ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പിലെ നിർണായക മത്സരത്തിൽ കോസ്‌റ്ററിക്കയെ രണ്ടിനെതിരെ നാലു ഗോളുകൾക്കു തോൽപ്പിച്ചെങ്കിലും, നിർഭാഗ്യത്തിന്റെ കളിയിൽ തോറ്റുമടങ്ങാനായിരുന്നു ജർമനിയുടെ  വിധി. നാല് തവണ ലോക ചാംപ്യൻമാരായ ജർമനി, തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകുന്നത്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ കിരീടം നേടിയശേഷം 2018ൽ റഷ്യയിലും ഇപ്പോൾ ഖത്തറിലും അവർ പ്രീക്വാർട്ടർ കാണാതെ മടങ്ങുന്നു.

2018ലെ റഷ്യന്‍ ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരെന്ന പകിട്ടോടെ എത്തിയ ജർമനിക്ക് സംഭവിച്ചത് വൻ വീഴ്ച. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോറ്റ (1-0) ജര്‍മനി, രണ്ടാം മത്സരത്തില്‍ സ്വീഡനെ പരാജയപ്പെടുത്തി (2-1) പ്രതീക്ഷ നിലനിര്‍ത്തി. പക്ഷേ, അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയോടു തോറ്റതോടെ (2-0) ജര്‍മനിയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

ഇത്തവണ ആദ്യ മത്സരത്തില്‍ ജപ്പാനോടു വഴങ്ങിയ തോല്‍വിയാണ് (2-1) ജര്‍മനിക്ക് തിരിച്ചടിയായത്. രണ്ടാം മത്സരത്തില്‍ സ്‌പെയ്‌നെതിരേ സമനില (1-1) മാത്രം നേടാന്‍ സാധിച്ച ജര്‍മനിക്ക് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. മാത്രമല്ല, ഇതേ സമയത്തു നടന്ന സ്പെയിൻ – ജപ്പാൻ മത്സരഫലവും നിർണായകമായി.

germany-fifa
ജർമൻ മുന്നേറ്റതാരം നിക്ലാസ് ഫുൾക്രഗിനെ പ്രതിരോധിക്കുന്ന കോസ്‌റ്ററിക്കൻ താരങ്ങൾ(Photo by Kirill KUDRYAVTSEV / AFP)

സ്‌പെയ്ന്‍ – ജപ്പാന്‍ മത്സരം സമനിലയിലായിരുന്നുവെങ്കില്‍ സ്‌പെയ്‌നൊപ്പം ജര്‍മനി പ്രീക്വാര്‍ട്ടറില്‍ കടക്കുമായിരുന്നു. സ്പെയിൻ ജയിച്ചാലും മുന്നേറാൻ അവസരമുണ്ടായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്ന്. സ്പെയിനെ ജപ്പാൻ അട്ടിമറിച്ചു. ഇതോടെ ഒരിക്കൽക്കൂടി ലോകകപ്പ് സ്വപ്നങ്ങൾക്ക് വിടനൽകി മടങ്ങാനായി ജർമനിയുടെ വിധി. പതിവിലും വീര്യത്തോടെ പൊരുതിയ മൊറോക്കോയ്ക്കെതിരെ ജീവൻമരണ പോരാട്ടം നടത്തി നാല് ഗോൾ അടിച്ചു കൂട്ടിയതും വിഫലമായി.

fuellkrug
കോസ്‌റ്ററിക്കൻ ഗോൾകീപ്പർ കെയ്‍ലര്‍ നവാസ്, ജർമൻ മുന്നേറ്റതാരം നിക്ലാസ് ഫുൾക്രഗ്: (Photo by Kirill KUDRYAVTSEV / AFP)

മൂന്നു കളികളിൽനിന്ന് സ്പെയിനൊപ്പം നാലു പോയിന്റായെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായതാണ് അവർക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ഇയിൽനിന്ന് കോസ്റ്ററിക്കയും പുറത്തായി. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാർട്ടറിലെത്തി.

English Summary: Costa Rica vs Germany result: Four-times champions out of 2022 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com