ഡംഫ്രീസ് സൂപ്പർ; യുഎസ്എയുടെ ചോരത്തിളപ്പിനു പരിചയസമ്പത്തു കൊണ്ട് മറുപടി

denzel-dumfries
നെതർലൻഡ്സിനായി മൂന്നാം ഗോൾ നേടിയ ഡെൻസൽ ഡംഫ്രീസിന്റെ ആഹ്ലാദം (Photo by ADRIAN DENNIS / AFP)
SHARE

ദോഹ ∙ യുഎസ്എയുടെ ചോരത്തിളപ്പിനു പരിചയസമ്പത്തു കൊണ്ട് നെതർലൻഡ്സിന്റെ മറുപടി. ആവേശകരമായ പോരാട്ടത്തിൽ യുഎസ്എയെ 3–1നു കീഴടക്കി നെതർലൻഡ്സ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്ന ആദ്യ ടീമായി. 10–ാം മിനിറ്റിൽ മെംഫിസ് ഡീപായ്, ഡേലി ബ്ലിൻഡ്(45+1), ഡെൻസൽ ഡംഫ്രീസ്(81’) എന്നിവരാണ് നെതർലൻഡ്സിന്റെ ഗോളുകൾ നേടിയത്. 76–ാം മിനിറ്റിൽ ഹാജി റൈറ്റ് യുഎസിനായി ഒരു ഗോൾ മടക്കി. 

അതിവേഗ കൗണ്ടർ അറ്റാക്കിൽ നിന്നാണ് നെതർലൻഡ്സിന്റെ ആദ്യ ഗോൾ പിറന്നത്. വലതു ഫ്ലാങ്കിൽ നിന്ന് ഡെൻസൽ ഡംഫ്രീസിന്റെ അതിവേഗ ക്രോസ് ബോക്സിന്റെ മധ്യഭാഗത്തേക്ക്. ഓടിയെത്തിയ തന്നെ മാർക്ക് ചെയ്യാൻ ആരുമില്ലെന്നു തിരിച്ചറിഞ്ഞ ഡീപായിയുടെ ബള്ളറ്റ് ഷോട്ട് ഗോൾവരയ്ക്കപ്പുറം കടന്നു(1–0).

ആദ്യ പകുതിയുടെ ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റ്. വലതുപാർശ്വത്തിൽ നെതർലൻഡ്സിനു ലഭിച്ച ത്രോയെത്തുടർന്ന് ബോക്സിനകത്തേക്കു ഡേവി ക്ലാസന്റെ പാസ് ഡംഫ്രീസിന്. ഡംഫ്രീസിന്റെ ക്രോസ് ബോക്സിലേക്ക്. ഇത്തവണ മാർക്ക് ചെയ്യപ്പെടാതിരുന്നത് നെതർലൻഡ്സ് മിഡ്ഫീൽഡർ ഡേലി ബ്ലിൻഡ്. നിലംപറ്റിയുള്ള വലംകാൽ ഷോട്ട് വലയിലെത്തുമ്പോൾ യുഎസ് ഗോൾകീപ്പർ മാറ്റ് ടേണർ നിസ്സഹായൻ(2–0).

പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ യുഎസ് ഡിഫൻഡർ ഡി ആന്ദ്രെ യെഡ്‌ലിന്റെ പാസ് വലതു വിങ്ങിൽ ക്രിസ്റ്റ്യൻ പുലിസിക്കിന്. ബോക്സിലേക്കു പുലിസിക് നൽകിയ ക്രോസ് തടയാ‍നെത്തിയ നെതർലൻഡ്സ് ഡിഫൻഡർമാർക്കിടയിൽ നിന്ന് ഹാജി റൈറ്റിന്റെ കാലി‍ൽത്തട്ടി പന്തു ഗോളിലേക്ക്(2–1).

dumfries-teun-koopmeiners
നെതർലൻഡ്‌സിന്റെ ട്യൂൺ കൂപ്മേനേഴ്‌സിനെ തോളിലേറ്റി ഗോൾ നേട്ടം ആഘോഷിക്കുന്ന ഡെൻസൽ ഡംഫ്രീസ് (Photo by ADRIAN DENNIS / AFP)

5 മിനിറ്റിനുള്ളിലായിരുന്നു ഡംഫ്രീസിന്റെ നിർണായക ഗോൾ. ബോക്സിനരികിൽ വച്ച് മെംഫിസ് ഡീപായുടെ പാസ് ബ്ലിൻഡിലേക്ക്. ബോക്സിന്റെ വലതു ഭാഗത്തേക്ക് ബ്ലിൻഡ് ഉയർത്തിയ ക്രോസിലേക്ക് ഓടിയേത്തിയ ഡംഫ്രീസിന്റെ ഇടംകാൽ ഷോട്ട് വലയുടെ ഇടതു മൂലയിൽ (3–1). 

