ADVERTISEMENT

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് ടീമുകളും ആരാധകരും പഠിച്ച വലിയ പാഠം ഇതാണ്- ആർക്കും ജയിക്കാം, ആരും തോൽക്കാം! പ്രവചനാതീതമായ മത്സരങ്ങൾ നിറ‍ഞ്ഞ രണ്ടാഴ്ചയാണ് ഖത്തറിലെ കഴിഞ്ഞു പോയത്. യുഎസിലെ നീൽസൺ ഗ്രേസ്നോട്ട് ഏജൻസിയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ 12 മത്സരങ്ങളുടെ ഫലങ്ങൾ അപ്രതീക്ഷിതമായിരുന്നു. അതിൽ പത്തെണ്ണം അപ്സെറ്റുകൾ (മത്സരം തുടങ്ങുന്നതിനു മുൻപ് 16.7 ശതമാനത്തിനും 33.3 ശതമാനത്തിനും ഇടയിൽ വിജയസാധ്യതയുണ്ടായിരുന്ന ടീമുകൾ ജയിച്ചു). രണ്ടെണ്ണം ഷോക്കുകളും (16.7 ശതമാനത്തിനു താഴെ വിജയസാധ്യതയുണ്ടായിരുന്ന ടീം ജയിച്ചു). അർജന്റീന-സൗദി അറേബ്യ, ബ്രസീൽ-കാമറൂൺ മത്സരങ്ങളാണത്. ഖത്തറിലെ ഗ്രൂപ്പ് ഘട്ടം ടീമുകളെ പഠിപ്പിച്ച കാര്യങ്ങളിതാ...

റാങ്കിൽ എന്തു കാര്യം?

ലോക റാങ്കിങ്ങിൽ 51-ാം സ്ഥാനത്തുള്ള സൗദി അറേബ്യ 3-ാം സ്ഥാനത്തുള്ള അർജന്റീനയെ വീഴ്ത്തിയതായിരുന്നു അട്ടിമറികളുടെ തുടക്കം. ജപ്പാൻ ആദ്യം ജർമനിയെയും പിന്നീട് സ്പെയിനെയും വീഴ്ത്തി. അതിനിടെ കോസ്റ്റാറിക്കയോടു തോൽക്കുകയും ചെയ്തു. മൊറോക്കോ ബൽജിയത്തിന്റെ വഴിയടച്ചു. ദക്ഷിണ കൊറിയ പോർച്ചുഗലിനെ തോൽപിച്ച് നോക്കൗട്ടിലേക്ക് വഴി തുറന്നു. തുനീസിയ ഫ്രാൻസിന്റെ കണ്ണു തുറപ്പിച്ചു. ഏറ്റവും ഒടുവിൽ ഫിഫ റാങ്കിങ്ങിൽ 43-ാം സ്ഥാനത്തു നിൽക്കുന്ന കാമറൂൺ ഒന്നാം സ്ഥാനക്കാരായ ബ്രസീലിനെ വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിലെ 3 കളികളും ജയിച്ച ഒരു ടീം പോലുമില്ല എന്നത് ഈ അട്ടിമറികളുടെ അനന്തരഫലം.

ആഫ്രോ-ഏഷ്യൻ മുന്നേറ്റം

ഏഷ്യൻ വൻകരയിൽ നടന്ന ലോകകപ്പിൽ ഏഷ്യൻ രാജ്യങ്ങളും അയൽക്കാരായ ആഫ്രിക്കൻ രാജ്യങ്ങളും മികവു തെളിയിച്ചു. ജപ്പാനും മൊറോക്കോയും ഗ്രൂപ്പ് ചാംപ്യൻമാരായി. ദക്ഷിണ കൊറിയയും ഏഷ്യൻ കോൺഫെഡറേഷനിൽ കളിക്കുന്ന ഓസ്ട്രേലിയയും ആഫ്രിക്കൻ ചാംപ്യൻമാരായ സെനഗലും രണ്ടാം സ്ഥാനക്കാരായി മുന്നേറി. സൗദി അറേബ്യ, തുനീസിയ, കാമറൂൺ എന്നിവരും അൽഭുതങ്ങൾ കാഴ്ച വച്ചപ്പോൾ പാടേ നിരാശപ്പെടുത്തിയത് ഖത്തർ. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു കളികളും തോറ്റു പുറത്താകുന്ന ആദ്യ ആതിഥേയരായി അവർ.

