ADVERTISEMENT

ദോഹ ∙ 29 വർഷം മുൻപ് തങ്ങളുടെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞുപോയ അതേ നഗരത്തിൽ ജപ്പാന്റെ പ്രായശ്ചിത്തം. ലോകം അമ്പരപ്പോടെ കണ്ട ആ പ്രകടനത്തിന്റെ ചൂടേറ്റു പൊള്ളിയത് രണ്ട് മുൻ ലോകചാംപ്യന്മാർക്കാണ്. ജർമനിക്കും സ്പെയിനിനും. സ്പെയിനെ 2–1നു തോൽപിച്ച ജപ്പാൻ ഗ്രൂപ്പ് ഇ ജേതാക്കളായി പ്രീക്വാർട്ടറിലെത്തി. പരാജയപ്പെട്ടെങ്കിലും സ്പെയിനും യോഗ്യത നേടി. പക്ഷേ, മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതോടെ പുറത്തായ ജർമനി ഈ ലോകകപ്പിന്റെ ദുരന്ത സ്മൃതികളിലൊന്നായി.

ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ജപ്പാൻ സ്പെയിനെ അട്ടിമറിച്ചത്. ജപ്പാനു വേണ്ടി 48–ാം മിനിറ്റിൽ പകരക്കാരൻ റിറ്റ്സു ഡോവൻ, 51–ാം മിനിറ്റിൽ ആവോ തനാക്ക എന്നിവർ ഗോൾ നേടി. 12–ാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഹെഡറിൽ നിന്നായിരുന്നു സ്പെയിനിന്റെ ഗോൾ. 1993ൽ ദോഹയിൽ ഇറാഖിനെതിരെ നടന്ന മത്സരത്തിൽ 2–1നു മുന്നിൽ നിന്ന ശേഷം ഇൻജറി ടൈമിൽ സമനില വഴങ്ങിയതോടെ ജപ്പാന് 94 ലോകകപ്പ് യോഗ്യത നഷ്ടമായിരുന്നു. അന്ന് ജപ്പാൻ നിരയിലുണ്ടായ ഇപ്പോഴത്തെ ദേശീയ കോച്ച് ഹാജിമെ മൊറിയാസുവിന് ലോകകപ്പിൽ കളിക്കാനുള്ള സുവർണാവസരമാണ് ഇതോടെ നഷ്ടമായത്.

ഇക്കുറി പക്ഷേ, ദോഹയിൽ മൊറിയാസുവിന്റെ കണ്ണീർ വീണില്ല. ടിക്കി ടാക്കയുടെ മാജിക്കുമായി എത്തിയ സ്പെയിനെ നിലംപരിചാക്കാൻ വെറും 10 മിനിറ്റേ മൊറിയാസുവിന്റെ കുട്ടികൾക്കു വേണ്ടി വന്നുള്ളൂ. രണ്ടാം പകുതിയുടെ ആദ്യ സെക്കൻഡ് മുതൽ നടത്തിയ ഹൈപ്രസിങ് ഗെയിമിലൂടെ നേടിയ 2 മിന്നുന്ന ഗോളിലൂടെ അവർ സ്പെയിനിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ടു. മത്സരത്തിൽ 74% പന്തവകാശം നേടിയ സ്പെയിനിനെതിരെ വിടവില്ലാത്ത പ്രതിരോധമാണ് ജപ്പാനെ തുണച്ചത്. നിരന്തരം മുന്നേറിയ സ്പെയിൻ ഗോളിലേക്ക് തൊടുത്തത് 13 ഷോട്ടുകളാണ്. അവയിൽ 3 എണ്ണം ഓൺ ടാർഗറ്റ് ആയിരുന്നു. മറുവശത്ത് ജപ്പാന്റെ അക്കൗണ്ടിൽ 6 ഷോട്ടുകളേ ഉണ്ടായിരുന്നുള്ളൂ. അവയിൽ 3 ഓൺ ടാർഗറ്റായി.

ഇരമ്പിയെത്തിയ സ്പെയിനിനെതിരെ ജപ്പാന്റെ പ്രതിരോധത്തിന്റെ മുഖം മുപ്പത്തിനാലുകാരനായ ക്യാപ്റ്റൻ മായ യോഷിദയായിരുന്നു. ജപ്പാൻ 2–1നു മുന്നിൽ നിൽക്കെ, 90–ാം മിനിറ്റിൽ തുറന്ന ഗോൾമുഖത്തുനിന്ന് യോഷിദ അടച്ചകറ്റിയില്ലായിരുന്നെങ്കിൽ ടൂർണമെന്റിന്റെ വിധി തന്നെ മറ്റൊന്നായേനെ. സ്പെയിൻ സ്ട്രൈക്കർ മാർക്കോ അസെൻസിയോ ഭീഷണിയുയർത്തിയ ഘട്ടത്തിലും രക്ഷയ്ക്കെത്തിയത് യോഷിദ തന്നെ. 4 ഉജ്വല സേവുകളുമായി ഗോൾകീപ്പർ ഷുയ്ചി ഗോൻഡയും ജപ്പാന്റെ വിജയത്തിൽ നി‍ർണായക പങ്കുവഹിച്ചു.

ഖലീഫ സ്റ്റേഡിയത്തിൽ ജപ്പാന്റെ രണ്ടാമത്തെ മിന്നുന്ന ജയമായിരുന്നു ഇത്. രണ്ടു തവണയും ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു വിജയം. ജർമനിക്കെതിരെ 75, 83 മിനിറ്റുകളിൽ ഗോൾ നേടിയെങ്കിൽ സ്പെയിനിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അവർ ലക്ഷ്യം നേടി. അതുവഴി വിജയവും. തിങ്കാളാഴ്ച ക്രൊയേഷ്യയ്ക്കെതിരെയാണ് ജപ്പാന്റെ പ്രീക്വാർട്ടർ മത്സരം. അന്നും മറ്റൊരു അട്ടിമറി വിജയം നേടാനായാൽ ചരിത്രത്തിലാദ്യമായി ജപ്പാൻ ലോകകപ്പ് ക്വാർട്ടറിൽ ഇടം നേടും.

Content Highlight: Japan in pre quarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com