ADVERTISEMENT

അധ്വാനിച്ചു കളിച്ച സെനഗലിനെ അതിവേഗം കൊണ്ട് തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക് ഓടിക്കയറി! സെനഗലിന്റെ പവർ ഗെയിമിനു മുന്നിൽ അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെയാണ് ഇംഗ്ലണ്ട് മൂന്നു ഗോളും നേടിയത്. ജോർദൻ ഹെൻഡേഴ്സൺ (38-ാം മിനിറ്റ്), ഹാരി കെയ്ൻ (45+3), ബുകായോ സാക്ക എന്നിവരാണ് സ്കോറർമാർ. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നേരിടും. 

നിരന്തര മുന്നേറ്റങ്ങളുമായി സെനഗൽ സജീവമാക്കിയ പോരാട്ടത്തെ ആദ്യ പകുതിക്കു തൊട്ടു മുൻപാണ് ഇംഗ്ലണ്ട് അനുകൂലമാക്കിയെടുത്തത്. യുവതാരം ജൂഡ് ബെല്ലിങ്ങാമായിരുന്നു ആദ്യ രണ്ടു ഗോളുകളുടെയും ശിൽപി. 37-ാം മിനിറ്റിൽ ഹാരി കെയ്ൻ നീട്ടി നൽകിയ പന്തുമായി ഓടിക്കയറിയ ബെല്ലിങ്ങാം ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞു കട്ട് നൽകിയ പന്ത് ജോർദൻ ഹെൻഡേഴ്സൺ ഗോളിലേക്കു തിരിച്ചു വിട്ടു. ഇടവേളയ്ക്കു പിരിയാൻ നിമിഷങ്ങൾ ശേഷിക്കെ മൈതാനമധ്യത്തിൽ സെനഗൽ താരങ്ങളിൽ നിന്നു പിടിച്ചെടുത്ത പന്തുമായി വീണ്ടും ബെല്ലിങ്ങാമിന്റെ കുതിപ്പ്. 

edouard-mendy
സെനഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡി(Photo by Jewel SAMAD / AFP)

ബെല്ലിങ്ങാം നൽകിയ പന്ത് ഫിൽ ഫോഡൻ ക്യാപ്റ്റൻ കെയ്നു നൽകി. ഓട്ടത്തിനിടെ പന്തിനെ ഒരുക്കിയെടുത്ത് കെയ്നിന്റെ കൂൾ ഫിനിഷ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മറ്റൊരു  സൂപ്പർ ഫാസ്റ്റ് സ്പ്രിന്റിൽ ഇംഗ്ലണ്ട് ലീഡുയർത്തി. കെയ്നിന്റെ കാൽക്കൽ നിന്നു പോയ പന്ത് ഓടിപ്പിടിച്ച ഫിൽ ഫോഡൻ പന്തുമായി ഓടിക്കയറി. ഡ്രിബിൾ ചെയ്തു പാഞ്ഞ ഫോഡൻ നൽകിയ പന്ത് ബുകായോ സാക സെനഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡിയുടെ തലയ്ക്കു മുകളിലൂടെ ഉയർത്തി വിട്ടു. കളിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയർത്തിയ സെനഗലിന്റെ ചെറുത്തുനിൽപ് അവിടെ തീർന്നു. ആദ്യ പകുതിയിൽ  ഇസ്മായില സാറിന്റെ ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നിരുന്നു. മറ്റൊരു ശ്രമം ഇംഗ്ലിഷ് ഗോൾകീപ്പർ പിക്ഫഡ് രക്ഷപ്പെടുത്തുകയും ചെയ്തു. 

English Summary: Impressive England crush Senegal 3-0, set up quarter-final clash with France

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com