മുന്നറിയിപ്പ്... ബ്രസീലിനെതിരെ കാമറൂണിന് അട്ടിമറി വിജയം

ബ്രസീലിനെതിരെ ഗോൾനേടിയ കാമറൂൺ താരം വിൻസന്റ് അബൂബക്കറിന്റെ ആഹ്ലാദം.
SHARE

ലുസെയ്‌ൽ ∙ കഴിഞ്ഞ ദിവസം വരെ വിൻസന്റ് അബൂബക്കർ എന്ന ഫുട്ബോൾ താരത്തെ ബ്രസീൽ ആരാധകർ ഗൗനിച്ചു പോലും കാണില്ല. പക്ഷേ, ഒരു നിമിഷത്തെ മായാജാലം കൊണ്ട് ബ്രസീലിനെതിരെ കാമറൂണിന് അട്ടിമറി വിജയം നേടിക്കൊടുത്ത ഈ താരത്തെ അവർ ഇനി പെട്ടെന്നു മറക്കില്ല. ഗ്രൂപ്പ് ഇയിൽ തങ്ങളുടെ അവസാനത്തെ മത്സരവും ജയിച്ച് പ്രീക്വാർട്ടറിലേക്ക് അപരാജിത കുതിപ്പോടെ മുന്നേറാൻ എത്തിയ ബ്രസീലിനെ യാഥാർഥ്യങ്ങളുടെ ലോകത്തേക്കു തിരികെക്കൊണ്ടുവന്നത് ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ കാമറൂൺ ക്യാപ്റ്റൻ വിൻസന്റ് കുറിച്ച വിജയഗോളാണ്.

1–0ന് പരാജയപ്പെട്ടെങ്കിലും  6 പോയിന്റോടെ ഗ്രൂപ്പ് ജി ജേതാക്കളായിത്തന്നെ ബ്രസീൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡിനും 6 പോയിന്റുണ്ടെങ്കിലും ഗോൾവ്യതാസത്തിലെ മേധാവിത്തം ബ്രസീലിനെ തുണച്ചു. കാമറൂണും സെർബിയയും പുറത്തായി. ബ്രസീൽ– ദക്ഷിണ കൊറിയ പ്രീ ക്വാർട്ടർ 5നു നടക്കും. വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(1–0). ഈ അഭിമാന നിമിഷം ജഴ്സി ഊരി ആഘോഷിച്ച വിൻസന്റ് രണ്ടാം മഞ്ഞക്കാർഡും തുടർന്നു ചുവപ്പുകാർഡും കണ്ട് പുറത്താവുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ ആഫ്രിക്കൻ ടീമിനെതിരെ ബ്രസീൽ പരാജയപ്പെടുന്നത് ആദ്യമാണ്.

English Summary : Fifia World Cup Cameroon Won

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS