ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ കാമറൂണിനോട് അപ്രതീക്ഷിത തോൽവി നേരിട്ടതിനു പിന്നാലെ, ബ്രസീലിനു തിരിച്ചടിയായി ഗബ്രിയേൽ ജെസ്യൂസ്, അലക്സ് ടെല്ലാസ് എന്നിവർ പരുക്കേറ്റ് പുറത്ത്. കാമറൂണിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇരുവർക്കും ഈ ലോകകപ്പിൽ ഇനി കളിക്കാനാകില്ലെന്ന് ഉറപ്പായി. ഇരുവരുടെയും വലതു കാൽമുട്ടിനാണ് പരുക്കേറ്റത്. ഇവരെ ശനിയാഴ്ച രാവിലെ എംആർഐ സ്കാനിങ്ങിനു വിധേയരാക്കി.

ഖത്തർ ലോകകപ്പിൽ ഇരുവര്‍ക്കും തുടർന്നു കളിക്കാനാകില്ലെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ പ്രീക്വാർട്ടർ പോരാട്ടം.

പരുക്കേറ്റ സാഹചര്യത്തിൽ ആർസനൽ താരമായ ജെസ്യൂസും മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് വായ്പാടിസ്ഥാനത്തിൽ സെവിയ്യയ്ക്കു കളിക്കുന്ന അലക്സ് ടെല്ലാസം ഇനി ഖത്തറിൽ തുടരുമോയെന്നു വ്യക്തമല്ല. ഇരുവരും ചികിത്സയ്ക്കായി ക്ലബിലേക്കു മടങ്ങുമെന്നാണ് റിപ്പോർട്ട്.

സൂപ്പർതാരം നെയ്മാർ ഉൾപ്പെടെയുള്ളവർ പരുക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രസീലിന് കനത്ത തിരിച്ചടിയാണ് ഇരുവരുടെയും പരുക്ക്, നെയ്മാറിനു പുറമെ അലക്സ് സാന്ദ്രോ, ഡാനിലോ എന്നിവരും പരുക്കേറ്റ് പുറത്താണ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ മാത്രം കളിച്ച നെയ്മാർ അതിനുശേഷം പുറത്തിരിക്കുകയാണ്. ഡാനിലോയും ആദ്യ മത്സരത്തിൽ മാത്രം കളിച്ച് പരുക്കേറ്റ് പുറത്തായി. അലക്സ് സാന്ദ്രോയും പരുക്കുമൂലം അവസാന മത്സരത്തിൽ കളിച്ചിരുന്നില്ല.

English Summary: Brazil's Gabriel Jesus and Alex Telles ruled out of tournament with injuries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com