ADVERTISEMENT

ദോഹ ∙ അർജന്റീനയ്ക്കെതിരെ 2–0നു പരാജയപ്പെട്ടതിനൊപ്പം പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നി 100 യൂറോയുടെ പന്തയത്തിലും തോറ്റു. അതും അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുമായി. മത്സരത്തിൽ വിവാദത്തിനിടയാക്കിയ പെനൽറ്റിയെക്കുറിച്ചായിരുന്നു പന്തയം. പോളണ്ടിന്റെ ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് തട്ടിയകറ്റാൻ ശ്രമിക്കുന്നതിനിടെ ഷെസ്നിയുടെ കൈ മെസ്സിയുടെ മുഖത്തു കൊണ്ടിരുന്നു. ഇതു ഫൗളാണെന്ന് അർജന്റീന താരങ്ങൾ വാദിച്ചു.

വിഎആർ പരിശോധനയ്ക്കായി റഫറി ഡാനി മാക്കെലി പോയപ്പോഴാണ് ഷെസ്നി 100 യൂറോയ്ക്ക് മെസ്സിയുമായി പന്തയം വച്ചത്. അതു ഫൗളല്ലെന്നും പെനൽറ്റി അനുവദിക്കില്ലെന്നുമായിരുന്നു ഷെസ്നിയുടെ വാദം. പക്ഷേ, റഫറി പെനൽറ്റി വിധിക്കുകയും ഷെസ്നി പന്തയത്തിൽ തോൽക്കുകയും ചെയ്തു. എന്നാൽ, മെസ്സി എടുത്ത പെനൽറ്റി കിക്ക് തടഞ്ഞിടാൻ ഷെസ്നിക്കു കഴി​ഞ്ഞു.

നിർണായക പോരാട്ടത്തിൽ 2–0ന് പോളണ്ടിനെ കീഴടക്കിയപ്പോൾ, അലക്സിസ് മക്അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരായിരുന്നു അർജന്റീനയുടെ ഹീറോസ്. പരാജിതരായെങ്കിലും പോളണ്ടും ഗ്രൂപ്പ് സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയെ 2–1നു കീഴടക്കിയ മെക്സിക്കോയ്ക്കും പോളണ്ടിനും 4 പോയിന്റുണ്ട്. ഗോൾ വ്യത്യാസത്തിലെ മികവിൽ പോളണ്ട് യോഗ്യത നേടുകയായിരുന്നു.

47–ാം മിനിറ്റിൽ മിഡ്ഫീൽഡർ മക്അലിസ്റ്റർ, 68–ാം മിനിറ്റിൽ സ്ട്രൈക്കർ അൽവാരസ് എന്നിവരുടെ ബൂട്ടുകളിൽ നിന്നായിരുന്നു അർജന്റീനയുടെ ഗോളുകൾ. ആദ്യ പകുതിയിൽ ക്യാപ്റ്റൻ ലയണൽ മെസ്സി പെനൽറ്റി കിക്ക് പാഴാക്കിയതിനു ശേഷമാണ് അർജന്റീന 2 ഗോളും നേടിയത്. ആദ്യപകുതിയിൽ ശക്തമായ പ്രതിരോധത്തിലൂടെ പിടിച്ചുനിന്ന പോളണ്ടിന്റെ ഗെയിം പ്ലാൻ രണ്ടാം പകുതിയിൽ തകർത്ത അർജന്റീന ഇടവേളയ്ക്കു തൊട്ടുപിന്നാലെയാണ് ലീഡ് നേടിയത്.

English Summary : Wojciech Szczesny lost bet with Lionel Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com