ADVERTISEMENT

ദോഹ∙ കാമറൂണിനെതിരായ മത്സരത്തിൽ തോറ്റ രണ്ടാം നിര ടീമിനെ വീണ്ടും ബെഞ്ചിലേക്കു മാറ്റിയ ബ്രസീൽ പരിശീലകൻ ടിറ്റെ, 10 ഓളം മാറ്റങ്ങൾ‌ വരുത്തിയാണ് ദക്ഷിണ കൊറിയയെ ചുരുട്ടിക്കെട്ടിയത്. കാമറൂണിനെതിരെ രണ്ടാം നിര ടീമിനെ കളത്തിലിറക്കി തോൽവി വഴങ്ങിയതിനു ബ്രസീൽ ഏറെ പഴി കേട്ടെങ്കിലും അവർ ചരിത്രം രചിക്കുകയായിരുന്നു. ഇതുവരെ കളത്തിൽ ഇറങ്ങാത്ത മുഴുവൻ കളിക്കാർക്കും  കാമറൂണിനെതിരെ ടിറ്റെ അവസരം നൽകിയതോടെ ബ്രസീൽ ടീമിലെ 26 പേരും ലോകകപ്പിൽ കളിക്കുന്നുവെന്ന ചരിത്ര നേട്ടത്തിന്റെ തൊട്ടരുകിലെത്തി. തിങ്കളാഴ്ച ദക്ഷിണ കൊറിയയ്ക്കെതിരെ 80–ാം മിനിറ്റിൽ  4–1 ന് മുന്നിട്ടുനിൽക്കെ പ്രധാന ഗോളി അലിസനെ തിരികെ വിളിച്ച് മൂന്നാം ഗോൾ കീപ്പർ വെവേര്‍ട്ടനെ വലകാക്കാൻ നിയോഗിച്ച ടിറ്റെ ചരിത്രത്തിലേക്ക്  ബ്രസീലിനെ കൈപിടിച്ചുയർത്തി.

ബ്രസീലിനെയും പരിശീലകനെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ ബ്രസീലും ടിറ്റെയും ‘തനിത്തങ്ക’മാണെന്നു സമൂഹമാധ്യമങ്ങൾ കമന്റുകൾ ഉയർന്നു. ഇതോടെ ഒരു ലോകകപ്പില്‍ ടീമിലെ മുഴുവന്‍ താരങ്ങളെയും കളത്തിലിറക്കുന്ന ആദ്യ ടീമായി  ബ്രസീല്‍ മാറി. താരങ്ങള്‍ക്കിടയില്‍ സ്നേഹവും കൂട്ടായ്മയും സൃഷ്ടിച്ച പരിശീലകന്‍ ടിറ്റെയെ ഫുട്ബോള്‍ ലോകം വാഴ്ത്തിപ്പാടുകയാണ്. ലോകകപ്പിനെത്തി പകരക്കാരുടെ ബെഞ്ചിലിരുന്ന് നാട്ടിലേക്ക് മടങ്ങിയ ഒട്ടേറെ താരങ്ങൾ ഉണ്ടെങ്കിലും ബ്രസീൽ ടീമിലെ ഒരാളും ആ കൂട്ടത്തിൽ പെടില്ലെന്നുള്ളത് അഭിമാനകരമായ നേട്ടമായി. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പരിശീലകന്‍ തന്റെ ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും കളിക്കാന്‍ അവസരം നല്‍കുന്നത്. 

ഡിസംബര്‍ പതിനെട്ടിന് ബ്രസീല്‍ കപ്പുയര്‍ത്തിയാല്‍ 26 അംഗ ടീമിലെ എല്ലാവര്‍ക്കും അത് ഏറെ വൈകാരിക നിമിഷമായിരിക്കും, കാരണം എല്ലാവരുടെയും വിയര്‍പ്പ് തുള്ളികള്‍ ആ കപ്പിലുണ്ടാകും എന്നതുതന്നെ. മല്‍സരശേഷം ഇതിഹാസ താരം പെലെയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ടീം മൈതാനം വിട്ടത്.

neymar-brazil-wc

വിനിസ്യൂസ് ജൂനിയർ (7-ാം മിനിറ്റ്), നെയ്മാർ (13-പെനൽറ്റി), റിച്ചാലിസൺ (29), ലൂക്കാസ് പാക്കറ്റ (36) എന്നിവരാണ് ബ്രസീലിന്റെ സ്കോറർമാർ. 76-ാം മിനിറ്റിൽ സ്യൂങ് ഹോ പൈക്ക് കൊറിയയുടെ ഏകഗോൾ നേടി. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും. 

English Summary: Brazil is the first team in history to use all 26 players in World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com