ആകർഷകമായ ഫുട്ബോളിലൂടെ കളം നിറഞ്ഞു കളിച്ചിട്ടും പരാജയത്തോടെ മടങ്ങാനായിരുന്നു യുഎസിന്റെ വിധി. ഇരുപാതികളിലായി മനോഹരമായ ഒട്ടേറെ മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലും പ്രതിരോധത്തിലുമുള്ള പോരായ്മകൾ അവർക്കു വിനയായി.  കൗണ്ടർ അറ്റാക്കുകളിലൂടെയും മികച്ച ഒത്തിണക്കത്തിലൂടെയും തിരിച്ചടിച്ച ഓറഞ്ച് പടയെ മറികടക്കാനുള്ള മികവ് അവർക്ക് ഇല്ലാതെ പോയെങ്കിലും 4 വർഷത്തിനിടെ സ്വന്തം നാട്ടിൽ ലോകകപ്പ് അരങ്ങേറുമ്പോൾ മെച്ചപ്പെട്ട ടീമിനെ വാർത്തെടുക്കാൻ ഈ ടൂർണമെന്റിലെ പ്രകടനം യുഎസിനെ സഹായിച്ചേക്കും. 

dumfries-wc
ഡെൻസൽ ഡംഫ്രീസ് (Photo by ADRIAN DENNIS / AFP)

ഇടവേളയ്ക്കു മുൻപ് നെതർലൻഡ്സിനു 2 മികച്ച അവസരങ്ങളേ ലഭിച്ചുള്ളൂ. ഇരു തവണയും അവർ ലക്ഷ്യം കാണുകയും ചെയ്തു. യുഎസിന്റെ ചടുല മുന്നേറ്റങ്ങളും നെതർലൻഡ്സിന്റെ മിന്നൽ കൗണ്ടർ അറ്റാക്കുകളുമായി ആദ്യമിനിറ്റ്  മുതൽ മത്സരം ആവേശകരമായിരുന്നു.  നെതർലൻഡ്സ് മിന്നൽ പ്രത്യാക്രമണം തുടങ്ങിയതിനിടെയായിരുന്നു ഡീപായുടെ ഗോൾ.  ഇടവേളയോട് അടുത്തപ്പോൾ യുഎസിന്റെ പ്രതിരോധത്തിൽ വീണ്ടുമുണ്ടായ പിഴവാണ് ബ്ലിൻഡിന്റെ ഗോളിനു വഴി തുറന്നത്. രണ്ടാംപകുതിയിലും ഫിനിഷിങ്ങിലെ പ്രശ്നങ്ങൾ തുടരുന്നതിനിടെ ഹാജി റൈറ്റിലൂടെ ഒരു ഗോൾ മടക്കിയപ്പോൾ യുഎസിനു പ്രതീക്ഷ വർധിച്ചു.  5 മിനിറ്റിനകം ഡംഫ്രീസ് നെതർലൻഡ്സിന്റെ വിജയഗോൾ കുറിച്ചതോടെ യുഎസിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അസ്തമയമായി.

ഡെൻസൽ ഡംഫ്രീസ്

(വലതു വിങ് ബാക്ക്)

ക്ലബ്: ഇന്റർ മിലാൻ (ഇറ്റലി)

നെതർലൻഡ്സിനായി ഒരു ഗോൾ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഡെൻസൽ ഡംഫ്രീസാണ് യുഎസ്എയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം. വലതു വിങ്ങിലൂടെയുള്ള ഡംഫ്രീസിന്റെ നീക്കങ്ങളാണ് നെതർലൻഡ്സിന് മത്സരത്തിൽ ഗോളവസരങ്ങൾ തുറന്നത്. പ്രതിരോധിക്കുന്നതിനൊപ്പം പന്തുമായി വിങ്ങിലൂടെ അതിവേഗം കുതിക്കാനും കഴിയുന്ന താരം. നെതർലൻഡ്സിനായി 41 മത്സരങ്ങൾ കളിച്ച ഡംഫ്രീസ് 6 ഗോൾ നേടി. 2021ൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിലെത്തിയ ഡംഫ്രീസ് 48 മത്സരങ്ങളിൽ നിന്ന് 6 ഗോൾ നേടിയിട്ടുണ്ട്.

English Summary: Netherlands into quarter-finals after Dumfries volley caps win against USA

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS