ADVERTISEMENT

ഗെറ്റ് ഔട്ട്! പേർഷ്യൻ പരവതാനി വിരിച്ച സോഫയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പോയി. പരിഭ്രമം കണ്ടിട്ടാവണം ഖാലിദ് അൽ സദ്ദാനി ചിരിച്ചു. സിറ്റ് ഡൗൺ ബോയ്! ദോഹയിൽ ഡ്രൈവറായ സുഹൃത്ത് ഷാജഹാന്റെ പരിചയത്തിൽ ഒരു ഖത്തറി വീട്ടിൽ കളി കാണാൻ പോയതാണ്. വലിയ സ്ക്രീനിൽ ജർമനി-ജപ്പാൻ മത്സരം. ഏതാണ് ഇഷ്ട ടീമെന്നു ചോദിച്ചപ്പോൾ ജപ്പാൻ എന്നു പറ‍‍ഞ്ഞതാണ് തെറ്റ്. ഖത്തറികളല്ലേ, ഏഷ്യൻ ടീമായ ജപ്പാനെയാകും ഇഷ്ടം എന്നു കരുതി തന്ത്രപരമായി പറ‍ഞ്ഞതാണ്. പക്ഷേ പാളിപ്പോയി.

ഖാലിദ് അൽ സദ്ദാനി കുവൈത്തുകാരനാണ്. കുറേ കാലം വളർന്നത് സ്പെയിനിലാണ്. അതു കൊണ്ടാണ് സ്പെയിനോട് ഇഷ്ടം. ഒന്നു മയപ്പെടുത്താം എന്നു കരുതി ചോദിച്ചു; ബാർസിലോനയാണോ ഇഷ്ട ടീം? അല്ല എന്നുത്തരം. എന്നാൽ പിന്നെ റയൽ മഡ്രിഡ്? അതുമല്ല. എന്റെ ടീം അത്‍ലറ്റിക്കോ മഡ്രിഡാണ്- പിന്നെയും ചിരി. ഓ, അതാണിത്ര കടുപ്പം. ഡിയേഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ ടീമിന്റെ പ്രതിരോധം പോലെത്തന്നെ!

ആദ്യത്തെ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ പിന്നെ ഒന്നാന്തരം സൽക്കാരമായി. തന്റെ ബിസിനസ് പങ്കാളിയായ ഖത്തറുകാരൻ അബ്ദുല്ല അൽ ബക്കറിയുടെ വീട്ടിൽ കളി കാണാനെത്തിയതാണ് ഖാലിദ് അൽ സദ്ദാനി. പ്രായം അറുപതിനോടടുത്തെങ്കിലും ജാക്കറ്റും ട്രാക്ക് പാന്റുമായി ചുള്ളൻ വേഷം. വീട്ടുകാരൻ അബ്ദുല്ല അൽ ബക്കറി ഉൾപ്പെടെ കൂടെയുള്ളവരെല്ലാം പരമ്പരാഗത അറബി വേഷത്തിൽ. അവരെല്ലാം ജപ്പാൻ അനുകൂലികൾ. അൽ സദ്ദാനി മാത്രം സ്പെയിൻ.

എന്നാൽ ജപ്പാൻ സ്പെയിനെതിരെ ജയിച്ചാൽ ജർമനി പുറത്താകും എന്നറിഞ്ഞതോടെ ആൾക്കു ചെറിയ ചാഞ്ചാട്ടമായി. ജർമനിയെ തീരെ ഇഷ്ടമല്ല. അവർ ലോക വേദിയിൽ ഖത്തറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരാണ്. കളി കഴിഞ്ഞു. ജപ്പാൻ അകത്ത്, ജർമനി പുറത്ത് എന്ന സന്തോഷത്തോടെ സലാം ചൊല്ലിപ്പിരിഞ്ഞപ്പോൾ നാളെ വരുമോ എന്ന അന്വേഷണം. നാളെ ബ്രസീലിന്റെ മത്സരം കാണാൻ പോകണം എന്നു പറ‍ഞ്ഞപ്പോൾ വീണ്ടും അതേ ചിരി. നിങ്ങൾ കേരളത്തിൽ നിന്നുള്ളവർക്ക് ബ്രസീലും അർജന്റീനയും കഴിഞ്ഞിട്ടല്ലേയുള്ളൂ എല്ലാം.!

Content Highlight: Spain vs Japan Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com