ADVERTISEMENT

ദോഹ ∙ സ്റ്റേഡിയം 974ൽ മഞ്ഞക്കടലിരമ്പം തീർത്ത് ദക്ഷിണ കൊറിയയ്ക്കെതിരായ അനായാസ വിജയത്തോടെ ബ്രസീൽ ക്വാർട്ടറിലേക്ക്. ഖത്തർ ലോകകപ്പിൽ ഏറ്റവും ഏകപക്ഷീയമായി മാറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. ആദ്യപകുതിയിലായിരുന്നു ബ്രസീലിന്റെ നാലു ഗോളുകളും. വിനീസ്യൂസ് ജൂനിയർ (8), സൂപ്പർതാരം നെയ്മാർ (13, പെനൽറ്റി), റിച്ചാർലിസൻ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പയ്ക് സ്യൂങ് ഹോ നേടി.

ഡിസംബർ ഒൻപതിന് നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. പ്രീക്വാർട്ടറിൽ പൊരുതിക്കളിച്ച ജപ്പാനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ ക്വാർട്ടറിലെത്തിയത്. ജപ്പാനും ദക്ഷിണ കൊറിയയും പുറത്തായതോടെ, ഖത്തർ ലോകകപ്പിൽ ഇനി ഏഷ്യൻ ടീമുകൾക്ക് പ്രാതിനിധ്യമില്ല. ബ്രസീലിനായി 123–ാം മത്സരം കളിച്ച നെയ്മാറിന്റെ 76–ാം ഗോളാണ് കൊറിയയ്‌ക്കെതിരെ പിറന്നത്. ഇതിഹാസ താരം പെലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ നെയ്മാറിനു വേണ്ടത് ഒരേയൊരു ഗോൾകൂടി മാത്രം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾമാത്രം ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കുന്ന ബ്രസീലായിരുന്നു കളത്തിൽ. ആദ്യ മിനിറ്റു മുതൽ ഗോളിനായി സമ്മർദ്ദം ചെലുത്തിയ അവർ പലതവണ ലക്ഷ്യത്തിന് അടുത്തെത്തി. ബ്രസീലിന്റെ സമ്പൂർണാധിപത്യം കണ്ട ആദ്യ പകുതിയിൽ ദക്ഷിണ കൊറിയ വഴങ്ങിയ ഗോളുകൾ നാലിലൊതുങ്ങിയത് അവരുടെ ഭാഗ്യം. നാലു ഗോളടിച്ച് ആദ്യപകുതിയിൽ മുന്നിൽക്കയറിയതോടെ, ബ്രസീൽ പരിശീലകൻ ടിറ്റെ രണ്ടാം പകുതിയെ പരീക്ഷണങ്ങൾക്കുള്ള വേദിയാക്കി. പോസ്റ്റിനു മുന്നിൽ അലിസനെ ഉൾപ്പെടെ അദ്ദേഹം സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. ഇതിനിടെയാണ് ലോങ് റേഞ്ചറിൽനിന്ന് ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ പിറന്നത്.

∙ ഗോളുകൾ വന്ന വഴി

ബ്രസീൽ ആദ്യ ഗോൾ: വലതുവിങ്ങിലൂടെ റാഫീഞ്ഞ നടത്തിയ ഉജ്വലമായൊരു മുന്നേറ്റത്തിന്റെ ബാക്കിപത്രമായിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ. വലതുവിങ്ങിൽനിന്ന് കട്ട് ചെയ്ത് നൽകിയ പന്ത് തിരികെ വാങ്ങി ബോക്സിനുള്ളിലേക്ക് കടന്ന റാഫീഞ്ഞ പന്ത് നേരെ പോസ്റ്റിനു സമാന്തരമായി നീട്ടിനൽകി. റിച്ചാർലിസനും പക്വേറ്റയും ഉൾപ്പെടെയുള്ളവർക്ക് എത്തിപ്പിടിക്കാനാകാതെ പോയ പന്ത് നേരെ ബോക്സിനുള്ളിൽ ഇടതുഭാഗത്ത് വിനീസ്യൂസ് ജൂനിയറിന്. പന്തുമായി അൽപനേരം കാത്തുനിന്ന താരം, ഉന്നംപിടിച്ച് പന്ത് വലയിലേക്ക് പറഞ്ഞയച്ചു. സ്കോർ 1–0.

ബ്രസീൽ രണ്ടാം ഗോൾ: അഞ്ച് മിനിറ്റിനുള്ളിൽ ബ്രസീൽ രണ്ടാം ഗോളും നേടി. ഇത്തവണ ലക്ഷ്യം കണ്ടത് പരുക്കിൽനിന്ന് വിമുക്തനായി കളത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം നെയ്മാർ. ബ്രസീലിന് അനുകൂലമായി ലഭിച്ച പെനൽറ്റിയിൽ നിന്നായിരുന്നു സൂപ്പർതാരത്തിന്റെ ഗോൾ. ആദ്യ ഗോളിനു പിന്നാലെ കൊറിയൻ ബോക്സിലേക്ക് ഇരച്ചുകയറിയ ബ്രസീൽ താരങ്ങളെ തടയാനുള്ള ശ്രമത്തിനിടെ റിച്ചാർലിസനെ കൊറിയൻ താരം വീഴ്ത്തി. കിക്കെടുത്ത നെയ്മാർ, അനായാസം ലക്ഷ്യം കണ്ടു. സ്കോർ 2–0.

