർന്നു വന്ന ക്രോസ് തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നി, മെസ്സിയെ ഫൗൾ ചെയ്തതിനായിരുന്നു അർജന്റീനയ്ക്കു 39–ാം മിനിറ്റിൽ പെനൽറ്റി കിക്ക് അനുവദിച്ചത്. ഗോൾവലയുടെ വലതു മൂലയിലേക്ക് മെസ്സി തൊടുത്ത ഷോട്ട് അതേ ദിശയിലേക്കു തന്നെ ചാടി ഷെസ്നി തട്ടിയകറ്റി.

ഷെസ്നിയും അർജന്റീന മുൻനിരയും തമ്മിലുള്ള പോരാട്ടമായിരുന്നു ആദ്യ പകുതിയെ ആകർഷമാക്കിയത്. തുടക്കം മുതൽ ആക്രമണത്തിരമാലകളുമായി അർജന്റീന മുന്നേറിയെങ്കിലും ഷെസ്നിയുടെ പ്രതിരോധം വൻമതിലായി. ഇടവേളയ്ക്കു മുൻപ് മാത്രം മെസ്സിയുടെ പെനൽറ്റി കിക്ക് ഉൾപ്പെടെ 7 ഷോട്ടുകളാണ് ഷെസ്നി തടഞ്ഞിട്ടത്. ആക്രമണത്തിനു താൽപര്യമില്ലെന്ന മട്ടി‍ൽ സ്വന്തം ബോക്സിനു മുന്നിൽ പ്രതിരോധ ബസ് പാർക്ക് ചെയ്തിടുകയായിരുന്നു പോളണ്ട്. ഇതിനിടയിലൂടെ വിടവുകളുണ്ടാക്കി ഗോൾഷോട്ടുകൾ പായിക്കുകയെന്ന ദുഷ്കര ദൗത്യമാണ് അർജന്റീനയ്ക്കുണ്ടായിരുന്നത്.

മെസ്സി– ഡി മരിയ കൂട്ടുകെട്ട് കോർത്തിണക്കിയ മുന്നേറ്റങ്ങൾ ഒന്നൊന്നായി ഷെസ്നിയും പോളിഷ് പ്രതിരോധനിരയും പൊളിച്ചു. പെനൽറ്റി നഷ്ടത്തിനു പിന്നാലെ 43–ാം മിനിറ്റിൽ ജൂലിയൻ അൽവാരസിനും റോഡ്രിഗോ ഡി പോളിനും കിട്ടിയ അവസരങ്ങളും ഷെസ്നിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പാഴായി.

Content Highlight: World Cup Football 2022 Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com