ADVERTISEMENT

ദോഹ∙ പോളണ്ടിനെതിരായ മത്സരത്തിന്റെ 68–ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജന്റീനയ്ക്കായി നേടിയ ഗോളിൽ ചരിത്രം പിറന്നു! 27 പാസുകൾക്കൊടുവിലാണ് പന്ത് ഗോൾവല പുണർന്നത്. അൽവാരസ് ഉൾപ്പെടെ 10 കളിക്കാർ ആ പാസ് മാലയിൽ പങ്കാളികളായി. അൽവാരസ് ഒരിക്കൽ മാത്രമേ പന്തിൽ തൊട്ടിട്ടുള്ളൂ, അതു ഗോളിലേക്കുള്ള ഫൈനൽ ടച്ചായിരുന്നു! ഈ ഗോൾ ഓർമിപ്പിക്കുന്നത്, 16 വർഷം മുൻപ് ജർമനി ലോകകപ്പിൽ സെർബിയയ്ക്കെതിരെ അർജന്റീനയ്ക്കായി എസ്തബാൻ കാംബിയാസോ നേടിയ ഗോളിനെയാണ്. 24 പാസുകൾക്ക് ഒടുവിലായിരുന്നു കാംബിയാസോയുടെ ഗോൾ.

cambiasso
കാംബിയാസോ

നിർണായക പോരാട്ടത്തിൽ 2–0ന് പോളണ്ടിനെ കീഴടക്കിയപ്പോൾ, അലക്സിസ് മക്അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരായിരുന്നു അർജന്റീനയുടെ ഹീറോസ്. പരാജിതരായെങ്കിലും പോളണ്ടും ഗ്രൂപ്പ് സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയെ 2–1നു കീഴടക്കിയ മെക്സിക്കോയ്ക്കും പോളണ്ടിനും 4 പോയിന്റുണ്ട്. ഗോൾ വ്യത്യാസത്തിലെ മികവിൽ പോളണ്ട് യോഗ്യത നേടുകയായിരുന്നു.

ഷെസ്നിയും അർജന്റീന മുൻനിരയും തമ്മിലുള്ള പോരാട്ടമായിരുന്നു ആദ്യ പകുതിയെ ആകർഷമാക്കിയത്. തുടക്കം മുതൽ ആക്രമണത്തിരമാലകളുമായി അർജന്റീന മുന്നേറിയെങ്കിലും ഷെസ്നിയുടെ പ്രതിരോധം വൻമതിലായി. ഇടവേളയ്ക്കു മുൻപ് മാത്രം മെസ്സിയുടെ പെനൽറ്റി കിക്ക് ഉൾപ്പെടെ 7 ഷോട്ടുകളാണ് ഷെസ്നി തടഞ്ഞിട്ടത്.

SOCCER-WORLDCUP-POL-ARG/REPORT
അൽവാരസിന്റെ ഗോൾഷോട്ട്

ആക്രമണത്തിനു താൽപര്യമില്ലെന്ന മട്ടി‍ൽ സ്വന്തം ബോക്സിനു മുന്നിൽ പ്രതിരോധ ബസ് പാർക്ക് ചെയ്തിടുകയായിരുന്നു പോളണ്ട്. ഇതിനിടയിലൂടെ വിടവുകളുണ്ടാക്കി ഗോൾഷോട്ടുകൾ പായിക്കുകയെന്ന ദുഷ്കര ദൗത്യമാണ് അർജന്റീനയ്ക്കുണ്ടായിരുന്നത്. 47–ാം മിനിറ്റിൽ മിഡ്ഫീൽഡർ മക്അലിസ്റ്റർ, 68–ാം മിനിറ്റിൽ സ്ട്രൈക്കർ അൽവാരസ് എന്നിവരുടെ ബൂട്ടുകളിൽ നിന്നായിരുന്നു അർജന്റീനയുടെ ഗോളുകൾ. ആദ്യ പകുതിയിൽ ക്യാപ്റ്റൻ ലയണൽ മെസ്സി പെനൽറ്റി കിക്ക് പാഴാക്കിയതിനു ശേഷമാണ് അർജന്റീന 2 ഗോളും നേടിയത്.

English Summary: Julian Alvarez scored similar goal like Esteban Cambiasso scored 16 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com