ബ്രസീൽ മൂന്നാം ഗോൾ: കളത്തിൽ ബ്രസീൽ സമ്പൂർണാധിപത്യം തുടരുന്നതിനിടെയാണ് ബ്രസീൽ മൂന്നാം ഗോൾ നേടിയത്. ദക്ഷിണ കൊറിയൻ ബോക്സിനുള്ളിൽ ബ്രസീൽ താരങ്ങളുടെ സ്കിൽ സർവത്ര തെളിഞ്ഞുകണ്ട നീക്കങ്ങൾക്ക് ഒടുവിലായിരുന്നു ഗോൾനേട്ടം. പന്തു തലയിലെടുത്ത് കൊറിയൻ ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി മാർക്വീഞ്ഞോസിനു മറിച്ച് റിച്ചാർലിസൻ മുന്നോട്ട്. മാർക്വീഞ്ഞോസിൽനിന്ന് പന്തു സ്വീകരിച്ച തിയാഗോ സിൽവയുടെ ത്രൂപാസ് റിച്ചാർലിസന്. ഓഫ്സൈഡ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ റിച്ചാർലിസൻ പന്ത് വലയിലാക്കി. സ്കോർ 3–0.

ബ്രസീൽ നാലാം ഗോൾ: മൂന്നാം ഗോളിന്റെ ആരവമടങ്ങും മുൻപേ ബ്രസീൽ നാലാമത്തെ വെടി പൊട്ടിച്ചു. പതിവുപോലെ ദക്ഷിണ കൊറിയൻ ബോക്സിലേക്ക് ബ്രസീൽ താരങ്ങളുടെ കൂട്ടത്തോടെയുള്ള മുന്നേറ്റം. ഒടുവിൽ ഇടതുവിങ്ങിൽ പന്തു സ്വീകരിച്ച് വിനീസ്യൂസ് ജൂനിയർ അത് കൊറിയൻ ബോക്സിനുള്ളിലേക്ക് തട്ടിയിട്ടു. താരങ്ങളുടെ കൂട്ടപ്പൊരിച്ചിലിനിടെ പന്തു പക്വേറ്റയുടെ വലംകാലൻ വോളി വലയിലേക്ക്. സ്കോർ 4–0.

ദക്ഷിണ കൊറിയ ആശ്വാസ ഗോൾ: ലോങ് റേഞ്ചറുകളിലൂടെ ലക്ഷ്യം ഭേദിക്കാനുള്ള കൊറിയൻ ശ്രമം വിജയിച്ചതോടെയാണ് അവർക്ക് ഒരു ഗോൾ മടക്കാനായത്. ദക്ഷിണ കൊറിയയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിനൊടുവിൽ ബ്രസീൽ താരങ്ങൾ അടിച്ചകറ്റിയ പന്ത് ബോക്സിനു പുറത്ത് പയ്ക് സ്യൂങ് ഹോയിലേക്ക്. പന്ത് കാലിൽക്കൊരുത്ത് പയ്ക് സ്യൂങ് പായിച്ച ബുള്ളറ്റ് ഷോട്ട് ബ്രസീൽ പ്രതിരോധക്കോട്ട പിളർന്ന്, ഗോൾകീപ്പർ അലിസന്റെ നീട്ടിയ കൈകളെയും മറികടന്ന് വലയിൽ കയറി. സ്കോർ 1–4.

∙ ടീമിനെ അഴിച്ചുപണിത് ടിറ്റെ

കാമറൂണിനെതിരായ മത്സരത്തിൽ തോറ്റ രണ്ടാം നിര ടീമിനെ വീണ്ടും ബെഞ്ചിലേക്കു മാറ്റിയ ബ്രസീൽ പരിശീലകൻ ടിറ്റെ, ആകെ വരുത്തിയത് 10 മാറ്റങ്ങൾ. കാമറൂണിനെതിരായ മത്സരത്തിൽ ആദ്യ ഇലവനിലുണ്ടായിരുന്നവരിൽ സ്ഥാനം നിലനിർത്തിയത് ഏദർ മിലിട്ടാവോ മാത്രം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച ടീമിൽ ദക്ഷിണകൊറിയ രണ്ടു മാറ്റങ്ങൾ വരുത്തി. സെർബിയയ്ക്കെതിരായ മത്സരത്തിൽ കണങ്കാലിനു പരുക്കേറ്റ നെയ്മാർ അടുത്ത രണ്ടു മത്സരങ്ങളും കളിച്ചിരുന്നില്ല.

English Summary: FIFA World Cup 2022, Brazil vs South Korea Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com