ADVERTISEMENT

ഓസ്ട്രേലിയയ്ക്കെതിരെ അർജന്റീനയുടെ വിജയത്തിന്റെ അലയടങ്ങും മുൻപേ ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽനിന്നു പുറത്തിറങ്ങി. നേരേ പാർക്കിങ് ഗ്രൗണ്ടിലേക്കു നടന്നപ്പോൾ അപ്പുറം കാറിനടുത്ത് ഒരാൾ. എവിടെയോ കണ്ട മുഖം എന്നു മനസ്സു പറ‍ഞ്ഞപ്പോഴേക്കും ബൾബ് കത്തി- ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട! മറഡോണയ്ക്കും മെസ്സിക്കുമിടയിൽ ലോക ഫുട്ബോളിൽ അർജന്റീനയുടെ പതാകാവാഹകനായിരുന്ന ഇതിഹാസതാരം. നോട്ടം കണ്ടിട്ടാവണം ബാറ്റി ഒന്നു ചിരിച്ചു. എന്നാലും ഒന്നുറപ്പു വരുത്തണമല്ലോ. ഉസ്താദ് ഹോട്ടൽ

സിനിമയിൽ മാമുക്കോയ ആസിഫ് അലിയോടു കുഞ്ചാക്കോ ബോബനല്ലേ എന്നു ശങ്കിച്ചു ചോദിക്കും പോലെ ചോദിച്ചു- ബാറ്റിസ്റ്റ്യൂട്ടയല്ലേ..? പിടികിട്ടിയല്ലേ എന്ന ഭാവത്തിൽ ബാറ്റി ചിരിച്ചു- യെസ്! നീളൻ മുടിയുമായി മൈതാനത്ത് ഒരു യവനദേവനെപ്പോലെ  വിലസിയിരുന്ന ബാറ്റിയല്ല ഇപ്പോൾ. മുടിയും താടിയുമെല്ലാം പറ്റെ വെട്ടി ഒരു കോച്ചിനെപ്പോലെയിരിക്കുന്നു. എന്നാലും ചതുരവടിവുള്ള താടിയിൽ നിന്ന് ആ മുഖം ഗണിച്ചെടുക്കാം. ദൈവമേ കുടുങ്ങിയോ എന്നൊരു ഭാവം ബാറ്റിയുടെ മുഖത്തുണ്ട്.

ഇന്ത്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ അൽഭുതവും. അദ്ദേഹത്തിനറിയില്ലല്ലോ ഒരു കാലത്ത് തന്നെ അനുകരിച്ച് മുടി നീട്ടി വളർത്തി പാടത്തും പറമ്പിലും പാഞ്ഞു നടന്നിരുന്ന ഇന്ത്യൻ കുട്ടികളുടെ കഥ. സെൽഫിയും ഫോട്ടോയുമെല്ലാം എടുത്തു കഴി‍ഞ്ഞതിനു ശേഷം ചോദിച്ചു- മെസ്സിയുടെ ഗോളിനെക്കുറിച്ച് ഒരു വാക്ക്? അതിനെക്കുറിച്ചു മാത്രം ചോദിക്കരുത്. കമന്റേറ്ററെന്ന നിലയിൽ ഒരു സ്പോർട്സ് ചാനലുമായി കരാറിലാണ്. കളിയെക്കുറിച്ച് ഒന്നും പറയാൻ വയ്യ- ബാറ്റി വിനയത്തോടെ പറഞ്ഞു. സാരമില്ല. അവിസ്മരണീയമായ ഒട്ടേറെ മൈതാനദൃശ്യങ്ങൾ സമ്മാനിച്ച താരത്തെ നിർബന്ധിക്കുന്നതെങ്ങനെ! 

English Summary : Argentina legend Gabriel Batistuta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com