ADVERTISEMENT

ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരെ മത്സരത്തിനിറങ്ങും മുൻപ് ഓസ്ട്രേലിയൻ കോച്ച് ഗ്രഹാം ആർനോൾഡും കളിക്കാരും എത്ര ഗൃഹപാഠം ചെയ്തിട്ടുണ്ടാകും- ലയണൽ മെസ്സിയെ പൂട്ടാൻ! അഹമ്മദ് ബിൻ അലി സ്റ്റേ‍ഡിയത്തിൽ ആദ്യ അര മണിക്കൂറിൽ അതു സാധിച്ചതിൽ അവർ ആശ്വസിച്ചു നിൽക്കേ ദാ വരുന്നു മെസ്സി ഗോൾ. ഓസ്ട്രേലിയൻ ബോക്സിനു വലതു പാർശ്വത്തിൽ കിട്ടിയ ഫ്രീകിക്കിൽ മെസ്സി തുടക്കമിട്ട മുന്നേറ്റം ലോകഫുട്ബോളിലെ വിഖ്യാതമായ ആ ഇടംകാലിൽ നിന്നു തന്നെ ഓസ്ട്രേലിയൻ താരങ്ങൾക്കിടയിലൂടെ ഗോൾ ലൈൻ കടന്നു. ആരാധകരെ ആവേശം കൊള്ളിച്ച ആ മെസ്സി ഗോൾ ഡീകോഡ് ചെയ്താൽ...

പൊസഷൻ 

ഉയരക്കാരായ ഓസ്ട്രേലിയൻ ഡിഫൻഡർമാർക്കു മുന്നിൽ ഏരിയൽ ബോളുകൾ ഫലിച്ചേക്കില്ല എന്നതിനാൽ കുറിയ പാസുകളിലൂടെ ബോക്സിലേക്കു കയറാനായിരുന്നു ആദ്യം അർജന്റീനയുടെ ശ്രമം. മെസ്സിയുടെ ഡയഗനൽ ക്രോസുകൾ ഓഫ്സൈഡ് കെണി മറികടന്ന് പിടിച്ചെടുക്കാൻ തക്കവിധം വേഗമുള്ള ഒരു വിങ്ങർ തങ്ങൾക്കില്ല എന്ന മുൻപാഠവും സ്കലോനിയെ ഈ വഴിക്കു ചിന്തിപ്പിച്ചു. സ്പെയിനിനെപ്പോലെ എതിർ ടീം ബോക്സിനു ചുറ്റും പാസുകൾ നെയ്തു കൂട്ടി ഒരവസരം കിട്ടുമ്പോൾ പാഞ്ഞു കയറാം എന്നായിരുന്നു അർജന്റീന തന്ത്രം. എന്നാൽ തങ്ങളുടെ അതിർത്തി വിടാതെ ഒരേ ലൈനിൽ കളിച്ച ഓസ്ട്രേലിയയുടെ നാല് ഡിഫൻഡർമാർ ഈ തന്ത്രം ചെറുത്തു. 

messi-argentina
ലയണൽ മെസ്സിയും സംഘവം വിജയം ആഘോഷിക്കുന്നു: ചിത്രം: നിഖിൽരാജ് ∙ മനോരമ

തേഡ്മാൻ 

ഒരു ഫ്രീകിക്കാണ് വഴി തുറന്നതെങ്കിലും മികച്ച പാസിങ്ങും പൊസഷനുമുള്ള ടീമുകൾ സമർഥമായി പയറ്റുന്ന ‘തേഡ്മാൻ’ തന്ത്രമാണ് അർജന്റീനയെ ഗോളിലെത്തിച്ചത്. രണ്ടു കളിക്കാർ തമ്മിൽ അതിവേഗത്തിലുള്ള വൺ ടു വൺ പാസുകൾക്കു ശേഷം ഫ്രീ ആയി നിൽക്കുന്ന മൂന്നാമതൊരാളെ കണ്ടെത്തുന്ന മാർഗമാണിത്. മെസ്സിയുടെ കിക്ക് ഓസ്ട്രേലിയൻ ഡിഫൻഡർ സൗട്ടർ ഹെഡ് ചെയ്തകറ്റിയത് പാപു ഗോമസിനു കിട്ടിയതിൽ തുടങ്ങുന്നു അത്.

പാപു അത് മെസ്സിക്കു മറിച്ച് വലത്തോട്ടു മാറുന്നു. തൽസ്ഥാനത്തു വന്ന മക്അലിസ്റ്ററിനാണ് മെസ്സി പന്തു തിരിച്ചു നൽകിയത്. മക്അലിസ്റ്റർ അതു ബോക്സിൽ ഫ്രീ ആയി നിന്ന ‘തേഡ്മാൻ’ ഓട്ടമെൻഡിക്കു നൽകുന്നു. സാധാരണ രീതിയിൽ ഓട്ടമെൻഡിയുടെ സ്ഥാനത്തു നിൽക്കുന്ന കളിക്കാരന് ഗോളിലേക്കു ഷൂട്ട് ചെയ്യാം. എന്നാൽ, അപ്പോഴേക്കും മെസ്സി ഓടിയെത്തുന്നതു കണ്ട ഓട്ടമെൻഡി ഒറ്റ ടച്ചിൽ തന്നെ പന്ത് മെസ്സിയുടെ മുന്നിലിട്ടു നൽകി. പന്തു ഒന്നു നീക്കി മെസ്സി പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലയിൽ. 

മെസ്സിയുടെ കാഴ്ച! 

മഹാഭാരതകഥയിലെ അർജുനനെപ്പോലെയാണ് മെസ്സിയുടെ കാഴ്ച. അമ്പുമായി ലക്ഷ്യം വച്ചു നിൽക്കവേ എന്തെല്ലാം കാണുന്നു എന്ന് ഗുരുവായ ദ്രോണർ ചോദിച്ചപ്പോൾ പക്ഷിയുടെ കണ്ണു മാത്രം എന്നായിരുന്നു അർജുനന്റെ മറുപടി. മറ്റു പല കളിക്കാരും എതിർ കളിക്കാരെയല്ലാം നോക്കി തലയുയർത്തി പന്തുമായി ഓടുമ്പോൾ മെസ്സി താഴേക്കു നോക്കിയാണ് ഓടുന്നത്.

കാണുന്നത് കളിക്കാർക്കിടയിലൂടെയുള്ള ഗ്യാപ്പുകളും. അങ്ങനെയൊരു നീക്കത്തിലാണ് ഓസ്ട്രേലിയൻ ഡിഫൻഡറുടെ കാലുകൾക്കിടയിലൂടെ മെസ്സി പന്തിനെ ഗോളിലേക്കു വിട്ടതും. സഹതാരങ്ങൾ എവിടെയുണ്ട്, എതിർ ഡിഫൻഡർമാർ എവിടെയുണ്ട് എന്നതെല്ലാം നേരിട്ടു കാണാതെ തന്നെ ഉൾക്കാഴ്ച്ചയിലൂടെ ഒരു മാപ്പ് പോലെ മെസ്സിയുടെ മനസ്സിലുണ്ടാകും.

English Summary : Passing strategy which lead to Messi Goal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com