ദോഹ∙ ഫിഫ ലോകകപ്പിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചെങ്കിലും കാമറൂണിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു. ജി ഗ്രൂപ്പിൽ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂൺ. സ്വിറ്റ്‍സർലൻഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കു സെർബിയയെ കീഴടക്കിയതോടെ രണ്ടാം സ്ഥാനക്കാരായി സ്വിസ് പട പ്രീക്വാർട്ടർ ഉറപ്പിച്ചു. രണ്ടു വിജയവും ഒരു തോൽവിയുമായി സ്വിറ്റ്സര്‍ലൻഡിന് ആറു പോയിന്റുണ്ട്.
ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയാണു ബ്രസീലിന്റെ എതിരാളികൾ. ഡിസംബർ ഏഴിന് സ്വിറ്റ്സർലൻഡ് പോർച്ചുഗലിനെയും നേരിടും. 92–ാം മിനിറ്റിൽ വിൻസെന്റ് അബൂബക്കറാണ് കാമറൂണിനായി വിജയ ഗോൾ നേടിയത്. എന്‍ഗോം എംബെകെലിയുടെ വലതു ഭാഗത്തുകൂടിയുള്ള മുന്നേറ്റമാണു ഗോളിനു വഴിയൊരുക്കിയത്. എൻഗോം ബോക്സിലേക്കു നൽകിയ ക്രോസ് രണ്ട് ബ്രസീൽ സെന്റർ ബാക്കുകൾക്കു നടുവിൽനിന്ന് അബൂബക്കർ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. അതിവേഗത്തിൽ കുതിച്ചെത്തിയ ഹെഡർ നോക്കിനിൽക്കാനേ ബ്രസീൽ ഗോൾ കീപ്പർ എഡർസനു സാധിച്ചുള്ളൂ.

ആദ്യ പകുതിയിൽ ഗോളില്ല
ആദ്യ പകുതിയിൽ പത്ത് ഷോട്ടുകളും 68 ശതമാനം പന്തടക്കവുമായി ബ്രസീൽ മുന്നിട്ടുനിന്നു. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ ബ്രസീൽ താരം ആന്റണിയുടെ പാസിൽ സ്ലൈഡ് ചെയ്തുള്ള ഫ്രെഡിന്റെ ഗോൾ നീക്കം കാമറൂൺ പ്രതിരോധം പരാജയപ്പെടുത്തി. തൊട്ടുപിന്നാലെ ആന്റണി മറ്റൊരു മുന്നേറ്റം നടത്തുന്നതിനിടെ കാമറൂണിന്റെ നൗഹൗ ടോളോ ഫൗൾ ചെയ്തുവീഴ്ത്തി. ടോളോയ്ക്കു യെല്ലോ കാർഡ് കിട്ടി. തൊട്ടടുത്ത മിനിറ്റിൽ ബ്രസീലിന്റെ എഡര്‍ മിലിറ്റാവോയ്ക്കും യെല്ലോ കാർഡ് ലഭിച്ചു. 14–ാം മിനിറ്റിൽ ബ്രസീലിന്റെ മികച്ചൊരു മുന്നേറ്റം. പ്രതിരോധ താരങ്ങൾ നിറഞ്ഞ കാമറൂൺ ബോക്സിലേക്ക് ഫ്രെഡിന്റെ പാസ്. മാർട്ടിനെല്ലിയുടെ മികച്ചൊരു ഹെഡർ കാമറൂൺ ഗോൾ കീപ്പർ ഡേവിസ് എപസി തട്ടിയകറ്റി.
20–ാം മിനിറ്റിൽ കാമറൂണിന് മത്സരത്തിൽ ആദ്യ അവസരം ലഭിച്ചു. മാക്സിം ചൗപോ ബ്രസീലിന്റെ മൂന്നു പ്രതിരോധ താരങ്ങളെ മറികടന്ന് ബ്രസീൽ ബോക്സിലേക്കെത്തി. ഷൂട്ട് ചെയ്യും മുന്‍പ് മിലിറ്റാവോ ബ്രസീലിനെ രക്ഷപെടുത്തി. മാർട്ടിനെല്ലി കട്ട് ചെയ്തു നൽകിയ പന്തിൽ ഗബ്രിയേൽ ജെസ്യൂസിന്റെ ഫസ്റ്റ് ടൈം ഷോട്ട് കാമറൂൺ ഗോളി ബ്ലോക്ക് ചെയ്തു. 34–ാം മിനിറ്റിൽ ബ്രസീലിനായി ഡാനി ആല്‍വസിന്റെ ഷോട്ട് കാമറൂൺ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി. ആദ്യപകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ.
അബൂബക്കർ ഗോളിൽ കാമറൂൺ
രണ്ടാം പകുതിയിൽ 51–ാം മിനിറ്റില്‍ കാമറൂൺ താരം അൻഗ്വിസ, അബൂബക്കറിനു നൽകിയ ക്രോസ് മിലിറ്റാവോ തടുത്തിട്ടു. എംബുമോയ്ക്കു ലഭിച്ച പന്ത് വീണ്ടും അബൂബക്കറിലേക്കെത്തി. എന്നാൽ കാമറൂൺ താരത്തിന്റെ ഷോട്ട് ബ്രസീൽ പോസ്റ്റിനു ഭീഷണിയാകാതെ പുറത്തുപോയി. 53–ാം മിനിറ്റിൽ ബ്രസീൽ താരം ഗബ്രിയേൽ ജിസ്യൂസിന്റെ മികച്ചൊരു ഷോട്ട് കാമറൂണ്‍ ഗോളി എപസി പിടിച്ചെടുത്തു. 55–ാം മിനിറ്റിൽ ബ്രസീൽ ടീമില്‍ മൂന്നുമാറ്റങ്ങൾ വരുത്തി. ഫ്രെഡ്, റോഡ്രിഗോ, അലെക്സ് ടെല്ലസ് എന്നിവർക്കു പകരം ബ്രൂണോ ഗ്യുമാറെസ്, എവർടൻ റിബേറോ, മാർക്വിഞ്ഞോസ് എന്നിവരെ ബ്രസീൽ ഗ്രൗണ്ടിലിറക്കി. 58–ാം മിനിറ്റിൽ ഗ്യുമാറെസിന്റെ ഫ്രീകിക്കിൽ ആന്റണി ബോക്സിനു സമീപത്തുനിന്ന് കാമറൂൺ പോസ്റ്റ് ലക്ഷ്യമിട്ടു. എന്നാൽ കാമറൂൺ ഗോളി ഡൈവ് ചെയ്തു രക്ഷപെടുത്തി.

78–ാം മിനിറ്റിൽ കാമറൂണിന്റെ പകരക്കാരൻ താരം ടോകോ എകാംബി ബ്രസീലിന്റെ ഡാനി ആൽവസിനെ മറികടന്ന് ഒലിവിയൽ എൻചാമിനു പന്തു നൽകി. താരത്തിന്റെ ലോ ഷോട്ട് ബ്രസീൽ ഗോളി എഡർസൻ തട്ടിയകറ്റി. 89–ാം മിനിറ്റിൽ ബ്രസീൽ താരം പെഡ്രോയുടെ ഷോട്ടും ലക്ഷ്യത്തിലെത്താതെ പോയി. 90 മിനിറ്റ് നിശ്ചിത സമയം പിന്നിട്ടതോടെ ഒൻപതു മിനിറ്റാണ് മത്സരത്തിൽ അധിക സമയം അനുവദിച്ചത്. 92–ാം മിനിറ്റിൽ എന്‍ഗോം എംബെകെലിയുടെ ക്രോസിൽ അബൂബക്കറിന്റെ തകർപ്പൻ ഹെഡർ കാമറൂണിനെ മുന്നിലെത്തിച്ചു. ഫൈനൽ വിസില്‍ മുഴങ്ങിയതോടെ കാമറൂണിന് ആശ്വാസ ജയം. ജയിച്ചെങ്കിലും സെർബിയയ്ക്കെതിരെ സ്വിറ്റ്സർലൻഡ് വിജയിച്ചതോടെ കാമറൂൺ പ്രക്വാർട്ടർ കാണാതെ പുറത്തായി. ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ജി ഗ്രൂപ്പിൽ മൂന്നാമതാണ് കാമറൂൺ. ഗ്രൂപ്പ് ചാംപ്യൻമാരായ ബ്രസീൽ നേരത്തേ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.
English Summary: FIFA World Cup 2022, Brazil vs Cameroon Match Live Updates