ഓഫ്സൈഡാണോ വാറേ..?

ഗോളടിച്ചാലും ആഘോഷിക്കാൻ കളിക്കാർ അമാന്തിച്ചു നിൽക്കുന്ന അവസ്ഥയായി ലോകകപ്പിൽ. വിഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധന കൂടി കഴിഞ്ഞാലേ ഗോളുറപ്പിക്കാനാവൂ. പെനൽറ്റി കിക്കുകളുടെ കാര്യവുമതേ. പലപ്പോഴും പെനൽറ്റി കിക്കുകൾ പരിശോധിക്കാൻ പോയി ഓഫ്സൈഡ് കണ്ടെത്തിയ അവസ്ഥയുമുണ്ടായി. ഈ ലോകകപ്പിൽ പുതുതായി നടപ്പാക്കിയ സെമി ഓട്ടമേറ്റഡ് ഓഫ്സൈഡ് ടെക്‌നോളജി കാര്യങ്ങൾ സൂക്ഷ്മവും ഒപ്പം സങ്കീർണവുമാക്കി. ഏറ്റവും ചർച്ചയായത് ജപ്പാൻ-സ്പെയിൻ മത്സരത്തിൽ പന്ത് എൻഡ് ലൈനിനു പുറത്തു പോയോ എന്ന കാര്യം.

ഓൾഡ് ഈസ് ഗോൾഡ്!

ലോക ഫുട്ബോളിൽ തൽക്കാലം ഇനിയൊരു സുവർണ തലമുറയില്ല! സമീപകാല ഫുട്ബോളിൽ ആ പട്ടം കൊണ്ടു നടന്നിരുന്ന ബൽജിയം പരിതാപകരമായ പ്രകടനവുമായി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടങ്ങി. എഫ് ഗ്രൂപ്പിൽ കാനഡയ്ക്കെതിരെ മാത്രമാണ് ബൽജിയം ജയിച്ചത്. അതും ഭാഗ്യത്തിന്! മൊറോക്കോയ്ക്കെതിരെ തോറ്റു, ക്രൊയേഷ്യയോടു സമനില വഴങ്ങി. കെവിൻ ഡിബ്രൂയ്നെയും ഏദൻ ഹസാഡും റൊമേലു ലുക്കാക്കുവും അടങ്ങുന്ന ടീം ആകെ അടിച്ചത് ഒരു ഗോൾ!

സമയം പോയി!

ഖത്തർ ലോകകപ്പിലെ പല ഗ്രൂപ്പ് മത്സരങ്ങളും ഇൻജറി ടൈം കൂടി വന്നപ്പോൾ 100 മിനിറ്റ് കടന്നു പോയി. വിഎആർ പരിശോധനയും കളിക്കാരുടെ പരുക്കുകളും മറ്റുമായി നഷ്ടപ്പെടുന്ന സമയമത്രയും പിന്നീട് അനുവദിക്കണമെന്ന് ഫിഫ റഫറിമാർക്ക് നിർദേശം നൽകിയതിന്റെ ഫലമാണിത്. ഇംഗ്ലണ്ട്-ഇറാൻ മത്സരത്തിന്റെ ആദ്യ പകുതിയിൽ റഫറി അനുവദിച്ചത് 15 മിനിറ്റ് അധിക സമയം. ഇറാനിയൻ ഗോൾകീപ്പർക്കു പരുക്കേറ്റതു മൂലമായിരുന്നു ഇത്. രണ്ടാം പകുതിയിൽ 14 മിനിറ്റും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലുമായി അനുവദിക്കപ്പെട്ടത് 552 ഇൻജറി ടൈം മിനിറ്റുകൾ. അതായത് ആറു മത്സരങ്ങളോളം!

English Summary : Fifa World-cup 2022 Group stage matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com